കൊച്ചി: ദേശീയപാത വികസനത്തിനെതിരെ കത്ത് നൽകിയ ശ്രീധരൻപിള്ളയുടെ നടപടിയെ തുടർന്ന് സംഘപരിവാറിനുള്ളിൽ രോഷം പുകയുന്നു. വെൽഫെയർ പാർട്ടി അടക്കമുള്ള സംഘപരിവാർ വിരുദ്ധ സംഘടനകൾ നേതൃത്വം നൽകുന്ന ദേശീയ പാത സംരക്ഷണ സമിതി ഭാരവാഹി ഹാഷിം ചെന്നമ്പള്ളിയുടെ ആവശ്യമനുസരിച്ചാണ് കത്ത് നൽകിയതെന്നതാണ് പരിവാറിലെ പ്രതിഷേധത്തിന് കാരണമെന്നറിയുന്നു. കേന്ദ്ര സർക്കാർ പദ്ധതികളെ എതിർക്കുന്ന ഇത്തരം ശക്തികളുടെ ആവശ്യം അംഗീകരിച്ച് കത്ത് നൽകിയത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലാണ് പരിവാർ സംഘടനകളിൽ പലർക്കുമുള്ളത്.
ദേശീയ പാത ഉൾപ്പെടെയുള്ള വികസന പദ്ധതികളെല്ലാം കേരളത്തിൽ നടപ്പിലാക്കണമെന്നാണ് ബി.ജെ.പി ഉൾപ്പെടെയുള്ള സംഘ പരിവാർ സംഘടനകളുടെ നിലപാട്. അതേസമയം നിരവധി സംഘടനകൾ എൽ.എൻ.ജി ഉൾപ്പെടെയുളള നിരവധി പദ്ധതിളെ എതിർക്കാൻ രംഗത്തുവന്നിരുന്നു. പല മത സംഘടനകളും ഇവർക്ക് പിന്തുണയുമായി എത്തിയിരുന്നു. അപ്പോഴെല്ലാം നാട്ടിന് ഗുണകരമാവുന്ന വികസന പദ്ധതികൾ നടപ്പിലാക്കണമെന്നാണ് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് കടക വിരുദ്ധമായി വികസന വിരുദ്ധ ശക്തികൾക്ക് കരുത്തു പകരുന്ന നടപടിയായിപ്പോയി കത്ത് നൽകിയതെന്നാണ് പരിവാറിലെ പ്രവർത്തകരുടെ വാദം. ദേശീയ പ്രസ്ഥാനങ്ങളെ വിലക്കെടുക്കാൻ കഴിയുമെന്ന സന്ദേശമാണ് കത്ത് നൽകിയതിലൂടെ നൽകുന്നതെന്ന് ഒരു പ്രമുഖ പരിവാർ നേതാവ് പറഞ്ഞു. പാർട്ടിക്കുള്ളിൽ പോലും ഇക്കാര്യം ചർച്ച ചെയ്തില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഇത്തരമൊരു കത്ത് നൽകുമ്പോൾ പാർട്ടിയിൽ മാത്രമല്ല സംഘപരിവാർ നേതൃത്വത്തോടും ചർച്ച നടത്തണമായിരുന്നുവെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
അൽഫോൻസ് കണ്ണന്താനം നിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ കേന്ദ്ര തീരുമാനം റദ്ദ് ചെയ്തതും ഈ കാരണം മൂലമാണത്രെ. പാർട്ടിയിൽ അദ്ധ്യക്ഷൻ കഴിഞ്ഞാൽ താക്കോൽ സ്ഥാനത്തിരിക്കുന്ന സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം.ഗണേഷ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. പാർട്ടിയിൽ ഇക്കാര്യം ചർച്ച ചെയ്തോ എന്നറിയില്ലെന്ന് പാർട്ടി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് അനുകമ്പയോടെ പ്രതികരിച്ച ഏക രാഷ്ട്രീയ നേതാവ് പി.എസ്.ശ്രീധരൻ പിള്ള മാത്രമാണെന്ന് ഹാഷിം ചെന്നമ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |