കോട്ടയം : പി.ജെ. ജോസഫിനെ താത്കാലിക ചെയർമാനാക്കിയുള്ള സർക്കുലർ ഇറക്കി ജോസ് കെ. മാണി ഗ്രൂപ്പുകാരെ ഞെട്ടിച്ച പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോയ് എബ്രഹാം പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കാനും തടയാനും പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 'പാർട്ടിയുടെ ചെലവിൽ എം.എൽ.എയും എം.പിയുമായ ശേഷം പാർട്ടി അംഗങ്ങളുടെ താത്പര്യങ്ങൾക്കു വിരുദ്ധമായി ശത്രു പക്ഷത്തു ചേർന്നു വിഭാഗീയത സൃഷ്ടിച്ചതിനു പുറമേ തിരുവനന്തപുരത്ത് നൂറ് പേർക്കിരിക്കാവുന്ന ഹാളിൽ കെ.എം. മാണി അനുസ്മരണയോഗം നടത്തി സമുന്നത നേതാവിനോട് അനാദരവും നന്ദികേടും കാണിച്ചെന്ന ആരോപണവും ജോയ് എബ്രഹാമിനെതിരെ യോഗം ഉന്നയിച്ചു. യൂത്ത് ഫ്രണ്ടിനെ ഉപയോഗിച്ച് മറ്റു ചിലരാണ് പിന്നിൽ കളിക്കുന്നതെന്നാണ് ആരോപണം.
പാർട്ടി ഓഫീസ് ചുമതലയുള്ള ജനറൽസെക്രട്ടറിയാണ് ജോയ് എബ്രഹാം. ചെയർമാനെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന കമ്മിറ്റി വിളിക്കുന്നതടക്കം ഉന്നത നേതാക്കളുടെ യോഗം വിളിക്കാൻ പി.ജെ. ജോസഫ്, ജോയ് എബ്രഹാം എന്നിവർക്കാണ് അധികാരം. ഇത് മുന്നിൽ കണ്ടാണ് ജോയ് എബ്രഹാമിനെതിരെയുള്ള പടപ്പുറപ്പാട്.
സൈബർ വിംഗിന്റെ
പ്രവർത്തനം മരവിപ്പിച്ചു
ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത പൊട്ടിത്തെറികൾക്കിടെ പാർട്ടി സൈബർ വിംഗിന്റെ പ്രവർത്തനവും മരവിപ്പിച്ചു. സോഷ്യൽ മീഡിയാ കോ ഓർഡിനേറ്റർ സ്ഥാനത്തു നിന്നു ജയകൃഷ്ണൻ പുതിയേടത്തിനെ ഒഴിവാക്കി. ജോസ് കെ. മാണിയുടെയും ഭാര്യ നിഷാ ജോസ് കെ. മാണിയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു സൈബർ വിംഗിന്റെ പ്രവർത്തനം.
സൈബർ വിംഗിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ജോയ് എബ്രഹാം നിയമനടപടിക്കൊരുങ്ങി. ഇത് മനസിലാക്കി സൈബർ പ്രവർത്തനം മരവിപ്പിച്ചുവെന്നാണ് പ്രചാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |