കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പാലാ നിയമസഭാ സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിനെ രംഗത്തിറക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി പ്രാദേശിക ഘടകം. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ബി.ജെ.പി കോട്ടയം പാർലമെന്റ് തിരഞ്ഞെടുപ്പ് വിശകലന യോഗത്തിൽ ഇതിനെതിരെ വിമർശനം ഉയർന്നു. പി.സി. ജോർജിനെതിരെയും വിമർശനം ഉണ്ടായി.
സ്വയം മകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിമർശനമാണ് ഉയർന്നത്. മക്കൾ രാഷ്ട്രീയം ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിക്ക് ചേർന്നതല്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കത്ത് അയയ്ക്കാനാണ് ഒരു വിഭാഗം പാർട്ടി നേതാക്കളുടെ നീക്കം. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ് എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം ഉയർന്നത്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ പി.സി. ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം പാർട്ടി എൻ.ഡി.എയ്ക്കായി പ്രചാരണ രംഗത്ത് സജീവമായിരുന്നു. ജനപക്ഷം പ്രവർത്തകർ ഒന്നിച്ച് അണിനിരന്നതിനാൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന് 30,000 വോട്ട് അധികമായി ലഭിക്കുമെന്ന് പി.സി.ജോർജ് അവകാശപ്പെടുകയും ചെയ്തിരുന്നു. അതിനിടെയാണ് പാലായിൽ ഷോൺ ജോർജിന്റെ പേര് ഉയർന്നുവന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ബി.ജെ.പി 25,000 ഓളം വോട്ടുകൾ നേടിയിരുന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് ഹരിയാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കരുത്തനായ സ്ഥാനാർത്ഥിയെ നിറുത്തി മണ്ഡലം പിടിക്കുകയാണ് ഉദ്ദേശ്യം. കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമായ പാലായിൽ അവിടത്തെ ജനങ്ങളുമായി വ്യക്തിബന്ധമുള്ള ഒരു നേതാവിനെ രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചന. സ്ഥാനാർത്ഥി ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇതുസംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |