തിരുവനന്തപുരം: "ശബരിമലയിൽ യുവതികളെ ഒളിച്ചു കടത്തി നവോത്ഥാനം ശക്തിപ്പെടുത്തുന്നതിനോടും അവർക്കു യോജിപ്പില്ലെന്ന്" പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കർ. മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ കൊച്ചുമകൻ മിഥുൻ ഇമ്മാനുവേൽ ജോസഫും കുമ്മനത്തിനൊപ്പം ശബരിമല ദർശനം നടത്തിയിരുന്നു. ഇതിൽ പ്രതികരിച്ചാണ് ജയശങ്കർ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വാമിയേ ശരണമയ്യപ്പ!
മുതിർന്ന മാർക്സിസ്റ്റ് നേതാവും മുൻ കേന്ദ്ര കമ്മറ്റി അംഗവുമായ സഖാവ് എം.എം ലോറൻസിൻ്റെ മകളുടെ മകൻ മിലൻ ഇമ്മാനുവൽ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി സായൂജ്യം നേടി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനായിരുന്നു ഗുരുസ്വാമി. ലോറൻസ് സഖാവിനെ പോലെ ഭൗതിക വാദിയോ നിരീശ്വരവാദിയോ അല്ല, മകൾ ആശ. ഈശ്വര വിശ്വാസിയും ക്ഷേത്രവിശ്വാസിയുമാണ്. അപ്പൂപ്പന്റെ വിഭക്തിയേക്കാൾ അമ്മയുടെ ഭക്തിയോടാണ് മിലനു താല്പര്യം. ശബരിമലയിൽ യുവതികളെ ഒളിച്ചു കടത്തി നവോത്ഥാനം ശക്തിപ്പെടുത്തുന്നതിനോടും അവർക്കു യോജിപ്പില്ല.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആശയ്ക്ക് കേരള ചെറുകിട വ്യവസായ വികസന കോർപറേഷനിൽ കരാർ നിയമനം ലഭിച്ചത്. ഈ സർക്കാർ അത് ദിവസക്കൂലിയാക്കി പരിഷ്കരിച്ചു. കഴിഞ്ഞ ഒക്ടോബർ 30ന് മിലൻ ബിജെപിയുടെ ശബരിമല സമരത്തിൽ പങ്കെടുത്തു; സിഡ്കോ ആശയുടെ സേവനം മതിയാക്കി. വാർത്ത പത്രത്തിലും ടിവിയിലും വന്നപ്പോൾ പിരിച്ചുവിടൽ താല്ക്കാലികമായി മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ആശയെ വീണ്ടും പിരിച്ചു വിട്ടു. ഇപി ജയരാജനെ കണ്ടു പരാതി പറഞ്ഞപ്പോൾ, 'രക്ഷയില്ല, പാർട്ടി തീരുമാനമാണ്' എന്നായിരുന്നു മറുപടി. പോരാട്ടം തുടരാനാണ് ആശയുടെയും മിലന്റെയും തീരുമാനം. എല്ലാ സുമനസുകളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. കലിയുഗ വരദനായ ഭഗവാൻ ശ്രീ ധർമശാസ്താവിൻ്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും.
നവോത്ഥാന പൊരുളേ ശരണമയ്യപ്പാ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |