പാറ്റ്‌ന: ഗാന്ധിഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണന്ന് വിശേഷിപ്പിച്ച ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാ സിംഗിനെ ബി.ജെ.പിയിൽ നിന്നും പുറത്താക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. ഗാന്ധി ഘാതകനെ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രസ്‌താവന തനിക്ക് അംഗീകരിക്കാനാവില്ല. ഇത് തികച്ചും അപലപനീയമാണ്. പ്രഗ്യയ്‌ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ബി.ജെ.പിയാണ്. അത് അവരുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ഗോഡ്‌സെ പരാമർശത്തിൽ പ്രഗ്യയ്‌ക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതിൽ തന്റെ പ്രതിഷേധം അറിയിക്കാനാണ് ബി.ജെ.പിയുടെ സഖ്യകക്ഷികൂടിയായ നിതീഷ് കുമാർ ഇത്തരത്തിൽ പ്രസ്‌താവന നടത്തിയതെന്നാണ് സൂചന.
അതേസമയം, പ്രഗ്യയുടെ പ്രസ്‌താവനയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ പരസ്യമായി പറയുന്നതിന് പകരം മുന്നണി ബന്ധം അവസാനിപ്പിക്കുകയാണ് നിതീഷ് കുമാർ ചെയ്യേണ്ടിയിരുന്നതെന്ന് ആർ.ജെ.ഡി നേതാവ് റാബ്റി ദേവി ആവശ്യപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന മക്കൾ നീതി മെയ്യം നേതാവ് കമലഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രഗ്യ വിവാദ പരാമർശം നടത്തിയത്. 'നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്ക് നോക്കണം. അവർക്ക് തക്ക മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും' പ്രഗ്യ പറഞ്ഞു. പരാമർശത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വൻ പ്രതിഷേധം ഉയർന്നു. പ്രഗ്യയെ തള്ളിയ ബി.ജെ.പി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വിവാദപ്രസ്താവന പിൻവലിച്ച് പ്രഗ്യാ സിംഗ് ഠാക്കൂർ മാപ്പു പറഞ്ഞു. മാലഗാവ് സ്‌ഫോടനകേസിൽ പ്രതിയായ പ്രഗ്യ ഇത്തരം വിവാദ പ്രസ്താവനകൾ പലതവണ നടത്തിയിട്ടുണ്ട്. മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെയെ ശപിച്ചിരുന്നെന്നും അയോദ്ധ്യയിൽ ബാബ്രി മസ്ജിദ് പൊളിച്ചതിൽ താനും പങ്കെടുത്തിരുന്നുവെന്നും പ്രഗ്യ പ്രസ്താവിച്ചിരുന്നു. തുടർന്ന് പ്രചാരണത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഗ്യയെ വിലക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |