
വാഷിംഗ്ടൺ: വെനസ്വേലയിൽ വ്യോമാക്രമണം നടത്തി ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടർന്നാൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ ഉയത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ സന്തുഷ്ടനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്നും എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്നലെ എയർഫോഴ്സ് വണിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചെന്ന് അമേരിക്കൻ കമാൻഡർ ഇൻ ചീഫും അറിയിച്ചു. 'അവർ എന്നെ സന്തോഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അടിസ്ഥാനപരമായി മോദി നല്ലവനാണ്. ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്കറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അവർ വ്യാപാരം ചെയ്യുന്നു. അമേരിക്കയ്ക്ക് അവരുടെ മേൽ അതിവേഗം തീരുവ ഉയർത്താൻ സാധിക്കും'-ട്രംപ് കൂട്ടിച്ചേർത്തു.
ആഭ്യന്തര ഊർജ്ജ സുരക്ഷയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അത്യാവശ്യമാണെന്ന് ഇന്ത്യ ന്യായീകരിച്ചിട്ടും അമേരിക്ക വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിനിടയിലാണ് ട്രംപ് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. താരിഫ് സംബന്ധമായ സംഘർഷങ്ങൾ തുടരുന്നുണ്ടെങ്കിലും ഉഭയകക്ഷി വ്യാപാര ബന്ധങ്ങളിൽ ആക്കം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മോദിയും ട്രംപും ഫോണിലൂടെ ചർച്ച ചെയ്തിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ പുതിയൊരു ചർച്ച ആരംഭിക്കുന്നതിനിടയിലായിരുന്നു ഈ ആഹ്വാനം.
അതേസമയം, വെനസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇന്ത്യയും പ്രതികരണം രേഖപ്പെടുത്തിയിരുന്നു. വെനസ്വേലയിലെ സംഭവ വികാസങ്ങൾ വളരെയധികം ആശങ്കാജനകമെന്നും സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ പ്രതികരിച്ചു. പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഇന്ത്യ അഭ്യർത്ഥിച്ചു. വെനസ്വേലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ശനിയാഴ്ച രാത്രി തന്നെ പൗരന്മാർക്ക് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു. അവിടെയുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |