ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും അനായാസ വിജയം നേടി അധികാരത്തിൽ തിരിച്ചെത്താനാവുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ബദൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷ പാർട്ടികൾ. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ സഖ്യത്തിന് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ഇന്ന് നായിഡു കൂടിക്കാഴ്‌ച നടത്തി. രാഷ്ട്രീയ പരമായ ചില കാര്യങ്ങൾ ചർച്ച ചെയ്‌തുവെന്നും ഡൽഹിയിലെത്തി തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ മമതയോട് ആവശ്യപ്പെട്ടുവെന്നും നായിഡു പിന്നീട് പ്രതികരിച്ചു. നായിഡുവിന്റെ നേതൃത്വത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ പദ്ധതിയിടുന്നതായും വിവരമുണ്ട്.
അതേസമയം, ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിച്ച എക്‌സിറ്റ് ഫോൾ പ്രവചനങ്ങൾ ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് അധികാരം പിടിക്കുമെന്നും വ്യകതമാക്കിയിരുന്നു. എന്നാൽ ഈ പ്രവചനങ്ങളെ തള്ളിയ നായിഡുവും പ്രതിപക്ഷ നേതാക്കളെ കണ്ട് തന്റെ 'മിഷൻ സ്‌റ്റോപ്പ് ബി.ജെ.പി' തുടരുകയാണ്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, ശരത് പവാർ, അരവിന്ദ് കേജ്‌രിവാൾ, ഇടത് നേതാക്കൾ തുടങ്ങിയവരുമായി നായിഡു ചർച്ച നടത്തുന്നുണ്ട്. ബദൽ സർക്കാർ രൂപീകരിക്കുന്നതിൽ ഉപരി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കമ്മിഷൻ സുതാര്യത വരുത്തണമെന്നാണ് നായിഡുവിന്റെ ആവശ്യം. പകുതി വിവിപാറ്റ് രസീതുകൾ എണ്ണുന്നതിനെ കമ്മിഷൻ എതിർക്കുന്നത് എന്തിനാണെന്നും നായിഡു ചോദിക്കുന്നു. എല്ലാ വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുമായി ബന്ധിപ്പിക്കേണ്ടതായിരുന്നു. ഇപ്പോൾ ലോകം മുഴുവൻ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ കള്ളക്കളിയെക്കുറിച്ച് ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം ശക്തിപ്പെടുന്നത്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും ബി.ജെ.പിക്ക് മാത്രം വീഴുന്ന രീതിയിൽ യന്ത്രത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും ഒരു രീതിയിലും ഹാക്കിംഗ് നടത്താനാവില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാദിക്കുന്നത്. ഇതിന് പിന്നാലെ പകുതി വിവിപാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 5 ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ശതമാനം വിവിപാറ്റുകൾ എണ്ണാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ വീണ്ടും പുനപരിശോധനയുമായി പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
കോൺഗ്രസ് - ബി.ജെ.പി ഇതര സർക്കാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ നേതാക്കളെ അദ്ദേഹം സന്ദർശിച്ചിരുന്നു. അതേസമയം, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതിയും ഇന്ന് കൂടിക്കാഴ്‌ച നടത്തി. ഇരുവരുടെയും പാർട്ടികൾ ചേർന്ന് രൂപീകരിച്ച മഹാസഖ്യത്തിന് ഉത്തർപ്രദേശിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കാനാവില്ലെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. എന്നാൽ അടുത്ത ഘട്ടത്തിലേക്ക് ചുവട് വയ്‌ക്കാൻ ഞങ്ങൾ തയ്യാറാണെന്ന തലക്കെട്ടിൽ ഇരുവരും ഫോട്ടോ പോസ്‌റ്റ് ചെയ്‌തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതേസമയം, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റുകയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്‌താൽ എന്ത് സംഭവിക്കുമെന്ന തരത്തിലുള്ള ചർച്ചകളും തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തിന് മുന്നിലുള്ള സാധ്യതകൾ ഇതൊക്കെയാണ്.
രാഹുലിനെ പ്രധാനമന്ത്രിയാക്കാം - അതിന് കോൺഗ്രസിന് 150ന് മുകളിൽ സീറ്റ് വേണം
2014-ൽ 45 സീറ്റ് മാത്രം നേടിയ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ 150 സീറ്റ് എന്ന ഗോപുരപ്രതീക്ഷയിലേക്ക് എത്തുമോ എന്ന് കാത്തിരുന്നു കാണണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ വികാരം അത്രത്തോളം ശക്തമാണെന്നാണ് ഈ സാഹചര്യത്തിന് അർത്ഥം. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾക്ക് എല്ലാവർക്കും കൂടി ലോക്‌സഭയിൽ 204 ആയിരുന്നു അംഗബലം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തിസ്ഗഢ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം കാര്യമായ മുന്നേറ്റമുണ്ടാക്കാനായെങ്കിലേ കോൺഗ്രസിന്റെ ഈ സ്വപ്‌നം ഫലം കാണൂ. അങ്ങനെ സംഭവിക്കുന്നെങ്കിൽ രാഹുൽ പ്രധാനമന്ത്രിയായേക്കും. എന്നാൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി നിർണായക ശക്തിയാകുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ.
മൂന്നാം യു.പി.എ സർക്കാർ - അതിന് കോൺഗ്രസ് ബി.ജെ.പി ഇതര ഒറ്റകക്ഷിയാകണം
കോൺഗ്രസ് ഏറ്റവും വലിയ ബി.ജെ.പി ഇതര കക്ഷിയാകുന്നെങ്കിൽ, പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ മൂന്നാം യു.പി.എ സർക്കാരിന് വഴി തെളിയും. രാഹുൽ പ്രധാനമന്ത്രിയാകുന്നതിനോട് ടി.എം.സി, ആർ.ജെ.ഡി, ബി.എസ്.പി എന്നീ വലിയ പ്രാദേശിക കക്ഷികൾ എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകം. അതേസമയം, ഇടതു കക്ഷികൾ ഉൾപ്പെടെ മറ്റുളള്ളവർ രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്‌ക്കും. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ ബന്ധം അവസാനിപ്പിച്ച വൈ.എസ്.ആർ കോൺഗ്രസ് എന്ത് നിലപാടെടുക്കുമെന്നത് ഈ ഘട്ടത്തിൽ നിർണായകമാകും.
അപ്രതീക്ഷിത പ്രധാനമന്ത്രി ? തന്ത്രം പിഴച്ചാൽ മോദി തന്നെ
കോൺഗ്രസ് നൂറു സീറ്റിൽ ഒതുങ്ങുകയും, ബി.ജെ.പി ഒരിക്കൽക്കൂടി നിർണായക മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പോലും കോൺഗ്രസിന് സർക്കാർ രൂപീകരണം സാദ്ധ്യമാകില്ല. കോൺഗ്രസിനും ബി.ജെ.പിക്കും കൂടി ചേർത്ത് 280 സീറ്റ് മാത്രം ലഭിക്കുകയും, പ്രാദേശിക കക്ഷികൾ ഒരുമിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് പൊതു സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കോൺഗ്രസിന് ആ നീക്കത്തെ പിന്തുണയ്‌ക്കാനേ കഴിയൂ. 1996-ൽ എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായ മാതൃകയിൽ മൂന്നാംമുന്നണി ഭരണത്തിനുള്ള സാദ്ധ്യത തീരെ ചെറുതല്ല. അപ്പോൾ ഒരു അപ്രതീക്ഷിത പ്രധാനമന്ത്രി അവതരിച്ചേക്കും. ബി.ജെ.പിയെ തടുക്കാനാണെങ്കിൽ പ്രധാനമന്ത്രി പദം ഉൾപ്പെടെ ത്യജിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ സൂചന നൽകിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |