തിരുവനന്തപുരം : രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്ന മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗവർണർ ആർ.വി. ആർലേക്കർ. ഭാരതാംബ എന്നത് രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ലെന്ന് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. രാജഭവനിലെ പരിപാടിയിൽ നിന്ന് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും കത്തിൽ വിമർശിച്ചു. ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയിൽ നിന്നുയർന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവർണർ പറയുന്നു.
സർക്കാർ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ല. ഇനിയുള്ള പരിപാടികളിൽ ഇത് ഒഴിവാക്കണം. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. എന്നുമാണ് മുഖ്യമന്ത്രി ഗവർണർക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടേത് പാടില്ല.ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിലുള്ള സർക്കാരിന്റെ പ്രതിഷേധം അറിയിക്കുന്നെന്നും കത്തിലുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഗവർണറെ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
ഭാരതാംബ ചിത്രം ഉപയോഗിച്ചതിനെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ ചടങ്ങ് സർക്കാർ റദ്ദാക്കിയിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പുരസ്കാരദാന ചടങ്ങിൽ ഭാരതാംബ ചിത്രമുള്ളതിനാൽ മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ബുധനാഴ്ച ഗവർണർ പങ്കെടുത്ത കേരള സർവകലാശാല സെനറ്റ് ഹാളിലെ സ്വകാര്യചടങ്ങിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലി വൻ സംഘർഷമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |