SignIn
Kerala Kaumudi Online
Saturday, 02 July 2022 4.47 PM IST

കോലം മാറിയ കാലം; വർഷം...

photo

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം പറഞ്ഞുപറഞ്ഞ് തേഞ്ഞുപോയ പ്രയാേഗങ്ങളായി. എല്ലാ പേമാരിക്കാലത്തും വരൾച്ചക്കാലത്തും ശാസ്ത്രജ്ഞരും കാലാവസ്ഥാ ഗവേഷകരും ഇതെല്ലാം ആവർത്തിക്കും. എല്ലാ കാലാവസ്ഥാപ്രശ്നങ്ങൾക്കും കാരണം ആഗോളതാപനമാണോ? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനാവുന്നില്ല എന്നത് മറ്റൊരു കാര്യം. ഒട്ടുമിക്ക കാലാവസ്ഥാപ്രശ്നങ്ങൾക്കും കാരണം ആഗോളതാപനമാണെന്നത് പരക്കെ സമ്മതിക്കുന്ന വസ്തുതയുമാണ്. രണ്ട് വർഷം തുടർച്ചയായി പ്രളയം വന്നപ്പോഴാണ് ഈ ചർച്ചകളും ഗവേഷണങ്ങളും കൂടുതൽ ചർച്ചാവിഷയമായത്.

ഈ വർഷം കാലവർഷം നേരത്തെയാകുമെന്ന് പ്രവചിക്കുകയും വേനൽക്കാലത്ത് തന്നെ കനത്ത മഴ പെയ്യുകയും ചെയ്തതോടെ വീണ്ടും ആഗോളതാപനം ചർച്ചയാവുകയാണ്. അറബിക്കടലിൽ തീരമേഖലയിലെ ഉപരിതല താപനിലയിലെ വർദ്ധനവും തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം കൂടിയതുമാണ് കേരളത്തിലെ മഴയെ സ്വാധീനിക്കുന്ന ഘടകങ്ങളാവുന്നതെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ തീരമേഖലയിൽ 'കൂമ്പാര മഴമേഘം' കൂടിവരുന്നു. അങ്ങനെ പേമാരിയ്ക്കും പ്രളയത്തിനുമെല്ലാം വഴിയൊരുങ്ങുന്നു.

മഴ രൂപീകരണം വേഗത്തിലാക്കുന്നതിനൊപ്പം മഴവെള്ളത്തിന്റെ അളവ് കൂട്ടുന്നതിനും 'കൂമ്പാര മഴമേഘം' കാരണമാകുന്നുണ്ട്. പഠനം പുറത്തുവന്നതോടെ ഈയാണ്ടിലും കാലവർഷം പെയ്തുതിമിർക്കുമെന്ന് കാലാവസ്ഥാ ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിലെ മഴമേഘങ്ങളിലെ ഇത്തരം മാറ്റം കാലാവസ്ഥ പ്രവചനാതീതമാക്കുകയും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യാമെന്നുമാണ് പഠനം പറയുന്നത്. 'നേച്ചർ' മാഗസിന്റെ പോർട്ട്‌ഫോളിയോ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും വ്യത്യാസം സംഭവിച്ചതായി പറയുന്നു. വെള്ളം കൂടുതൽ വഹിക്കുന്ന ഇത്തരം മേഘങ്ങൾ കുത്തനെ ഉയരത്തിൽ വ്യാപിച്ച് ശക്തിപ്പെടുകയും സാധാരണഗതിയിൽ ഉയർന്ന മേഘപാളികളിൽ കാണപ്പെടുന്ന ഐസ് ക്രിസ്റ്റലുകൾ ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉണ്ടാകുമ്പോൾ, മഴ ഉണ്ടാകുന്ന പ്രക്രിയ കൂടും. സ്വാഭാവികമായി മഴ വെള്ളവും കൂടും. കൂമ്പാരമേഘങ്ങളുടെ രൂപീകരണവും തുടർന്നുണ്ടായ മേഘവിസ്‌ഫോടനവുമാണ് പ്രളയത്തിന് കാരണമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രളയ മുന്നൊരുക്കങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

കൂമ്പാരമേഘങ്ങൾ

അപകടം

ഉയരത്തിൽ വളർന്ന് ശക്തിപ്പെടുന്ന മേഘങ്ങളാണ് 'കൂമ്പാരമേഘങ്ങൾ'. ജലം വഹിക്കാൻ ശേഷി കൂടുതലുള്ള മേഘങ്ങളാണിത്. എട്ട് കിലോമീറ്ററോളമാണ് സാധാരണമേഘങ്ങളുടെ ഉയരം. അതിനേക്കാൾ ഇരട്ടി ഉയരമുള്ള മേഘങ്ങൾ കൂടുന്നതാണ് അപകടകരമാകുന്നത്. ഇടിമിന്നൽ ശക്തിപ്രാപിക്കുന്നതിനും മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള ശക്തമായ മഴയ്ക്കും ഇത് കാരണമാകുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സാധാരണഗതിയിൽ മൺസൂൺ കാലത്ത് പാളീമേഘങ്ങളാണ് കേരളതീരത്ത് കാണപ്പെടുക. എന്നാൽ അടുത്ത ദശകങ്ങളിലായി സംവഹനപ്രക്രിയ വഴി രൂപം കൊള്ളുന്ന കൂമ്പാരമേഘങ്ങളുടെ രൂപീകരണ പ്രക്രിയ വർദ്ധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇക്കാരണം കൊണ്ടാണ് ഇടിവെട്ടും മിന്നലും മേഘവിസ്‌ഫോടനവുമെല്ലാം സാധാരണമാകുന്നത്. ഇത്തരത്തിലുള്ള സൂചന മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട പഠനമുണ്ടായിരുന്നില്ല. കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ ചൂണ്ടിക്കാട്ടുന്നു.

എല്ലാം തകിടം

മറിച്ച് മഴ

അപ്രതീക്ഷിതമായ വേനൽമഴ കാർഷികരംഗത്തെ മാത്രമല്ല, ഉത്സവങ്ങളേയും വരെ തകിടം മറിക്കുന്നുണ്ട്. തൃശൂർ പൂരത്തിനിടെ മഴ പെയ്തത് വലിയ പ്രത്യാഘാതമാണ് തൃശൂരിലുണ്ടാക്കിയത്. വെടിക്കെട്ട് മൂന്ന് തവണ മാറ്റിവെച്ചു. വെടിമരുന്നുകൾക്ക് സുരക്ഷ ഒരുക്കാൻ തന്നെ ലക്ഷങ്ങൾ ചെലവിട്ടു. പൊലീസ് സേനയെ കൂടുതലായി വിന്യസിക്കേണ്ടി വന്നു. പോയവർഷങ്ങളിലും പൂരം വെടിക്കെട്ടുകൾ മാറ്റിവെയ്ക്കാൻ കാരണമായത് മഴയാണ്. 2005 ൽ കനത്ത മഴയെ തുടർന്ന് കുടമാറ്റവും വെടിക്കെട്ടും അടക്കം മാറ്റി. 2010 ൽ മഴകാരണം വെടിക്കെട്ടിന്റെ സമയം മാറ്റി. 2014 ലും മഴമൂലം സാമ്പിൾ വെടിക്കെട്ട് മുടങ്ങി. കുടമാറ്റത്തിന് പതികാലത്തിൽ തുടങ്ങിയ മഴ രാത്രിപ്പൂരത്തിന് കൊട്ടിക്കയറിയതോടെ വെടിക്കെട്ട് ത്രിശങ്കുവിലായിരുന്നു. 79 മില്ലി മീറ്ററിലെ മഴയാണ് ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ബുധനാഴ്ച രാവിലെ 8.30 വരെ പെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്തമഴ 200 മില്ലീമീറ്ററിലേക്കാണെത്തുന്നത്. കുടമാറ്റത്തിനിടെ മഴ ശക്തമായിരുന്നെങ്കിൽ ആൾക്കൂട്ടത്തിന്റെ നിയന്ത്രണം പാളിപ്പോകുമായിരുന്നു.

ദുരന്തസാദ്ധ്യതയും

ജാഗ്രതയും

മഴ പ്രളയത്തിനും പ്രകൃതിദുരന്തങ്ങൾക്കും വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം എക്കാലവും വെല്ലുവിളിയാണ്. രണ്ടുവർഷം പ്രളയമുണ്ടായപ്പോൾ പ്രളയകാലത്തെ പാഠങ്ങൾ ഉൾക്കൊണ്ടാണ് സിവിൽ ഡിഫൻസ് രൂപം കൊടുത്തത് അതിനുവേണ്ടിയായിരുന്നു. പൊതുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വോളന്റിയർ സംവിധാനമായ സിവിൽ ഡിഫൻസ് കൊവിഡ് കാലത്തും ഫലപ്രദമായി. പരിചയസമ്പത്തുകൂടി ആർജ്ജിച്ചതോടെ ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സംഘത്തിന്റെ ഇടപെടൽ നിർണായകമാകും.

തൃശൂർ ജില്ലയിൽ മാത്രം 350 ലേറെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം കരുത്താവുന്നത് 500 ലേറെ സിവിൽഡിഫൻസ് അംഗങ്ങളാണ്. ഇവർ കൈകോർക്കുന്നതോടെ ദുരന്തമേഖലകളിലെ രക്ഷാദൗത്യം മുൻവർഷങ്ങളേക്കാൾ കാര്യക്ഷമമാകും. 900 ഒാളം രക്ഷാപ്രവർത്തകർ രംഗത്തിറങ്ങാൻ തയ്യാറായതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് വേഗവും ഫലപ്രാപ്തിയുമുണ്ടാകുമെന്ന ആശ്വാസത്തിലാണ് അധികൃതർ. ദുരന്തസാദ്ധ്യതാ മേഖലകളായി ചാലക്കുടി പുഴ, അതിരപ്പിളളി, വാഴാനി, ചിമ്മിനി ഡാം പരിസരങ്ങൾ, മറ്റ് പുഴയോരങ്ങൾ, തീരദേശമേഖലകൾ എന്നിവിടങ്ങളിലെല്ലാം സേന സജീവമായുണ്ടാകും. എല്ലാ ഫയർസ്റ്റേഷനുകളിലേയ്ക്കും കൂടുതൽ ജീവൻരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മരം മുറിയ്ക്കുന്നതിനുളള ഉപകരണങ്ങളും വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടരവർഷക്കാലമായി മഴക്കെടുതിയിലും വെള്ളക്കെട്ടിലും പെട്ടവരെ വീടുകളിൽനിന്ന് മാറ്റി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക, ദുരന്തസാഹചര്യങ്ങളിൽ വയോധികർക്ക് വീടുകളിലേക്ക് സാധനങ്ങൾ വാങ്ങി കൊടുക്കുക, റേഷൻ വാങ്ങിനൽകുക, ഒറ്റപ്പെട്ട് കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുക, കാറ്റിൽവീണ മരങ്ങൾ മുറിയ്‌ക്കാൻ സേനയെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് സേന സജീവമായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.