സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യാത്ര മാർഗമാണ് ട്രെയിൻ. ചെലവ് കുറഞ്ഞ സുഖകരമായ യാത്രയായതിനാലാണിത്. എന്നാൽ ഇന്ത്യയിൽ സെവൻ സ്റ്റാർ ഹോട്ടൽ പോലെ അത്യാഡംബരം നിറഞ്ഞ ഒരു ട്രെയിനുണ്ട്. 'മഹാരാജ എക്സ്പ്രസ്' എന്നാണ് ട്രെയിനിന്റെ പേര്. ഇതിനെ വെറുമൊരു ട്രെയിൻ എന്ന് വിശേഷിപ്പിക്കാനാകില്ല മറിച്ച് സഞ്ചരിക്കുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലാണിത്.
2010ലാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ ആർ സി ടി സി) ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. വിദേശത്തുനിന്ന് വരുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഇത് തുടങ്ങിയത്. അതിഥികൾക്ക് രാജകീയ അനുഭവം നൽകുകയായിരുന്നു ഉദ്ദേശം.
കൊട്ടാരത്തോട് സാമ്യമുള്ളതാണ് മഹാരാജ എക്സ്പ്രസിന്റെ ഉൾവശം. രാജകീയ സ്യൂട്ടുകൾ, ഡീലക്സ് ക്യാബിനുകൾ, സ്‌പെഷ്യൽ ഡൈനിംഗ് കാർ, ബാർ കാർ തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ഉണ്ട്. ഓരോ ക്യാബിനിലും കുളിമുറി, എൽസിഡി ടിവി, ഇന്റർനെറ്റ് കണക്ഷൻ, പേഴ്സണൽ അറ്റൻഡന്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡൽഹി, ആഗ്ര, ജയ്പൂർ, ഉദയ്പൂർ, ജോധ്പൂർ, വാരണാസി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഈ ട്രെയിൻ കടന്നുപോകുന്നു. യാത്രക്കാർക്ക് എല്ലായിടത്തും രാജകീയ സ്വീകരണം നൽകുന്നു. രാജകീയ വിരുന്നുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നു.
മഹാരാജ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെ നിരക്കാണ് ഈടാക്കുന്നത്. യാത്രാ പാക്കേജ്, ക്യാബിൻ, യാത്രാ ദിവസങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിരക്ക് തീരുമാനിക്കുന്നത്. ഏറ്റവും ചെലവേറിയ പാക്കേജ് 'പ്രസിഡൻഷ്യൽ സ്യൂട്ട്' ആണ്. അതിൽ യാത്രക്കാർക്ക് പൂർണ്ണമായും രാജകീയ അനുഭവം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |