SignIn
Kerala Kaumudi Online
Wednesday, 30 September 2026 7.54 AM IST

ഗ്യാൻവാപി പള്ളിയിൽ നിസ്‌കാരം തടയരുത്: സുപ്രീംകോടതി; ശിവലിംഗം കണ്ട ഭാഗം സംരക്ഷിക്കണം

palli

ന്യൂഡൽഹി: വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവ്യാപി പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന ഭാഗം സംരക്ഷിക്കുന്നതിനൊപ്പം, വിശ്വാസികൾക്ക് പതിവുപോലെ തടസം കൂടാതെ നിസ്കരിക്കാൻ സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിശദവാദത്തിനായി ഹർജി നാളേയ്ക്ക് മാറ്റി. നാളെത്തന്നെ മറുപടി നൽകാൻ യു.പി സർക്കാരിനും ഹിന്ദു കക്ഷികൾക്കും നോട്ടീസ് ഉത്തരവായി.

പള്ളിയിൽ വീഡിയോ സർവേയ്‌ക്ക് അനുമതി നൽകിയ വാരണാസി കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് മാനേജ്മെന്റ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പള്ളിയിൽ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും പ്രാർത്ഥനയ്ക്കുള്ള മുസ്ലിം മതവിഭാഗത്തിന്റെ അവകാശം തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കാര്യങ്ങൾ സന്തുലിതമാകണമെന്നാണ് കോടതി പറഞ്ഞത്.

. വാരണാസി കോടതി നിർദ്ദേശം സമുദായിക സൗഹാർദ്ദം തകർക്കുന്നതും ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതുമാണെന്ന് പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ ഹ്യൂസേഫ അഹമ്മദി ചൂണ്ടിക്കാട്ടി. നിസ്കാരത്തിന് മുമ്പ് അംഗസ്നാനം നടത്താൻ വെള്ളം ശേഖരിക്കുന്ന ഭാഗത്താണ് ശിവലിംഗം കണ്ടതെന്നും ആരെങ്കിലും അവിടെ കടന്നാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും യു.പി സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയിരുന്നു.

#അഡ്വക്കേറ്റ് കമ്മിഷണറെ മാറ്റി

ഗ്യാൻവാപി പള്ളി സമുച്ചയത്തിലെ വീഡിയോ സർവേയുടെ റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ മൂന്നംഗ അഡ്വക്കേറ്റ് കമ്മിഷനിലെ അജയ് മിശ്രയെ വാരണാസി സിവിൽ കോടതി നീക്കി. റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കമ്മിഷന് രണ്ടു ദിവസം കൂടി അനുവദിച്ചു.

മേയ് 14 മുതൽ 16വരെ നടത്തിയ സർവേയിലെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ശിവലിംഗം കണ്ടെന്ന വാർത്ത തിങ്കളാഴ്ച പുറത്തുവന്നത്. റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും അസിസ്റ്റന്റ് കമ്മിഷണർമാരായ അഡ്വ. വിശാൽ സിംഗും അഡ്വ. അജയ് പ്രതാപ് സിംഗും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് സിവിൽ ജഡ്ജി രവികുമാർ ദിവാകർ രണ്ടു ദിവസം കൂടി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MOSQ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360