SignIn
Kerala Kaumudi Online
Saturday, 20 April 2024 3.39 AM IST

ഉചിതമായ തീരുമാനം

dd

കെ - റെയിലിന്റെ ഭാഗമായ കല്ലിടൽ വ്യാപകമായ എതിർപ്പിന് കാരണമായിരുന്നു. സാമൂഹ്യാഘാത പഠനം നടത്താൻ കല്ലിടേണ്ട കാര്യമില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കല്ലിടലുമായി സർക്കാർ മുന്നോട്ട് പോയി. കല്ല് പിഴുതുമാറ്റുന്ന സമരവുമായി പ്രതിപക്ഷം മുന്നോട്ടുവന്നതോടെ പലയിടത്തും എതിർപ്പുകൾ അക്രമാസക്തമായി. സമരം ചെയ്‌തവർക്കെതിരെ സംസ്ഥാന വ്യാപകമായി അഞ്ഞൂറോളം കേസുകളെടുക്കുകയും ചെയ്തു. കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് സർക്കാരും ഭരണകക്ഷികളും വെല്ലുവിളിയുടെ സ്വരത്തിൽ ആവർത്തിച്ചത് പ്രശ്നങ്ങൾ രൂക്ഷമാക്കി. സാമൂഹ്യാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമുണ്ടോയെന്ന് ഹൈക്കോടതിയും ആരാഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തു പോലും എതിർപ്പുകൾ ഉയർന്നത് ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന സന്ദേശമാണ് ഭരണകക്ഷിക്ക് നൽകിയത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് സർക്കാരിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്. ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോയാൽ എതിർപ്പ് പ്രകടിപ്പിക്കാമെന്നല്ലാതെ ജനങ്ങൾക്ക് മറ്റൊരു മാർഗവുമില്ല. ഇതിനിടയിൽ വരുന്ന ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പുകളും സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനുള്ള ഉരകല്ലാവാറുണ്ട്. ജനവികാരം അളക്കുന്നതിൽ പരാജയപ്പെടുന്നവർ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോൾ തിരുത്തലുകൾക്കും തയ്യാറാകാറുണ്ട്. എന്നാൽ തൃക്കാക്കരയുടെ ഫലത്തിന് കാത്തുനിൽക്കാതെ തന്നെ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടീൽ നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത് ഉചിതമായി. ദേശീയപാതയുടെ കാര്യത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നു. എന്നാൽ കെ-റെയിലിന്റെ കാര്യത്തിൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. മൂന്നും നാലും ഇരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്ന് സർക്കാർ പറയുന്നതല്ലാതെ സ്ഥലം നഷ്ടപ്പെടുന്ന വ്യക്തി ചോദിച്ചാൽ എത്ര രൂപ കിട്ടുമെന്ന ഉത്തരം ആർക്കും നൽകാനായിട്ടില്ല. ഈ പോരായ്മ പരിഹരിക്കണം. ഓരോ സ്ഥലത്തെയും വില നിശ്ചയിച്ച് ഭൂമി നഷ്ടപ്പെടുന്നവരെ സർക്കാർ കൃത്യമായി അറിയിക്കേണ്ടതാണ്.

സിൽവർ ലൈൻ പദ്ധതിയുടെ ആകെ ചെലവ് സംബന്ധിച്ചും പല കണക്കുകളാണ് പറഞ്ഞുകേൾക്കുന്നത്. എഴുപതിനായിരം കോടി രൂപയ്ക്ക് പദ്ധതി പൂർത്തീകരിക്കാനാവുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ പദ്ധതി പൂർത്തിയാക്കാൻ 1.20 ലക്ഷം കോടി വേണ്ടിവരുമെന്ന് നീതി ആയോഗ് പറയുന്നു. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി ലാഭകരമാകുമെന്ന് കെ -റെയിൽ അധികൃതർ പറയുമ്പോൾ പദ്ധതി ലാഭകരമാകില്ലെന്നാണ് റെയിൽവേയുടെ അഭിപ്രായം. ഇതൊക്കെ ജനങ്ങൾക്കിടയിൽ പലവിധ ചിന്താക്കുഴപ്പത്തിനും ഇടയാക്കുന്നു. എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന രീതിയിൽ ഇക്കാര്യങ്ങളിലും വ്യക്തത വരണം. വിദഗ്ദ്ധർ ഉൾപ്പെട്ട സംഘം ശാസ്ത്രീയമായ പഠനം നടത്തി കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ കുറയാനാണ് സാദ്ധ്യത. സിൽവർ ലൈനിന് റെയിൽവേയുടെ അനുമതി ലഭിച്ച ശേഷമേ ഭൂമിയേറ്റെടുക്കാവൂ എന്ന വ്യവസ്ഥയിലാണ് സർവേ അടക്കമുള്ള നടപടികൾക്ക് മന്ത്രിസഭ അനുവാദം നൽകിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.