SignIn
Kerala Kaumudi Online
Thursday, 19 September 2024 11.50 AM IST

ജനവിരുദ്ധതയും ധാർഷ്ട്യവും മുഖമുദ്ര‌

Increase Font Size Decrease Font Size Print Page

vds

ജനവിരുദ്ധതയും ധാർഷ്ട്യവുമാണ് ഒരുവർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്ര. തുടർഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരമാണ് ഭരണകർത്താക്കളെ നയിക്കുന്നത്. ട്രഷറി പോലും അടച്ചിടേണ്ട അവസ്ഥയിലാക്കിയതാണ് ആറുവർഷംകൊണ്ട് പിണറായി സർക്കാരിന്റെ ഭരണനേട്ടം . ചരിത്രത്തിലാദ്യമായി, ശമ്പളം നൽകില്ലെന്ന് ഭീഷണി സ്വരത്തിൽ ഒരു മന്ത്രി കെ.എസ്.ആർ.ടി.സി ജീവനക്കാരോട് പറഞ്ഞതും ഈ സർക്കാരിന്റെ കാലത്താണ്. പൊലീസിനെയും ഗുണ്ടകളെയും ഇറക്കി സിൽവർലൈൻ നടപ്പാക്കുമെന്നു വാശിപിടിക്കുന്നവരുടെ ലക്ഷ്യം വികസനമല്ല, കമ്മിഷൻ മാത്രമാണെന്ന് ജനത്തിന് ബോദ്ധ്യമായി. പാവങ്ങളുടെ നാഭിക്ക് പൊലീസിനെക്കൊണ്ട് ചവിട്ടിച്ച ധാർഷ്ട്യത്തിനെതിരെ ജനം പ്രതികരിക്കുമെന്ന ഭയത്താലാണ് കുറ്റിയിടൽ നിറുത്തി ജി.പി.എസ് സർവേ നടത്തുമെന്ന് ഉത്തരവിറക്കിയത്.


കടമെടുത്ത്

ശ്രീലങ്കയുടെ

വഴിയേ

കേരളത്തിന്റെ കടം നാലുലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ശമ്പളം കൊടുക്കാനും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. 25 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്നും എടുക്കണമെങ്കിൽ ധനകാര്യ വകുപ്പിന്റെ അനുമതി വേണം. പൂർണമായ ഭരണസ്തംഭനമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എന്താണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ധവളപത്രം പ്രസിദ്ധീകരിക്കണം. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലാണ് വരേണ്യവർഗത്തിന് രണ്ടുലക്ഷം കോടി മുടക്കി കമ്മിഷൻ റെയിൽ നടപ്പാക്കാനുള്ള ശ്രമം. സിൽവർലൈൻ നിലവിൽ വന്നാൽ കേരളം ശ്രീലങ്കയുടെ അവസ്ഥയിലാകും.

സിൽവർ ലൈനിലെ

'അഴിമതി ലൈൻ'

സിൽവർ ലൈനല്ല, കമ്മിഷൻ റെയിലാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ജപ്പാനിലെ ജൈക്കയിൽ നിന്നും കോടികൾ വായ്പയെടുത്ത് കമ്മിഷൻ തട്ടാനുള്ള ഗൂഢശ്രമമാണ് പദ്ധതിക്ക് പിന്നിൽ. കല്ലിടേണ്ടെന്ന ഉത്തരവിന് വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. എതിർപ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രിയുടേത്. കല്ലിടലിന്റെ പേരിൽ എത്രപേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയിൽ ചവിട്ടി, സ്ത്രീയെ റോഡിൽ വലിച്ചിഴച്ചു. നിരപരാധികളെ ജയിലിൽ അടച്ചു. കല്ലിടൽ നിറുത്തിവച്ച സാഹചര്യത്തിൽ കള്ളക്കേസുകൾ പിൻവലിക്കാനും സർക്കാർ തയാറാകണം.

ഭൂമി നഷ്ടപ്പെടുന്നവർ മാത്രമല്ല കേരളമൊന്നാകെ സിൽവർ ലൈൻ ഇരകളായി മാറുമെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്.

കുതിക്കുന്ന വില,

നോക്കുകുത്തിയായി

ഭരണകൂടം

പൊതുവിപണിയിൽ അവശ്യ സാധനങ്ങൾക്കെല്ലാം തീവിലയാണ്. കൃത്രിമ വിലക്കയറ്റം പിടിച്ചുനിറുത്താനാണ് സപ്ളൈകോയ്ക്ക് സർക്കാർ സബ്സിഡി നൽകുന്നത്. വിപണി ഇടപെടലിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ഇന്ധനവില വർദ്ധിക്കുന്നതിന് അനുസരിച്ച് നികുതി പിഴിഞ്ഞെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി അധിക ഇന്ധന നികുതി വേണ്ടെന്ന് വയ്ക്കാൻ കേരളം തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാലുതവണ ഇന്ധന നികുതി കുറച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് ഇന്ധന സബ്സിഡി നൽകണമെന്ന നിർദ്ദേശം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതിനൊക്കെ പുറമേയാണ് വൈദ്യുതി, വെള്ളം, ഓട്ടോടാക്സി നിരക്കുകളും വർദ്ധിപ്പിച്ചത്.

കെട്ടകാലത്തും തീവെട്ടിക്കൊള്ള

കൊവിഡിന്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനെ മറയാക്കി സി.പി.എം ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ തീവെട്ടികൊള്ള നടത്തി . എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വാർത്താസമ്മേളനം നടത്തി ചെറിയ കാര്യങ്ങൾ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രി കൊള്ളയെക്കുറിച്ച് അറിഞ്ഞില്ലെന്നത് വിശ്വസനീയമല്ല.


ഗുണ്ടാ മാഫിയകളെ

നിയന്ത്രിക്കുന്നത് സി.പി.എം

ക്രമസമാധാനനില ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. മയക്കുമരുന്ന് ഗുണ്ടാ മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന സി.പി.എം പ്രദേശിക നേതാക്കൾ തന്നെയാണ് പൊലീസിനെയും നിയമന്ത്രിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ക്രമാതീതമായി ഉയരുകയാണ്. ആറുവർഷത്തെ എൽ.ഡി.എഫ് ഭരണം കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തെ ഗുണ്ടാ കൊറിഡോറാക്കി മാറ്റിയിരിക്കുകയാണ്.

സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിൽ പിണറായി വിജയൻ നടത്തുന്ന വർഗീയപ്രീണന നയങ്ങളാണ് കേരളത്തെ വർഗീയ ശക്തികളുടെ കൊലക്കളമാക്കിയത്. സംഘപരിവാറുമായി വോട്ടുകച്ചവടം നടത്തിയാണ് പിണറായി തുടർഭരണം നേടിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പന്നോലിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്ക് മുഖ്യമന്ത്രിയുടെ വീടിനു തൊട്ടടുത്ത് സി.പി.എമ്മുകാരന്റെ വീട്ടിൽ അഭയം നൽകിയത് സംഘപരിവാർ സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണ്.

ശമ്പളമില്ലാതെ കെ.എസ്.ആർ.ടി.സി

രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ വൈദ്യുതി, ജലം കെ.എസ്.ആർ.ടി.സി എന്നിവയുടെ പ്രവർത്തനം ദയനീയമാണ്. സ്വിഫ്റ്റ് കമ്പനി വന്നതോടെ കെ.എസ്.ആർ.ടി.സിയുടെ തകർച്ച സർക്കാർ ഉറപ്പാക്കി. ശമ്പളം കൊടുക്കാൻ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ഗതാഗതമന്ത്രി പറയുന്നത്. ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സർവീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സർവീസുകളാണ്. അതാണ് കെ.എസ്.ആർ.ടി.സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


സ്ത്രീസുരക്ഷ

പ്രസംഗത്തിൽ


സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ സാധാരണ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. അതിക്രമം ഉണ്ടായാൽ അത് അന്വേഷിക്കലും കേസെടുക്കലും മാത്രമല്ല പൊലീസിന്റെ ചുമതല. അതിക്രമം തടയുക എന്നതു കൂടി പൊലീസിന്റെ ഉത്തരവാദിത്തമാണ്.

പെൺകുട്ടി പരാതിയുമായെത്തിയാൽ പൊലീസ് മുൻവിധിയോടെയാണ് സമീപിക്കുന്നത്. പൊലീസിന്റെ ഇത്തരമൊരു സമീപനത്തിന്റെ രക്തസാക്ഷിയാണ് ആലുവയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി മോഫിയ.


അഴിമതി വിരുദ്ധ

സംവിധാനങ്ങളുടെ

ചിറകരിഞ്ഞു

അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതിവിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ അവഗണിച്ചാണ് ലോകായുക്ത ഓർഡിനൻസ് പാസാക്കിയത്. എന്ത് അഴിമതി കാണിച്ചാലും നിങ്ങൾ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. 22 വർഷം മുൻപ് നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായി ഇരിക്കുന്ന കാലത്ത് ഗൗരവകരമായി ചർച്ചചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെയാണ് ഈ സർക്കാർ കഴുത്ത് ഞെരിച്ചു കൊന്നത്.

തുടരുന്ന കർഷക

ആത്മഹത്യ

കൃഷിനാശത്തെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ കർഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ്. നേരത്തെയുണ്ടായ കൃഷിനാശത്തിന് വിള ഇൻഷുറൻസോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുന്നതിനിടയിലാണ് വേനൽമഴയിൽ വീണ്ടും കൃഷിനാശമുണ്ടായത്. കുട്ടനാട്ടിൽ വ്യാപക കൃഷിനാശമാണുണ്ടായത്. എന്നാൽ നശിച്ചുപോയ നെല്ല് സംഭരിച്ച് അവരെ സഹായിക്കാൻ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കർഷകരുടെ പ്രശ്നങ്ങളോട് സർക്കാർ മുഖംതിരിച്ചു നിന്നതാണ് ഈ കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.


തൃക്കാക്കരയിലെ

കപട വികസനവാദികൾ

വികസനത്തിന് വേണ്ടി വാദിക്കുന്നത് ഞങ്ങളാണെന്ന സി.പി.എം വാദം നുണപ്രചാരണം മാത്രമാണെന്നതാണ് വസ്തുത. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസനത്തിന്റെ ഏതെങ്കിലും ഒരു അടയാളം കാട്ടിത്തരണമെന്ന വെല്ലുവിളി വ്യവസായമന്ത്രി പോലും ഏറ്റെടുത്തിട്ടില്ല.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ് കാലത്ത് കെ.കരുണാകരൻ കൊണ്ടുവന്നതാണ്. ഈ വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമേ ഇറക്കാൻ പറ്റൂവെന്നാണ് അന്നത്തെ സി.പി.എം നേതാക്കൾ പ്രസംഗിച്ചത്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയവും കെ.കരുണാകരൻ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് അന്ന് സി.പി.എം ചോദിച്ചത്. കരുണാകരന്റെ കാലത്ത് ആരംഭിച്ച ഗോശ്രീ വികസന പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്തത് സി.പി.എമ്മുകാരാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ചയാൾ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു. എന്നാൽ ആറ് വർമായിട്ടും മെട്രോ എക്സ്റ്റൻഷൻ കൊണ്ടുവരാൻ പറ്റാത്തവരാണ് രണ്ടുലക്ഷം കോടിക്ക് സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്നത്.

യു.ഡി.എഫ് ബദൽ

ഭാവിയിലെ കേരളം സുസ്ഥിര വികസനത്തിലൂന്നിയാകണം രൂപപ്പെടേണ്ടതെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. പ്രകൃതിക്കിണങ്ങി ഈ കൊച്ചുസംസ്ഥാനം മികച്ച വികസന, ജനകീയ ബദലുകൾ പ്രാവർത്തികമാക്കണം. കാലാവസ്ഥാമാറ്റം കൊവിഡ് മഹാമാരി പോലുള്ള വൻ ജനകീയാരോഗ്യ പ്രതിസന്ധികൾ എന്നിവയെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത് പരിഹാരമാർഗങ്ങൾ തേടണം. സാമൂഹികനീതി, വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായം പറയാനുള്ള നിർഭയ അന്തരീക്ഷം എന്നിവയ്‌ക്കായി പ്രതിപക്ഷം നിരന്തരം പോരാടും. സ്ത്രീകൾ പിന്നാക്ക വിഭാഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നവർ കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവർക്കായി യു.ഡി.എഫും പോഷക സംഘടനകളും അക്ഷീണം പ്രവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FIRST ANNIVERSARY OF THE SECOND LDF GOVERNMENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.