അധികാരത്തിലിരിക്കുന്ന ഒരു ഗവൺമെന്റിന് ഭൂരിപക്ഷമുണ്ടോ എന്നു നിർണയിക്കാനുള്ള ഏകവേദി നിയമ നിർമ്മാണസഭയാണ്. രാജ്ഭവനോ രാഷ്ട്രപതി ഭവനോ അല്ലെന്ന് പരമോന്നത കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ്പോൾ ഫലങ്ങളിൽ ആവേശംകൊണ്ട് മദ്ധ്യപ്രദേശിലെയും കർണാടകയിലെയും സർക്കാരുകളെ തള്ളിത്താഴെയിട്ട് അധികാരത്തിലേറാൻ ബി.ജെ.പി നടത്തുന്ന അണിയറനീക്കങ്ങൾ നിയമവിരുദ്ധവും രാഷ്ട്രീയ ധാർമ്മികതയ്ക്കു നിരക്കാത്തതുമാണ്. കേന്ദ്രഭരണം വീണ്ടും ലഭിക്കുമെന്ന് കരുതി എൻ.ഡി.എ ഇതര സംസ്ഥാന സർക്കാരുകൾ വാഴാൻ പാടില്ലെന്ന ചിന്താഗതി ജനാധിപത്യ വിരുദ്ധമെന്നു മാത്രമല്ല സ്വേച്ഛാധിപത്യ പ്രവണത നിറഞ്ഞതുമാണ്. തിരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ മാൻഡേറ്റ് നേടി അധികാരത്തിലേറിയ സർക്കാരുകൾക്ക് കാലാവധി പൂർത്തിയാകുന്നതുവരെ അധികാരത്തിൽ തുടരാനുള്ള അർഹത ചോദ്യം ചെയ്തു കൂടാത്തതാണ്. അതല്ലെങ്കിൽ പ്രസ്തുത സർക്കാർ സ്വയം കൃതാനർത്ഥതകൊണ്ട് സ്വയമേവ തകരുന്ന സാഹചര്യമുണ്ടാകണം. മദ്ധ്യപ്രദേശ് - കർണാടക സർക്കാരുകളുടെ കാര്യത്തിൽ ഇതുവരെ അത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായിട്ടുമില്ല.
ഏതാനും മാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ പതിനഞ്ചു വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയത്. 230 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് രണ്ടു സീറ്റ് കുറവുണ്ടായിരുന്ന കോൺഗ്രസ് സമാജ്വാദി പാർട്ടിക്കാരനായ ഒരു അംഗത്തിന്റെയും ബഹുജൻ സമാജ് വാദി പാർട്ടിയിലെ രണ്ടു പേരുടെയും സഹായത്തോടെയാണ് ഭൂരിപക്ഷമുണ്ടാക്കി മന്ത്രിസഭ രൂപീകരിച്ചത്. കോൺഗ്രസ് 114 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായതിനെത്തുടർന്നാണ് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം ലഭിച്ചത്. തുടർഭരണത്തിൽ നിന്ന് ബി.ജെ.പിയെ ഒഴിവാക്കുന്നതായിരുന്നു ജനവിധി. 109 സീറ്റേ ബി.ജെ.പിക്കു നേടാനായുള്ളൂ. പൊതുതിരഞ്ഞെടുപ്പു ഫലം തങ്ങൾക്ക് പൂർണമായും അനുകൂലമാകുമെന്ന പ്രവചനങ്ങളാണ് നേരിയ ഭൂരിപക്ഷം മാത്രമുള്ള കമൽനാഥ് മന്ത്രിസഭയെ മറിച്ചിട്ട് അധികാരം പിടിക്കാനുള്ള ചിന്ത ബി.ജെ.പിയിൽ സജീവമാകാൻ കാരണം. ഈ അധാർമ്മിക നീക്കത്തെ പാർട്ടിയുടെ കേന്ദ്ര നേതൃത്വവും അനുകൂലിക്കുന്നുണ്ടോ എന്നു വ്യക്തമായിട്ടില്ല. യഥാർത്ഥ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന വ്യാഴാഴ്ചത്തേക്ക് എല്ലാവരും കാത്തിരിക്കുകയാവാം.
മുൻകാലങ്ങളിൽ കേന്ദ്രത്തിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിട്ടുള്ള സർക്കാരുകൾ എതിർ ചേരിയിൽപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചു വിടുക പതിവായിരുന്നു. ഒടുവിൽ ബൊമ്മെ കേസിലെ സുപ്രീം കോടതി വിധിയാണ് ഈ രാഷ്ട്രീയ നെറികേടിന് വിരാമമിട്ടത്. അധികാരത്തിലിരിക്കുന്ന ഒരു സർക്കാരിന്റെ ഭൂരിപക്ഷം നിശ്ചയിക്കേണ്ടത് ഗവർണറോ രാഷ്ട്രപതിയോ അല്ല നിയമസഭ മാത്രമാണ് അതിനുള്ള വേദിയെന്ന് പരമോന്നത കോടതി വിധി എഴുതി. സർക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് പ്രതിപക്ഷത്തിനു സംശയമുണ്ടെങ്കിൽ നിയമപരമായി അതു തെളിയിക്കാനുള്ള വഴിതേടണം. ഭൂരിപക്ഷം തെളിയിക്കേണ്ട വേദി നിയമസഭ മാത്രമായിരിക്കണമെന്ന വിധി നിലവിലുള്ളപ്പോൾ വളഞ്ഞവഴി തേടിപ്പോകുന്നത് അംഗീകരിക്കാനാവില്ല. മദ്ധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗ്ഗവ അടിയന്തരമായി സഭ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട് ഗവർണർക്കു കത്തെഴുതി കാത്തിരിക്കുകയാണ്. സഭയിൽ ഏതു സമയത്തും വിശ്വാസ വോട്ടു തേടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി കമൽനാഥും പ്രസ്താവിച്ചിട്ടുണ്ട്. തങ്ങളുടെ പക്ഷത്തു നിന്ന് എം.എൽ.എമാരെ ഇളക്കിക്കൊണ്ടുപോകുമോ എന്ന സന്ദേഹത്തിൽ അവരെ റിസോർട്ടുകളിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടത്രെ. ആടി നിൽക്കുന്നവരെ മന്ത്രിസ്ഥാനം നൽകി ഉറപ്പിച്ചു നിറുത്താൻ സർക്കാർ പക്ഷവും ശ്രമിക്കുന്നുണ്ട്. ലോക്സഭാ ഫലത്തെ ആശ്രയിച്ചാകും മദ്ധ്യപ്രദേശിൽ അടുത്ത രാഷ്ട്രീയ കരുനീക്കങ്ങൾ എന്ന സൂചനകളാണുള്ളത്.
കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾത്തന്നെ മന്ത്രിസഭ ഉണ്ടാക്കാനായി ശ്രമിച്ച് പരാജയപ്പെട്ട ബി.ജെ.പി ആദ്യം തൊട്ടേ കോൺ-ദൾ എസ് കൂട്ടുമന്ത്രിസഭയെ ഒളിഞ്ഞും തെളിഞ്ഞും മറിച്ചിടാനുള്ള വഴി നോക്കുകയാണ്. പൊതു തിരഞ്ഞെടുപ്പിൽ അനുകൂലഫലം വന്നാൽ അതുവച്ച് കർണാടകത്തിലും ഒരു കളി കളിക്കാൻ ബി.ജെ.പി ശ്രമിക്കാതിരിക്കില്ല എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതോടെ ബംഗാളിൽ നാല്പതിലേറെ എം.എൽ.എ മാർ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വിടുമെന്ന് പ്രഖ്യാപനം നടത്തിയത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ദേശീയ വിജയസാദ്ധ്യത പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാനുള്ള അവസരമായി കരുതുന്നത് അധികാരമത്ത് തലയ്ക്കു പിടിച്ചതുകൊണ്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |