SignIn
Kerala Kaumudi Online
Thursday, 15 October 2026 9.02 PM IST

ഉപതിരഞ്ഞെടുപ്പിന് മുൻപ് അതിജീവിതയുടെ പരാതി  വന്നത് സംശയകരം; പ്രമുഖന്റെ അറസ്റ്റ് നടന്നത് എൽ ഡി എഫ് സർക്കാരായതിനാൽ, ഗതിമാറ്റിയത് ആ കേസ്

dileep-kodiyeri

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപ് നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പരാതി വന്നത് സംശയകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്നു മുതൽ ഇന്നു വരെ അതിജീവിതയ്ക്കൊപ്പമാണ് ഇടതു സർക്കാർ നിൽക്കുന്നത്. പ്രോസിക്യൂഷൻ അതിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഭരണപക്ഷത്തിന് എതിരായ ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. അങ്ങനെ ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കട്ടെയെന്നും കോടതി തന്നെ ഇക്കാര്യം പരിശോധിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. നടിയുടെ പരാതിയെപ്പറ്റി രാവിലെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞതിനെ പിന്തുണച്ചാണ് കോടിയേരി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസ് ഉണ്ടായപ്പോൾതന്നെ കാർക്കശ്യത്തോടെയാണ് സർക്കാർ പ്രശ്നം കൈകാര്യം ചെയ്തത്. അതിജീവിതയ്ക്കു നീതി കിട്ടുന്നതിനായി നിശ്ചയദാർഢ്യത്തോടെ ഇടപെട്ട സർക്കാരാണ് ഇത്. കേസിൽ പ്രമുഖനായ വ്യക്തി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി എന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫ് ഭരണമായിരുന്നെങ്കിൽ അങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് സർക്കാരായതിനാലാണ് അറസ്റ്റ് നടന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

'എല്ലാക്കാലത്തും ഇത്തരം പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു.ഡി.എഫിന്റേത്. എറണാകുളത്ത് പ്രതിയുമായി ബന്ധമുള്ളത് ആർക്കാണെന്ന് എല്ലാവർക്കും അറിയാം. ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സർക്കാരാണ് ഇത്. അവർക്കൊപ്പമാണ് സർക്കാരെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് വന്നത്. ഈ കേസാണ് നടിയെ ആക്രമിച്ച കേസിന്റെ ഗതി മാറ്റിയത്. സർക്കാരും പാർട്ടിയും പൂർണമായും അതിജീവിതയ്ക്കൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ഉയർന്നു വന്ന ആരോപണം വസ്തുതകൾ അറിയാവുന്നവർ വിശ്വസിക്കില്ല' - കോടിയേരി കൂട്ടിച്ചേർത്തു.

നടിയുടെ ഹർജിക്ക് പിന്നിൽ പ്രത്യേക താത്പര്യമുണ്ടോയെന്ന് പരിശോധയ്ക്കണമെന്ന് ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വന്നിരിക്കുന്നതെന്നും എന്നാൽ ഇത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ ജയരാജൻ സർക്കാർ അതിന് എതിരല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIYERI, ACTRESS RAPE CASE, COURT, KODIYERI BALAKRISHNAN, EP JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA