SignIn
Kerala Kaumudi Online
Monday, 04 July 2022 5.32 AM IST

സ്വർണക്കടത്ത് കൂടുന്നു; പഠിക്കാതെ അധികൃതർ

gold

രണ്ട് മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയത് 14 കോടി രൂപയുടെ സ്വർണം. 30 കേസുകളിലായി 28 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണക്കടത്തുകാർ പരസ്പരം ഒറ്റുന്നതിലൂടെയാണ് ഇത്രയും സ്വർണം പിടികൂടാനായത്. വിമാനത്താവളത്തിനുള്ളിലെ കസ്റ്റംസ് പരിശോധന അതിവിദഗ്ദ്ധമായി മറികടന്ന് പുറത്തെത്തിക്കുന്ന സ്വർണമാണിത്. കസ്റ്റംസ് പിടികൂടുന്ന സ്വർണത്തിന്റെ കണക്കെടുത്താൽ ഇതിന്റെ രണ്ടിരട്ടി വരും. കരിപ്പൂരിൽ അടുത്തകാലത്തൊന്നും തുടങ്ങിയതല്ല സ്വർണക്കടത്ത്. പരിശോധനകളും അന്വേഷണവും ശക്തമാക്കുമെന്ന് കസ്റ്റംസും പൊലീസും പറയുമ്പോഴും സ്വർണക്കടത്തിന് ഒരു കുറവുമില്ല. മിക്കപ്പോഴും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസും സ്വർണം പിടികൂടാറുള്ളത്. സംശയം തോന്നി പിടികൂടുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. കൂലിക്ക് സ്വർണം കടത്തുന്ന കാരിയർമാരെ മാത്രം പിടികൂടുകയും ഇതിനായി പണമിറക്കുന്ന പ്രധാനികളിലേക്ക് അന്വേഷണം എത്താതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴും നിലനിൽക്കുന്നത്. സ്വർണക്കടത്തിന് പണമിറക്കുന്നവരും ഈ സ്വർണം വാങ്ങിക്കുന്നവരും പിടിക്കപ്പെടുന്നത് അപൂർവമാണ്.

കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ അഗളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മാഫിയാ സംഘം കൊലപ്പെടുത്തിയിരുന്നു. പത്ത് വർഷത്തോളമായി സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അഗളി വാക്യത്തൊടി അബ്ദുൽ ജലീൽ (42) ആണ് ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ചുള്ള അതിക്രൂരമായ മർദ്ദനത്തിന് പിന്നാലെ മരണപ്പെട്ടത്. ശരീരമാസകലം കത്തികൊണ്ട് വരഞ്ഞ് മൃതപ്രായനായ ജലീലിനെ സ്വർണക്കടത്ത് മാഫിയ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മുങ്ങുകയായിരുന്നു. സൗദിയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന ജലീലിന് നാട്ടിലുള്ള സമ്പാദ്യം മൂന്ന് സെന്റ് സ്ഥലവും അതിൽ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച വീടുമാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രവാസികളെ കണ്ടെത്തി ഇവരുടെ ദുരവസ്ഥ ചൂഷണം ചെയ്യുകയാണ് സ്വർണക്കടത്ത് മാഫിയാ സംഘങ്ങൾ. യുവാക്കളെ വിസിറ്റിംഗ് വിസയിൽ ഗൾഫിലെത്തിച്ച് സ്വർണം കടത്തുന്ന രീതിയുമുണ്ട്. കുറഞ്ഞ കാലയളവിൽ ഗൾഫിൽ പോയി തിരിച്ചുവരുന്നവരെ കസ്റ്റംസ് നോട്ടപുള്ളികളാക്കിയതോടെ ആണ് മടങ്ങിയ വരുന്ന പ്രവാസികളെ മാഫിയ കരുക്കളാക്കി മാറ്റുന്നത്. വർഷങ്ങളോളം മണലാരണ്യത്തിൽ ജീവിതം ഹോമിച്ചിട്ടും പച്ചപിടിക്കാത്തവർ സ്വർണക്കടത്തുകാരുടെ മോഹന വാഗ്ദാനങ്ങളിൽ വീഴും. പലർക്കും ഇതിന്റെ ആഴം തിരിച്ചറിയാനാവില്ല. എല്ലാം അറിഞ്ഞ് സ്വർണം കടത്തുന്നവരുമുണ്ട്. ഇവർ സ്വർണക്കടത്തിൽ അതിവിദഗ്ദരുമാവും. ശരീരത്തിലും വിവിധ യന്ത്രങ്ങൾക്കുള്ളിലും അതിവിദഗ്ദ്ധമായി ഒളിപ്പിച്ചാണ് കടത്ത്. ഗുഹ്യഭാഗത്ത് ഗുളിക രൂപത്തിലും വസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാക്കിയും സ്വർണം ഒളിപ്പിച്ച് കടത്തിയ ശേഷം ഹോട്ടൽ മുറികളിലെത്തിച്ച് മാഫിയാ സംഘത്തിന്റെ നേതൃത്വത്തിൽ പുറത്തെടുക്കും. ഇതിന് മെഡിക്കൽ സപ്പോർട്ട് നൽകാനുള്ള വിദഗ്ദർ സ്വർണക്കടത്ത് മാഫിയാ സംഘത്തിന് ഒപ്പമുണ്ട്.

അധികൃതരുടെ കണ്ണുവെട്ടിച്ച് ഒരു കിലോ സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിച്ചാൽ അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെയാണ് കടത്തുകാരുടെ ലാഭം. ആറ് മാസമെങ്കിലും വിദേശത്ത് കഴിഞ്ഞവരാണെങ്കിൽ ഒരുകിലോ സ്വർണം വരെ കൊണ്ടുവരാം. സ്വർണത്തിന്റെ വിവരം കസ്റ്റംസിനെ അറിയിച്ച് 11 ശതമാനം നികുതി അടയ്ക്കണം. 24 കാരറ്റിന്റെ ഒരുകിലോ സ്വർണത്തിന് അരക്കോടി രൂപയോളം വരും. നികുതി ഇനത്തിൽ അഞ്ചര ലക്ഷത്തോളം രൂപ അടയ്ക്കണം. നികുതി അടയ്ക്കാതെ എത്തുന്ന സ്വർണം വില്ക്കുന്ന ജ്വല്ലറികൾക്ക് മൂന്ന് ശതമാനം ജി.എസ്.ടിയും ലാഭം. ഈ ലാഭക്കണക്ക് തന്നെയാണ് സ്വർണക്ക ടത്ത് വർദ്ധിക്കാൻ കാരണം.

എന്നിട്ടും പഠിച്ചില്ല

സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയ്ക്ക് പിന്നാലെ കോഴിക്കോട്ടെ രാമനാട്ടുകരിലുണ്ടായ വാഹനാപകടത്തിൽ ഗുണ്ടാസംഘത്തിലെ അഞ്ച് യുവാക്കൾ മരിച്ചിരുന്നു. അന്വേഷണം ശക്തമാക്കിയതോടെ 40ൽ അധികം പ്രതികളാണ് പിടിയിലായത്. ഇതിന് ശേഷം കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കുറയുകയും നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ മാഫിയാ സംഘങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവിടെ മാത്രം പരിശോധന നടത്തുന്ന അധികൃതരുടെ പ്രഹസനം മറ്റാരേക്കാളും സ്വർണക്കടത്ത് മാഫിയയ്ക്ക് നന്നായിട്ട് അറിയാം. നേരത്തെ വിമാനത്താവളത്തിലെ ബാത്ത്റൂമിൽ സ്വർണം ഉപേക്ഷിച്ച് ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നു. ഇത് പിടികൂടിയതോടെ ജീവനക്കാരെ ഉപയോഗിച്ചുള്ള കടത്ത് കുറഞ്ഞു. എന്നാൽ ഇതു വീണ്ടും സജീവമാക്കുകയാണ് സ്വർണക്കടത്ത് മാഫിയ.

ഷൂസുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 63.57 ലക്ഷം രൂപയുടെ സ്വർണവുമായി കാബിൻ ക്രൂവിനെ കഴിഞ്ഞദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ ആയ ഡൽഹി ആസാദ്പുർ രാമേശ്വർ നഗർ സ്വദേശി നവ്നീത് സിംഗ് (27) ആണ് പിടിയിലായത്. ദുബായിൽ നിന്നെത്തിയ ഐഎക്സ് 356 വിമാനത്തിലെ ജീവനക്കാരനായിരുന്നു നവ്നീത് സിംഗ്. 1.399 കിലോഗ്രാം സ്വർണ്ണ മിശ്രിതമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഷൂസിന്റെ 'സോൾ' എന്ന് തോന്നുംവിധമുള്ള മിശ്രിതപ്പൊതി യാത്രക്കാരൻ കൈമാറിയതാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. യാത്രക്കാരൻ വിമാനത്തിലെ ബാത്ത് റൂമിലെ വേസ്റ്റ് ബിന്നിലിട്ട പൊതി കാബിൻ ക്രൂ ഷൂസിൽ ഒളിപ്പിക്കുകയായിരുന്നു. സ്വർണ്ണം കോഴിക്കോട്ടെ താമസ സ്ഥലത്ത് നിന്നു സ്വർണക്കടത്ത് സംഘം ഏറ്റുവാങ്ങുമെന്നായിരുന്നു കാബിൻ ക്രൂവിനെ അറിയിച്ചിരുന്നത്. ഇതിന് ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. അന്വേഷണം കാരിയർമാരിൽ മാത്രം ഒതുങ്ങുകയും സ്വർണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന പതിവ് ഇനിയും ആവർത്തിച്ചാൽ വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ചുള്ള സ്വർണക്കടത്ത് വീണ്ടും സജീവമാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOLD SMUGGLING
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.