പുതുമുഖങ്ങളും യുവതാരങ്ങളും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ആറ് ചിത്രങ്ങൾ നാളെ തിയേറ്ററുകളിലെത്തും.
സൂപ്പർഹിറ്റായ ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ദ ഗാംബ്ളറാണ് ഇതിലൊന്ന്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണവുമായാണ് ദ ഗാംബ്ളറുടെ വരവ്.
അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ ആൻസൺ പോൾ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം ഡയാനാ ഹമീദാണ് നായിക. തങ്കച്ചൻ ഇമ്മാനുവേൽ ട്രൂ ലൈൻ സിനിമയുടെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നു.
അസ്ക്കർ അലി, അഞ്ജു കുര്യൻ, നേഹാ സക്സേന, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലറായ ജീ ബൂം ബായാണ്നാളത്തെ മറ്റൊരു റിലീസ്.
പല പല പ്രശ്നങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന മൂന്ന് സുഹൃത്തുക്കൾ ഒരു പുതുവത്സര രാവിൽ ഒത്തുകൂടുന്നതും തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ അവർ കണ്ടെത്തുന്ന മാർഗങ്ങളുമാണ് ജീ ബൂം ബായുടെ ജീവൻ.
മിസ്റ്റിക്ക്ഫ്രെയിംസിന്റെ ബാനറിൽ സച്ചിൻ വി.ജി. നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാഹുൽ രാമചന്ദ്രനാണ്.
ശ്രീനിവാസൻ നായകനായ നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിന് ശേഷം ഷിബു ബാലൻ സംവിധാനം ചെയ്യുന്ന ഒരൊന്നൊന്നര പ്രണയകഥയും നാളെ തിയേറ്ററുകളിലെത്തും. ഷെബിൻ ബെൻസണും, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സായാ ഡേവിഡുമാണ്നായകനും നായികയും.
ഗോൾഡൻ ഗ്ളോബിന്റെ ബാനറിൽ എം.എം. ഹനീഫ നിധിൻ ഉദയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാബു ഉസ്മാൻ സംവിധാനം ചെയ്യുന്ന വിശുദ്ധ പുസ്തകത്തിൽ പപ്പയുടെ സ്വന്തം അപ്പൂസ് ഫെയിം ബാദുഷയാണ് നായകൻ.
മധു, മനോജ്കെ. ജയൻ, ജനാർദ്ദനൻ, മാമുക്കോയ, ഭീമൻ രഘു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
എ.കെ.എസ്. നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് അടുത്ത ചോദ്യം. പ്രസാദ് മോഹനനും മാളവിക നാരായണനുമാണ് നായകനും നായികയും.
അർജുൻ ഭഗത്, ബൈജു സന്തോഷ്, സുധീർ കരമന, ദേവികാ നമ്പ്യാർ, സീമ. ജി. നായർ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന കോമഡി ചിത്രമാണ് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി.
പാറയിൽ ക്രിയേഷൻസിന്റെ ബാനറിൽ സജിമോൻ പാറയിൽ നിർമ്മിക്കുന്ന ചിത്രം സുജൻ ആരോമലാണ് സംവിധാനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |