SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.26 PM IST

കേന്ദ്രം അനുകൂലിച്ചാലേ സിൽവർ ലൈൻ മുന്നോട്ടു പോകൂ: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
cm-pinarayi

□എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ അയവ്

തിരുവനന്തപുരം: എന്ത് എതിർപ്പുകളുണ്ടായാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന സർക്കാർ നിലപാടിൽ അയവ് വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ പദ്ധതിയുമായി മുന്നോട്ടു പോകാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

തുടക്കത്തിൽ പദ്ധതിയോട് അനുകൂല നിലപാടായിരുന്നു കേന്ദ്രത്തിന്. ബി.ജെ.പി

ഉൾപ്പെടെ ഇപ്പോൾ നടത്തുന്ന സമരങ്ങൾ കണ്ട് കേന്ദ്ര സർക്കാർ മടിച്ചു നിൽക്കുകയാണെന്നും വിളപ്പിൽ ശാല ഇ.എം.എസ് അക്കാഡമിയിൽ നവകേരളം സെമിനാർ ഉദ്ഘാടനം ചെയ്യവെ മുഖ്യന്ത്രി പറഞ്ഞു. വികസനത്തിനെതിരെ

ഇവിടെ നടക്കുന്ന രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. അവരുടെ ഉദ്ദേശ്യം തുറന്ന് കാട്ടണം. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനം. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗൺസിലറെ 'ഉത്തമനായ സഖാവ്' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഒന്നും നമ്മുടെ കെയർഓഫിൽ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
25 വർഷത്തെ ഭാവി മുന്നിൽക്കണ്ടുള്ള വികസനമാണ് ആവിഷ്കരിക്കേണ്ടത്. അത് ജനങ്ങളെ പറഞ്ഞ് മനസിലാക്കാൻ കഴിയണം. സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുത്. സമൂഹത്തിൽ വലതുപക്ഷ ശക്തികൾ വർഗ്ഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണം.
തുടർച്ചയായി ഭരണം ലഭിച്ച രാജ്യത്തെയും ലോകത്തെയും ചില അനുഭവങ്ങൾ ഗൗരവമായി കണക്കിലെടുക്കണം.നാടിന്റെ വികസനത്തിന് പല കാര്യങ്ങളിലും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്- മുഖ്യമന്ത്രി പറഞ്ഞു.

എസ്.രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായിരുന്നു. ഡോ.തോമസ് ഐസക്ക്, പ്ളാനിംഗ് ബോർഡ് അംഗങ്ങളായ എസ്.എസ്.നാഗേഷ്, ഡോ.പി.കെ. ജമീല, ബിജു.പി.അലക്സ്, സി.പി.എം നേതാക്കളായ എം.എ.ബേബി, സി.എസ്.സുജാത, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ.കെ.എൻ.ഗണേഷ് സ്വാഗതം പറഞ്ഞു.

TAGS: CM PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY