SignIn
Kerala Kaumudi Online
Saturday, 13 August 2022 11.56 AM IST

പി.ടി.യുടെ ഷാൾ നെഞ്ചോട് ചേർത്തുപിടിച്ചെത്തി: ദൈവനാമത്തിൽ പ്രതിജ്ഞ; നിയമസഭയിലേക്ക് ഉമ

uma-thomas

തിരുവനന്തപുരം: പി.ടി. തോമസ് അവസാനമായി ധരിച്ച ത്രിവർണ്ണാങ്കിത ഷാളും മരിക്കാത്ത ഓർമ്മകളും നെഞ്ചിൽ ചേർത്തുപിടിച്ച് ഉമാതോമസ് എം.എൽ.എയായി സത്യപ്രതിജ്ഞചെയ്തു. തൃക്കാക്കരയിലെ ജനങ്ങൾ പി.ടിക്കുനൽകിയ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ശക്തിയും ചൈതന്യവുമുണ്ടായിരുന്നു അതിന്.

ഇന്നലെ രാവിലെ 11.30ന് സ്പീക്കർ എം.ബി. രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ചൊവ്വാഴ്ച തലസ്ഥാനത്തേക്കു പോരുമ്പോൾ പി.ടി അവസാനമായി ധരിച്ചിരുന്ന ഖദർഷാളും പൊതിഞ്ഞുപിടിച്ചിരുന്നു. മറ്റാരും കാണാതെ ഒരു ഫയലിനകത്ത് മടക്കിവച്ചാണ് കൊണ്ടുവന്നത്. "പി.ടി അവസാനമായി ധരിച്ചിരുന്ന ഷാൾ നേരത്തെ അലക്കിത്തേച്ച് വച്ചിരുന്നു. അത് കൂടെ കരുതിയത് ഒരുധൈര്യത്തിനാണ്." ഉമപറഞ്ഞു. ഇതു മാത്രമല്ല പി.ടിയുടെ എല്ലാവസ്തുക്കളും എടുത്തുവച്ചിട്ടുണ്ട്. അതാണ് മുന്നോട്ടുപോകാനുള്ള പ്രേരണ തരുന്നത് - ഉമ കൂട്ടിച്ചേർത്തു. പി.ടി താമസിച്ചിരുന്ന എം.എൽ.എ ഹോസ്റ്റലിലെ ചന്ദ്രഗിരിബ്ളോക്കിലെ 403 -ാംനമ്പർ ഫ്ളാറ്റിലാണ് താമസിച്ചത്. മക്കളായ ഡോ. വിഷ്ണുവും വിവേകും. വിഷ്ണുവിന്റെ ഭാര്യ ബിന്ദുഅബിതമ്പാനും കൂടെയുണ്ടായിരുന്നു. ഇപ്പോഴത് റോജി എം. ജോണിന്റെ ഫ്ളാറ്റാണെങ്കിലും പാർട്ടി ഇടപെട്ട് ഉമയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു. രാവിലെ അവിടെനിന്നാണ് നിയമസഭാമന്ദിരത്തിലേക്കെത്തിയത്.

എം.എൽ.എ ഹോസ്റ്റലിൽ നിന്ന് ആദ്യം ഉമ്മൻചാണ്ടിയുടെ വീട്ടിലേക്കാണ് പോയത്. പിന്നെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പേട്ടയിലെ വസതിയിലേക്ക്. എ.കെ. ആന്റണിയെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം ആയുർവേദ ചികിത്സയിലാണ്. സത്യപ്രതിഞ്ജയ്ക്കുശേഷം വന്നാൽ മതിയെന്ന് പറഞ്ഞു.

നിയമസഭാമന്ദിരത്തിലേക്ക് ടി.ജെ. വിനോദ്, അൻവർസാദത്ത് എന്നീ എം.എൽ.എമാർക്കൊപ്പമാണ് വന്നത്. കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു. മന്ദിരത്തിൽ പ്രവർത്തകരും എം.എൽ.എമാരായ എം. വിൻസന്റ്, മാണി സി. കാപ്പൻ,ബഷീർ,മോൻസ്ജോസഫ് എന്നിവരും വി.എസ്. ശിവകുമാറും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും ചേർന്ന് സ്വീകരിച്ചു. നേരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മുറിയിലേക്കാണെത്തിയത്. അവിടെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഡോമിനിക് പ്രസന്റേഷനും കെ.സി. ജോസഫും ഉണ്ടായിരുന്നു. സ്പീക്കറുടെ ചേംബറിൽ എം.എം. ഹസന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. 11.30ഒാടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. ചേംബറിന് പുറത്ത് ടി.വി സ്ക്രീനിൽ ചടങ്ങ് വീക്ഷിക്കാൻ നിരവധി പ്രവർത്തകരും സുഹൃത്തുക്കളും എത്തിയിരുന്നു. മാദ്ധ്യമപ്രവർത്തകർക്കും സ്ക്രീനിലായിരുന്നു കാഴ്ച.

ആദ്യ പരിഗണന കുടിവെള്ളത്തിന്

"പി.ടിയെ സ്നേഹിച്ചവർ എന്നെയും അംഗീകരിച്ചു.തൃക്കാക്കരയ്ക്ക് നന്ദി."സത്യപ്രതിജ്ഞയ്ക്കുശേഷം ഉമപറഞ്ഞു. പി.ടിയുടെ എം.എൽ.എ ഒാഫീസ് മണ്ഡലത്തിൽ വീണ്ടും തുറക്കും. കുടിവെള്ളപ്രശ്നം പി.ടിയെ ഏറെ അലട്ടിയിരുന്നു. അത് പരിഹരിക്കാൻ അദ്ദേഹം ചിലതെല്ലാം തുടങ്ങിവയ്ക്കുകയും ചെയ്തു. അതിനായിരിക്കും ആദ്യപരിഗണന. മണ്ഡലവുമായി എന്നും സുതാര്യമായബന്ധം പി.ടിയുടെ ശൈലിയായിരുന്നു. അത് പാലിക്കുമെന്നും ഉമ പറഞ്ഞു. പി.ടിക്കൊപ്പം പലതവണ കയറിവന്ന മന്ദിരമാണ്. അവിടേക്ക് നിയമസഭാംഗമായി ഒരു വരവ് നിനച്ചിരുന്നില്ല. പി.ടിയുടെ പ്രകടനത്തിന്റെ കാഴ്ചയായിരുന്നു നിയമസഭ. ഇന്നത് സ്വന്തം പ്രവർത്തനവേദിയായി.

നിയമസഭാസമ്മേളനത്തിന് ഇനി 12 ദിവസങ്ങളേയുള്ളു. അത് കണക്കിലെടുത്ത് പാർട്ടിയാണ് 15ന് സത്യപ്രതിജ്ഞ നടത്താമെന്ന് തീരുമാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടേണ്ട വോട്ട് കുറയ്ക്കേണ്ടെന്ന നിശ്ചയവും അതിനുപിന്നിലുണ്ട്. 27ന് സഭാസമ്മേളനത്തിൽ ഉമ തോമസ് പങ്കെടുക്കും. കാൽലക്ഷത്തിന്റെ ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഉമ തോമസ് നിയമസഭാംഗമായത്. സഭയിൽ കെ.കെ. രമ കഴിഞ്ഞാൽ, യു.ഡി.എഫിലെ രണ്ടാമത്തെ വനിത എം.എൽ.എയാണ് ഉമ തോമസ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UMATHOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.