
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ, അന്തരിച്ച കോൺഗ്രസ് എം.എൽ.എ പി.ടി. തോമസിന്റെ ആത്മാവ് തൃപ്തമാകില്ലെന്ന് ഭാര്യ ഉമ തോമസ് എം.എൽ.എ. കോടതി നടപടികൾ തുടങ്ങിയപ്പോൾ പലതവണ ആ പെൺകുട്ടി പങ്കുവച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു- അവർ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതികായി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ എത്രയോ തവണ ആ കുട്ടി പങ്കുവച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.
എന്നും നടിക്കൊപ്പം: കെ.കെ. ശൈലജ
നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാനുള്ള നിയമ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻമന്ത്രിയും എം.എൽ.എയുമായ കെ.കെ.ശൈലജ. എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
സർക്കാരും പാർട്ടിയും അതിജീവിതയ്ക്കൊപ്പം: ഗോവിന്ദൻ
നടിയെ അക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് ഇതുവരെ സർക്കാർ നിലകൊണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തളിപ്പറമ്പിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു വലിയ വിഭാഗത്തെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. പക്ഷേ ഇതിനു പിന്നിലെ ഗൂഡാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് കോടതി പരാമർശിച്ചത്. വിധിയുടെ പകർപ്പ് ലഭിച്ച ശേഷമേ കാര്യങ്ങൾ പറയാനാകൂ. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ.സുപ്രീംകോടതി വരെ പോയാലും അതിജീവിതയ്ക്കൊപ്പം തന്നെ സർക്കാരും സി.പി.എമ്മും ഉണ്ടാകും. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കോടതി വിധി തൃപ്തികരമല്ല: സണ്ണിജോസഫ്
നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ്. എന്നും അതിജീവിതക്കൊപ്പമാണ് കോൺഗ്രസ്. ഇനിയും പിന്തുണ തുടരും. പി.ടി. തോമസ് തുടക്കത്തിലെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉമാ തോമസ് അത് ആവർത്തിച്ചു. ഗൂഢാലോചന ഭാഗം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഇത് കേസ് അന്വേഷിച്ച പൊലീസിന്റെയും ഗൗരവമേറിയ പരാജയമാണ്. വിധിയെക്കുറിച്ച് പ്രതികരിച്ച മന്ത്രി സജിചെറിയാൻ ഉരുണ്ടുകളിക്കുകയായിരുന്നു. സർക്കാരിന്റെ ഇരട്ടത്താപ്പാണ് മന്ത്രിയുടെ വാക്കുകൾ. സർക്കാരിന് ഒരിക്കലും സ്ത്രീപക്ഷം പറയാൻ പറ്റില്ല. ഇതേതുടർന്ന് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാർ ഒഴികഴിവ് സമീപനമാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
ബി.ജെ.പി അതിജീവിതയ്ക്കൊപ്പം: പി.കെ. കൃഷ്ണദാസ്
അതിജീവിതയ്ക്കൊപ്പമാണ് ബി.ജെ.പിയെന്ന് ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സമൂഹത്തിൽ പീഡനമേറ്റ എല്ലാ അതിജീവിതമാർക്കും പാർട്ടിയുടെ പിന്തുണയുണ്ടാകും. നടിയെ ആക്രമിച്ച കേസിൽ ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ അതിജീവിതയ്ക്ക് എതിരല്ല. അവരുടെ പ്രസ്താവന ചിലർ വളച്ചൊടിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിലും ഇതേ നിലപാടാണ് പാർട്ടിക്ക്. ജമാഅത്തെ ഇസ്ലാമിക്കൊപ്പമുള്ള എൽ.ഡി.എഫ് - യു.ഡി.എഫ് ബന്ധം മറനീക്കി പുറത്തുവരികയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനത്തിന്റെ തലവര മാറ്റിയെഴുതും -കൃഷ്ണദാസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |