SignIn
Kerala Kaumudi Online
Wednesday, 10 August 2022 10.29 AM IST

യുവാക്കൾ  അഗ്നിപഥിൽ  ചേരണം,  മോഹൻലാലിന്റെ  ആ  അനുഭവം  രോമാഞ്ചമുണ്ടാക്കുന്ന  കാഴ്‌ചയായിരുന്നു,  കുറിപ്പുമായി എഴുത്തുകാരൻ

mohanlal

അഗ്നിപഥിനെക്കുറിച്ചുള്ള വിവാദങ്ങൾ രാജ്യത്ത് വ്യാപകമാകുന്നതിനിടെ ആർമിയുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവം തുറന്ന് പറഞ്ഞ് യുവ എഴുത്തുകാരൻ ആ‌ർ. രാമാനന്ദ്. യുവാക്കൾ ഈ അവസരം വിനിയോഗിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്ന് രാമാനന്ദ് കുറിച്ചു.

സൈനിക സേവനത്തെ മറ്റു ജോലികളെക്കാൾ മഹത്വവത്കരിച്ച് കൊണ്ടല്ല പറയുന്നതെന്നും ആ പ്രായത്തിലുള്ള ഒരു ശരാശരി യുവാവിന് എത്തി പിടിക്കാവുന്ന ഏറ്റവും നല്ല അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നടൻ മോഹൻലാലിനൊപ്പമുള്ള അനുഭവവും രാമാനന്ദ് പങ്കുവച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെ അഗ്നിപഥ്

പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്താണ് ടെറിട്ടോറിയൽ ആർമിയിൽ ചേരാം എന്ന ആഗ്രഹം ഉദിച്ചത്. ടെറിട്ടോറിയൽ ആർമി തെരഞ്ഞെടുക്കാൻ കാരണം രണ്ടുമാസം സൈനിക സേവനവും ബാക്കിയുള്ള സമയം ആദായകരമായ മറ്റു ജോലികളും ചെയ്യാമെന്നുള്ള സൗകര്യമായിരുന്നു . എന്നെ സംബന്ധിച്ച് രണ്ടുവർഷം സിവിൽ സർവീസ് പഠനകാലയളവിൽ എല്ലാവർഷവും രണ്ടുമാസം ആർമിയിൽ സേവനമനുഷ്ഠിച്ച് ബാക്കിയുള്ള സമയം പഠിക്കാം എന്നുള്ള പദ്ധതിയായിരുന്നു മനസ്സിൽ. ടെറിട്ടോറിയൽ ആർമിയിൽ അപ്ലൈ ചെയ്തു ബാംഗ്ലൂർ ദേവനഹള്ളിയിലെ പാരാറെജിമെന്റ് ടെയ്നിംഗ് കേന്ദ്രത്തിൽ എഴുത്തു പരീക്ഷ നടന്നു . പൊരിവെയിലിൽ ഒരു മൈതാനത്ത് കസേരകളും മേശകളും ഇട്ട്, ഒരു പന്തൽ പോലും മറച്ചു കെട്ടാതെ ആയിരുന്നു പരീക്ഷ. ഉച്ച നേരത്തെ ആ വെയിൽ താപമേറ്റ് ബോധരഹിതരായ രണ്ടുമൂന്നു പേരെ ഞാൻ ഓർക്കുന്നു. ആ സന്ദർഭം തന്നെ ഇനിയുള്ള അഗ്നിപഥം എങ്ങനെ ആയിരിക്കും എന്ന ഒരു സൂചന പോലെ എനിക്കനുഭവപ്പെട്ടു കൊണ്ടിരുന്നു. റിസൾട്ട് വന്നപ്പോൾ ഞാൻ സെലക്ടട് ആയി.

18 ഫെബ്രുവരി 2012 ന് ദക്ഷിണ മേഖലയുടെ സൈനിക ആസ്ഥാനമായ പൂണെ സതേൺ കമാൻഡ് പേഴ്സണൽ ഇൻറർവ്യൂ ബോർഡിന്റെ മുമ്പിൽ ഹാജരാവണം. ടെറിട്ടോറിയൽ ആർമി ആയതുകൊണ്ട് പ്രായത്തിൽ ഏറ്റവും ചെറിയ ആൾ ഞാൻ ആയിരുന്നു എന്നു കരുതണം. ആർമി അതിലെ എല്ലാ ആഥിത്യ മര്യാദയോടും കൂടെയാണ് ഞങ്ങളെ സ്വീകരിച്ചത്. ഇൻറർവ്യൂ ബോർഡിനു മുന്നിൽ ഞാൻ ചെന്നിരുന്നു , പട്ടാളത്തിലെ ഉയർന്ന രണ്ടു ഉദ്യോഗസ്ഥരും ( റാങ്ക് ഞാനോർക്കുന്നില്ല ) ഒരു സിവിലിയൻ ( സൈക്കോളജിസ്റ്റ് ആണ് എന്നാണ് എന്റെ ഓർമ്മ) അഭിമുഖത്തിനു ഇരുന്നു. അവർ എന്നോട് എന്തിനാണ് ആർമിയിൽ ചേരുന്നത് എന്നാണ് ആദ്യം ചോദിച്ചത്, ഞാൻ പറഞ്ഞു എനിക്ക് സൈനികനായി രാഷ്ട്രത്തെ സേവിക്കാൻ താല്പര്യമുണ്ട് എന്നാണ്. ഉടനെ അവർ ചോദിച്ചു അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ ടെറിട്ടോറിയൽ ആർമി തെരഞ്ഞെടുത്തത്, നിങ്ങളുടെ പ്രായം വച്ച് , വിദ്യാഭ്യാസം വെച്ച് കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) നോക്കാമായിരുന്നില്ലേ. സത്യത്തിൽ എന്റെ പദ്ധതി രണ്ടുമാസം സർവീസും ബാക്കിസമയം സിവിൽ സർവീസ് പഠനവും ആയിരുന്നല്ലോ. ഒടുവിൽ ഞാൻ ആ സത്യം അവരോട് പറഞ്ഞു. അവർ ചിരിച്ചു, നിങ്ങൾ കമ്മീഷൻഡ് ആകുമ്പോൾ നിങ്ങൾ ലഫ്റ്റനൻറ് ആണ്, നിങ്ങൾക്ക് നിങ്ങളുടെ പ്രായം വെച്ച് ബ്രിഗേഡിയർ വരെ ആകാൻ സാധിക്കും പിന്നെ എന്തിന് സിവിൽസർവീസ് എന്നാണ്? പക്ഷേ അന്നത്തെ എന്റെ ബോധ്യം എന്നെ പൂർണസമയ പട്ടാളക്കാരൻ ആകുന്നതിൽ നിന്ന് വിലക്കി. ഞാൻ സതേൺ കമാൻഡിൽ നിന്ന് പടിയിറങ്ങി . വർഷങ്ങൾക്ക് ശേഷം അവിടെ ചെല്ലുന്നത് അനിയന് ആർമി മെഡിക്കൽ സർവീസിൽ ചേരാനുള്ള പരീക്ഷയുടെ സമയത്താണ്. സതേൺ കമാൻഡ് , ചിലപ്പോഴൊക്കെ തോന്നും ഒരു നഷ്ടമായിരുന്നു എന്ന്, ഇനിയും പോകാൻ സാധിക്കും ഒരുപക്ഷേ ഇനിയും ഞാൻ ജോയിൻ ചെയ്തെന്നും വരാം. അതൊക്കെ ആർക്കറിയാം.

മാനന്തവാടിയിലെ ഹിൽബ്ലൂംസ് സ്കൂളിൽ ഞാൻ പ്ലസ്ടുവിന് പഠിപ്പിച്ച അർജുൻ പ്രദീപ് ഒരാഴ്ച മുമ്പ് എന്നെ വിളിച്ചിരുന്നു. പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്ന് വന്ന് ഫോൺ എടുത്തപ്പോൾ അപ്പുറത്ത് തലയ്ക്ക് കേട്ടത് സാർ ഞാൻ ക്യാപ്റ്റൻ അർജുൻ പ്രദീപ് ആണ് എന്നാണ്, കേൾക്കുമ്പോൾ അതിൽ ഒരു വലിയ സുഖമുണ്ട്, അഭിമാനമുണ്ട്. അന്ന് ലെഫ്റ്റനന്റ് ആയി ഞാൻ തുടർന്നിരുന്നെങ്കിൽ ഇന്ന് മേജർ ആകേണ്ട സമയമായി എന്നൊർക്കുമ്പോൾ ഒരു ചെറിയ നഷ്ട്ടബോധവും .

അഗ്നിപഥിനെ കുറിച്ച് വിവാദങ്ങൾ കത്തിപ്പടരുന്ന സമയത്ത് എനിക്ക് പറയാനുള്ളത് യുവാക്കൾ ഈ അവസരം വിനിയോഗിക്കണം എന്നാണ് . സൈനിക സേവനത്തെ മറ്റു ജോലികളെക്കാൾ മഹത്വവത്കരിച്ച് കൊണ്ടല്ല പറയുന്നത്. ആ പ്രായത്തിലുള്ള ഒരു ശരാശരി യുവാവിന് എത്തി പിടിക്കാവുന്ന ഏറ്റവും നല്ല അവസരമാണിത് എന്നതുകൊണ്ടാണ്. വെറുതെ കിട്ടുന്നതല്ല അർഹതയുള്ളവർ മത്സരിച്ച് നേടേണ്ടതാണത്. എന്റെ സുപിരിയർ ആയിരുന്ന മേജർ സ്റ്റാൻലി ജോൺസൺ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് "ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ആർമിയിലെ ഓഫീസർമാരുടെ അനുപാതം വളരെ കുറവാണ്, ഓരോ വർഷവും SSB കളിലൂടെ ആയിര കണക്കിന് മത്സരാർത്ഥികൾ ഓഫീസറാവാൻ മത്സരിക്കുന്നുണ്ട് , ഒരാളെ പോലും തിരഞെടുക്കാത്ത SSB കളുണ്ടാവും , പട്ടാളം അർഹതയില്ലാത്ത ഒരാളെയും ഒഴിവു നികത്താനായി തിരഞ്ഞെടുക്കില്ല ". അതുകൊണ്ട് സൈന്യത്തിൽ ആരെങ്കിലും നുഴഞ്ഞ് കയറുമെന്ന് ഓർത്ത് ആരും ദു:ഖിക്കേണ്ട.

ഒരു അനുഭവം കൂടെ പങ്കുവയ്ക്കാം . ലാലേട്ടന്റെ ഒപ്പമുള്ള ഒരു അനുഭവമാണിത് . ഒടിയന്റെ ഷൂട്ട് വാരണാസിയിൽ നടക്കുന്ന സമയത്ത് തിരിച്ചു നാട്ടിലേക്കുള്ള ഫ്ലൈറ്റ് കയറാൻ ഞങ്ങൾ പുറപ്പെടുകയായിരുന്നു. രണ്ടു കാറുകൾ ഉണ്ടായിരുന്നു. ആദ്യത്തേതിൽ ലാലേട്ടന്റെ സഹായികളും മറ്റുള്ളവരും, പുറകിലത്തെ കാറിൽ ലാലേട്ടന്റെ ഒരു സുഹൃത്തും ഞാനും ലാലേട്ടനും ആയിരുന്നു ഉണ്ടായിരുന്നത്. എയർപോർട്ടിലെത്തി നോക്കുമ്പോൾ ലാലേട്ടന്റെ കയ്യിൽ ഐഡി കാർഡില്ല, ഐഡി കാർഡുമായി ലാലേട്ടന്റെ സഹായി ലിജു മുന്നേ അകത്തേക്ക് കയറി പോയിരുന്നു. ലാലേട്ടൻ കുറേ തിരഞ്ഞു ഒരു ഐഡി കാർഡും കയ്യിലില്ല, (ലാലേട്ടന് കേരളത്തിൽ അതാവശ്യമുണ്ടോ എന്ന് തന്നെ സംശയമാണ്) തിരച്ചിലിനൊടുവിൽ കിട്ടിയത് ലെഫ്റ്റനന്റ് കേണൽ എന്ന സൈന്യത്തിന്റെ ഐഡി കാർഡ് ആയിരുന്നു ലാലേട്ടൻ അത് കാണിച്ചു. സിനിമയിൽ ലാലേട്ടനു സല്യൂട്ട് കിട്ടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും . പക്ഷേ ഒട്ടും പരിചയമില്ലാത്ത ആ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർ നാലുപേർ ഐഡി കണ്ട ഉടനെ അദ്ദേഹത്തിനെ ബ്രേസ് ചെയ്ത രോമാഞ്ചം ഉണ്ടാക്കുന്ന ഒരു കാഴ്ചയായിരുന്നു ഞാൻ അന്ന് കണ്ടത്. ലെഫ്റ്റ് കേണൽ മോഹൻലാൽ അകത്തേക്ക് കയറി വന്നു എന്നോട് ചോദിച്ചു നിങ്ങൾക്കും കിട്ടുമായിരുന്നില്ലേ സല്യൂട്ട് എന്ന് .

അഗ്നിവീരന്മാർ സൈനിക സേവനത്തിന് ശേഷം തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ അറിയാം രാജ്യം അവരെ എങ്ങനെ ആദരിക്കും എന്ന്. നിർബന്ധിതമല്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിലെ മൂന്നുനാലു വർഷം എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾ തീരുമാനിക്കാം .

ജയ്ഹിന്ദ്


ആർ രാമാനന്ദ്

ramanand

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LEFT COLONEL MOHANLAL, MOHANLAL, AGNIPATH, AGNEEPATH, COLONEL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.