SignIn
Kerala Kaumudi Online
Friday, 26 April 2024 3.46 PM IST

നമ്പർ വൺ..!

university-of-kerala

ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് നേട്ടത്തോടെ, മലയാളികൾക്കാകെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു കേരള സർവകലാശാല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സർവകലാശാല ഇത്തരമൊരു മികച്ച ഗ്രേഡിംഗ് നേടുന്നത്. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1937ൽ സ്ഥാപിച്ച സർവകലാശാല ഇന്ന് രാജ്യത്തെ സംസ്ഥാന സർവകലാശാലകളിൽ ഏറ്റവും മുന്നിലാണ്. 'കർമണി വ്യജ്യതേ പ്രജ്ഞാ' എന്ന ആപ്തവാക്യത്തോടെയുള്ള കേരള സർവകലാശാലയുടെ കുതിപ്പിന് ഊർജ്ജം പകരുന്നതാണ് അത്യപൂർവമായ എ++ ഗ്രേഡ് നേട്ടം. കാലടി സംസ്കൃത സർവകലാശാല കഴിഞ്ഞവർഷം നേടിയ എ-പ്ലസ് ഗ്രേഡാണ് സംസ്ഥാനത്ത് ഇതുവരെയുള്ള മികച്ച ഗ്രേഡ്. കേരളയ്ക്ക് അഞ്ചുവർഷത്തേക്കാണ് എ++ ഗ്രേഡ് നൽകിയിട്ടുള്ളത്.

1937ലെ തിരുവിതാംകൂർ സർവകലാശാല ആക്ട് പ്രകാരം രൂപീകൃതമായ സർവകലാശാല രാജ്യത്തെ പതിനാറാമത്തെ സർവകലാശാലയാണ്. ഇന്ന് 45 ബിരുദാനന്തര ബിരുദ, 42 പിഎച്ച്ഡി, 36എംഫിൽ, 18സർട്ടിഫിക്കറ്റ്, 13 പി.ജി ഡിപ്ലോമ കോഴ്സുകളിലായി ലക്ഷത്തിലെ കുട്ടികൾ പഠിക്കുന്നു. ശക്തമായ വിദൂരവിദ്യാഭ്യാസ കേന്ദ്രവുമുണ്ട്. ഇവിടെയും പതിനായിരക്കണക്കിന് കുട്ടികൾ പഠിക്കുന്നുണ്ട്. 43ബിരുദാനന്തര ബിരുദ, ഗവേഷണ കേന്ദ്രങ്ങളും 32 വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളും 17 ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികളും ഏഴ് ഇൻസിറ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റുകളും എൻജിനിയറിംഗ് കോളേജും അക്കാഡമിക് സ്റ്റാഫ് കോളേജും സർവകലാശാലയിലുണ്ട്. നൂറോളം ആർട്സ് ആൻഡ് സയൻസ് കോളേജുകളും മ്യൂസിക്, ഫൈൻ ആർട്സ്, ഹോട്ടൽ മാനേജ്മെന്റ്, ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളും സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. എമിരേറ്റ്സ് പ്രൊഫസർമാരടക്കം അതിപ്രഗത്ഭരായ അദ്ധ്യാപകരുടെ ശൃംഖലയാണ് സർവകലാശാലയുടെ കരുത്തുറ്റ അടിത്തറ.

ഏഴിൽ 3.67ഗ്രേഡ് പോയിന്റോടെയാണ് സർവകലാശാലയുടെ എ++ ഗ്രേഡ് നേട്ടം. നിലവിൽ എ ഗ്രേഡായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേതായി ഒൻപത് സർവകലാശാലകൾക്ക് മാത്രമേ എ++ ഗ്രേഡുള്ളൂ. ഇതിലുൾപ്പെട്ട, സംസ്ഥാന ഉടമസ്ഥതയിലുള്ള ആറ് സർവകലാശാലകളിൽ ഏറ്റവുമധികം സ്കോറോടെ എ++ ഗ്രേഡ് നേടിയത് കേരളയാണ്. കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗിൽ (എൻ.ഐ.ആർ.എഫ്) ഒന്നാം റാങ്കുള്ള ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിനുള്ള ഗ്രേഡ് പോയിന്റാണ് കേരളയ്ക്കും ലഭിച്ചതെന്നതു കൂടി അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വലിപ്പം മനസിലാവുക. ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എക്സലൻസ്, സെന്റർ ഒഫ് എക്സലൻസ് തുടങ്ങിയ പദവികൾക്ക് അപേക്ഷിക്കാൻ ഇനി കേരളയ്ക്ക് കഴിയും. ഏഴ് ഘടകങ്ങളാണ് ഗ്രേഡിംഗിനായി പരിഗണിച്ചത്. അവയിൽ കേരളയ്ക്ക് കിട്ടിയ സ്കോർ ഇങ്ങനെ:- കരിക്കുലം-3.8, അദ്ധ്യാപനവും മൂല്യനിർണയവും-3.47, ഗവേഷണം-3.52, അടിസ്ഥാനസൗകര്യം-3.75, സ്റ്റുഡന്റ് സപ്പോർട്ട്-3.93, ഗവേണൻസും മാനേജ്മെന്റും-3.61, ഇൻസ്റ്റിറ്റ്യൂഷണൽ വാല്യൂസ്-3.96.

സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പാക്കിയതിനാണ് സർവകലാശാലയ്ക്ക് ഏറ്റവുമധികം സ്കോർ ലഭിച്ചത്. സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ഗവേഷകരിൽ യു.ജി.സി ഫെലോഷിപ്പ് ലഭിക്കാത്ത മുഴുവൻ പേർക്കും തനതു ഫണ്ടിൽനിന്ന് സർവകലാശാല ഫെലോഷിപ്പ് നൽകി. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനെടുത്ത ഈ നടപടി അക്രെഡിറ്റേഷനിൽ അംഗീകരിക്കപ്പെട്ടു. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനാവശ്യമായ തുക സ്കോളർഷിപ്പായി നൽകിയതും പ്രശംസിക്കപ്പെട്ടു. ഗ്രാമങ്ങൾ ദത്തെടുത്ത് ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായുള്ള പദ്ധതികൾ നടപ്പാക്കിയതും ഗ്രേഡിംഗിന് പരിഗണിച്ചിരുന്നു. കരകുളം, വിതുര എന്നിവിടങ്ങളിലെ ഗ്രാമങ്ങൾ ദത്തെടുത്താണ് ഭാവിക്കുവേണ്ടി സർവകലാശാല പ്രകൃതിസംരക്ഷണ പദ്ധതികൾ നടപ്പാക്കിയത്. കൊവിഡ് കാലത്ത് നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകളടക്കം നൽകിയതുമെല്ലാം ഗ്രേഡിംഗിൽ പ്രതിഫലിച്ചു. പരീക്ഷാ നടത്തിപ്പിലെ മികവാണ് മികച്ച ഗ്രേഡിംഗിലേക്ക് വഴികാട്ടിയ മറ്റൊരു ഘടകം. കൊവിഡ് കാലത്ത് മിക്ക സർവകലാശാലകളും പരീക്ഷയൊഴിവാക്കി വിദ്യാർത്ഥികളെയെല്ലാം വിജയിപ്പിച്ചപ്പോൾ ഒരു പരീക്ഷ പോലും മുടക്കാതെ കേരള സർവകലാശാല മാതൃകയായിരുന്നു. കൊവിഡ് ബാധിതരായവർക്ക് പിന്നീട് സ്പെഷ്യൽ പരീക്ഷകൾ നടത്തി. സർവകലാശാലയുടെ അധികാരപരിധിക്ക് പുറത്തും എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കിയായിരുന്നു കൊവിഡ് കാലത്തെ പരീക്ഷകൾ നടത്തിയത്. വിദ്യാർത്ഥികൾക്ക് യാത്രയൊഴിവാക്കി അവരുടെ വീടിനടുത്ത് പരീക്ഷയെഴുതാൻ ഇതിലൂടെ കഴിഞ്ഞു.

എ++ ഗ്രേഡ് നേട്ടത്തോടെ കേരള സർവകലാശാലയുടെ ബിരുദത്തിന്റെ മൂല്യം ഉയരും. രാജ്യത്തെയും വിദേശത്തെയും സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനം എളുപ്പമാവും. കാമ്പസ് പ്ലേസ്‌മെന്റിന് കൂടുതൽ കമ്പനികളെത്തും. വിദേശത്തടക്കം ജോലിസാദ്ധ്യതയേറും. ഗവേഷകർക്കും ഗുണകരമാണ്. സർവകലാശാലയ്ക്ക് റൂസ, എം.എച്ച്.ആർ.ഡി എന്നിവയിൽ നിന്നടക്കമുള്ള കേന്ദ്രഫണ്ടിംഗ് കൂടും. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പണംകിട്ടും. കൂടുതൽ കോഴ്സുകൾ തുടങ്ങാം. സർക്കാർ അനുവദിച്ചാൽ കൂടുതൽ വിദൂരകോഴ്സുകൾക്കും അപേക്ഷിക്കാം. അദ്ധ്യാപകർക്ക് ഗവേഷണ പ്രോജക്ടുകൾക്ക് ദേശീയ, വിദേശ ഫണ്ടുകൾ ലഭ്യമാവും. പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്ക് ലാബ്സൗകര്യത്തിനടക്കം കൂടുതൽ ഫണ്ട് കിട്ടും. പരിശീലനത്തിനും കൂടുതൽ അവസരമൊരുങ്ങും.

നാക് അക്രഡിറ്റേഷൻ ആദ്യമായി നേടിയ 2003ൽ ബി പ്ലസ് പ്ലസ് ആയിരുന്നു സർവകലാശാലയുടെ ഗ്രേഡ്. 2015ലെ റീ അക്രഡിറ്റേഷനിൽ അത് എ-ഗ്രേഡ് ആയി ഉയർന്നു. അവിടെ നിന്നാണ് എ പ്ലസ് പ്ലസ് ഗ്രേഡിലേക്ക് സർവകലാശാല കുതിച്ചുചാട്ടം നടത്തിയത്. ഗ്രേഡിംഗ് നേടാൻ രണ്ടുവർഷമായി വൈസ് ചാൻസലർ വി.പി. മഹദേവൻപിള്ളയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് സർവകലാശാല നടത്തിയത്. 2000 ഫെബ്രുവരിയിൽ ഐ.ക്യു.എ.സി. ഡയറക്ടർ പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിലിന്റെ നേതൃത്വത്തിൽ നാക് അക്രഡി​റ്റേഷനു വേണ്ടി റിപ്പോർട്ട് സമർപ്പിച്ചു. അതേവർഷം നവംബറിൽ സർവകലാശാലയുടെ സ്വയംപഠന റിപ്പോർട്ട് സമർപ്പിച്ചു. ഒസ്മാനിയ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. രാമചന്ദ്രൻ സുരൺദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം സർവകലാശാലയിൽ പരിശോധനനടത്തി.

ഫലപ്രഖ്യാപനം

റെക്കാഡ് വേഗത്തിൽ

പരീക്ഷയും ഫലപ്രഖ്യാപനവും തോന്നുംപടിയായിരുന്നെന്ന ദുഷ്പേര് മാറ്റിയെടുത്ത സർവകലാശാല, കഴിഞ്ഞമാസം ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചത് റെക്കാ‌ഡ് വേഗത്തിലാണ്. ഒരുമാസവും രണ്ടു ദിവസവും എന്ന റെക്കാഡ് സമയത്തിലാണ് ഫലപ്രഖാപനം നടത്താനായത്. ഏപ്രിൽ 22 നായിരുന്നു ആറാം സെമസ്​റ്റർ അവസാന പരീക്ഷ . മേയ് 25ന് ഫലം പ്രഖ്യാപിച്ചു. സർവകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ വിവിധ കോളേജുകളിലുമായിരുന്നു മൂല്യനിർണയ ക്യാമ്പുകൾ. പ്രാക്ടിക്കൽ വൈവ പരീക്ഷകളും നിശ്ചിതസമയത്തിനുള്ളൽ പൂർത്തിയാക്കാനായി. ബി.എയ്ക്ക് 90.68 ശതമാനം, ബി കോമിന് 93.31 ശതമാനം, ബി.എസ്‌സിക്ക് 96.46 ശതമാനം എന്നിങ്ങനെയാണ് വിജയം.

വിദ്യാർത്ഥികൾക്ക്

മികച്ച സേവനം‌

സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്ന മികച്ച സേവനങ്ങളും ഗ്രേഡ് നേട്ടത്തിന് വഴിയൊരുക്കി. പാലക്കാട് ഐ.ഐ.ടി.യുടെ സഹായത്തോടെ നിർമിച്ച സ്​റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സംവിധാനം വന്നതോടെയാണ് വലിയ മാറ്റമുണ്ടായത്. ഇ-റിസോഴ്സുകളും ആർ.എഫ്.ഐ.ഡി. സംവിധാനത്തിലുള്ള പുസ്തക ട്രാക്കിംഗ് സാദ്ധ്യമാക്കിയ ക്ലിഫ് എന്ന സംവിധാനവും സർവകലാശാലാ ലൈബ്രറി സംവിധാനത്തിന്റെ മുഖച്ഛായ മാറ്റി. 24 പേ​റ്റന്റിന് അപേക്ഷിച്ചതിൽ നാല് പേ​റ്റന്റുകൾ സ്വന്തമാക്കാനായി. മികച്ച കൺസൾട്ടൻസി സെല്ലും വ്യവസായ അനുബന്ധ സെല്ലും വിദ്യാർത്ഥികൾക്ക് ഗുണകരമായി. സർവകലാശാലയിൽ കാർബൺ മുക്ത കാമ്പസ് പദ്ധതി നടപ്പാക്കിയിരുന്നു. 11 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന, ബാറ്ററികൊണ്ടു പ്രവർത്തിപ്പിക്കുന്ന 'ഇലക്ട്രിക് ബഗ്ഗി' വാഹനം, 75 സൈക്കിളുകൾ എന്നിവ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി സജ്ജമാക്കി. കാമ്പസിൽ പെട്രോൾ-ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം. കാമ്പസിലെത്തുന്ന ആർക്കും വാഹനം പാർക്ക് ചെയ്ത ശേഷം 'ഇലക്ട്രിക് ബഗ്ഗി' വാഹനത്തിന്റെയോ സൈക്കിളിന്റെയോ സേവനം ഉപയോഗപ്പെടുത്താം. സൈക്കിളുകളിലെയും ബാറ്ററി വാഹനങ്ങളിലെയും സഞ്ചാരം പ്രോത്സാഹിപ്പിച്ച് കാർബൺ മലിനീകരണം കുറയ്ക്കുകയും ക്രമേണ കാമ്പസിനെ കാർബൺ മുക്തമാക്കി മാറ്റുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY OF KERALA GETS A++ RANKING FROM NAAC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.