SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.27 AM IST

ദാ ഇവിടെ കുറച്ച് നേരമൊന്ന് ഇരിക്കണം, മനസിന്റെയും ശരീരത്തിന്റെയും പിരിമുറുക്കങ്ങൾക്ക്‌ കടിഞ്ഞാണിടാം; ഇതാണ് ഇൻഡോർ ഹീലിംഗ് ഗാർഡൻ, നിങ്ങൾക്കും ഒരുക്കാം ചുരുങ്ങിയ ചിലവിൽ

virdescent-haven

ചുറ്റുമൊന്ന് കണ്ണോടിച്ചാൽ എല്ലായിടത്തും തിരക്കും ബഹളവും ഒക്കെയാണ് കാണുന്നത്. മനസിനും ശരീരത്തിനും അല്‌പം വിശ്രമം കൊടുക്കാനായി എ.സി റൂമുകൾക്ക് പകരം പ്രകൃതിയോട് ഇഴുകിച്ചേർന്നിരിക്കുന്ന ഒരു ഇടം തേടുന്നവരാകും ഭൂരിഭാഗവും. പൂന്തോട്ടങ്ങളിൽ കുറച്ച് നേരം പോയിരുന്നാൽ കിട്ടുന്ന സമാധാനം ഒന്ന് വേറെ തന്നെയാണ്.

ഇപ്പോഴിതാ മനസിനും ശരീരത്തിനും കുളിർമയേകുന്ന വെറും പൂന്തോട്ടമല്ല, ഒരു 'ഹീലിംഗ് ഗാർഡൻ' തന്നെ ഒരുക്കിയിരിക്കുകയാണ് ഒരു ഗവേഷക വിദ്യാർത്ഥി. നാക് റീ അക്രിഡിറ്റേഷനിൽ ചരിത്രനേട്ടം സ്വന്തമാക്കിയ കേരള സർവകലാശാലയിലെ ബോട്ടണി വിഭാഗം ഗവേഷക വിദ്യാർത്ഥി രേഷ്‌മ പി.ആർ.

reshma

മനസ് നിറയ്‌ക്കും ഹീലിംഗ് ഗാർഡൻ

വിദേശ രാജ്യങ്ങളിൽ, കൂടുതലും ആശുപത്രികൾ, മെഡിറ്റേഷൻ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഹീലിംഗ് ഗാർഡനുകൾ കാണാറുള്ളത്. പല തരത്തിലുള്ള ഹീലിംഗ് ഗാർഡനുകൾ കാണാറുണ്ട്. മെഡിറ്റേറ്റീവ് ഗാർഡൻ, റെസ്റ്റോറേറ്റീവ് ഗാർഡൻ എന്നിവ ഹീലിംഗ് ഗാർഡന് ഉദാഹരണങ്ങളാണ്. അവിടുങ്ങളിൽ വിശാലമായ പ്രദേശത്താണ് ഇവ ഒരുക്കുന്നത്.

ഹീലിംഗ് ഗാർഡനുകളിൽ കുറച്ച് സമയം ചിലവഴിച്ചാൽ മരുന്നുകളുടെ സഹായം ഇല്ലാതെ അസുഖങ്ങൾ മാറും എന്നതല്ല ഇതിന് പിന്നിലെ തത്വം, മറിച്ച് രോഗമുക്തി കൂടുതൽ വേഗത്തിൽ നേടാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

ഹീലിംഗ് ഗാർഡനുകളിൽ സ്ഥിരമായി കുറച്ച് നേരമെങ്കിലും ചിലവിട്ടാൽ മാനസിക പിരിമുറുക്കങ്ങൾക്ക് ഒരു പരിധി വരെ കടിഞ്ഞാണിടാം. ഇത്തരം ചുറ്റുപാടിൽ സമയം ചിലവഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഉറക്കമില്ലായ്‌മയ്ക്കും പരിഹാരം ലഭിക്കും. രക്തയോട്ടം മെച്ചപ്പെടുത്താനും ഉത്തമമാണെന്ന് പഠനങ്ങൾ ഓർമിപ്പിക്കുന്നു.

ഗവേഷണം പേപ്പറിലൊതുക്കിയില്ല, കണ്മുന്നിൽ തന്നെ ഒരുക്കി 'വിരിടെസെന്റ് ഹാവൻ'

ബോട്ടണി വിഭാഗത്തിൽ പ്രൊഫസർ ഡോ. ബിന്ദു ആർ നായരുടെയും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലൈജ എസ് നായരുടെയും ( യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം ) കീഴിൽ നാലാം വർഷ ഗവേഷക വിദ്യാർത്ഥിയായ രേഷ്‌മയും സംഘവുമാണ് കാര്യവട്ടം ക്യാമ്പസിൽ മനോഹരമായ ഈ ഇൻഡോർ ഗാർഡൻ ഒരുക്കിയത്. 'വിരിടെസെന്റ് ഹാവൻ' എന്നാണ് ഈ ഇൻഡോർ ഹീലിംഗ് ഗാർഡന് ഇവർ നൽകിയിരിക്കുന്ന പേര്. 'ഗ്രീൻ ഷെൽട്ടർ' അഥവാ 'ഹരിത സങ്കേതം' എന്നാണ് അർത്ഥമാക്കുന്നത്.

botony

'അന്തർഗൃഹസ്ഥ വായു മലിനീകരണം നീക്കം ചെയുന്നതിൽ സസ്യങ്ങളുടെ ഫലപ്രാപ്തി ' എന്ന വിഷയത്തിലാണ് രേഷ്മയുടെ ഗവേഷണം. ഇത്തരത്തിൽ എല്ലാ സ്ഥാപനങ്ങളിലും ഗൃഹങ്ങളിലും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഹീലിംഗ് ഗാർഡനുകൾ വരണമെന്നാണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്.

കേരള സർവകലാശാല പ്രോ വെെസ് ചാൻസിലർ പ്രൊഫസർ പി.പി അജയകുമാർ ഗാർഡൻ സന്ദ‌ർശിച്ചിരുന്നു. പുറത്ത് നിന്നുള്ളവർക്ക് നേരത്തെ ഡിപ്പാർട്മെന്റ് മേധാവിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാൽ 'വിരിടെസെന്റ് ഹാവൻ' സന്ദർശിക്കാം.

pro-vc

തന്റെ ഗാർഡനെക്കുറിച്ച് രേഷ്‌മയുടെ വാക്കുകൾ

'പലയിടത്തും ഗാർഡനുകൾ ഉണ്ടെങ്കിലും ഇൻഡോർ ഹീലിംഗ് ഗാർഡൻ എന്ന കോൺസെപ്റ്റ് അധികമാർക്കും പരിചിതമല്ല. ഗൈഡായ ബിന്ദു ടീച്ചറാണ് ഗവേഷണത്തിന്റെ ആപ്ലിക്കേഷൻ എന്ന നിലയിൽ ഒരു ഹീലിംഗ് ഗാർഡൻ ഡിപ്പാർട്മെന്റിൽ നിർമിക്കാം എന്ന് അഭിപ്രായപ്പെട്ടത്. എന്റെ റിസേർച്ചിന്റെ ഭാഗമായിട്ടുള്ള ചെടികളാണ് ഇവിടെ വച്ചിട്ടുള്ളത്. അഞ്ചു ടൈപ്പ് ആണ് കൂടുതലും.

സ്‌പൈഡർ ലില്ലി, മണി പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, ലക്കി ബാംബൂ, ആരൊവ് ഹെഡ് പ്ലാന്റ് എന്നിവയാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ഈ ചെടികൾ എയർ പ്യുരിഫിക്കേഷൻ ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. കേരള സർവകലാശാലയുടെയും, ബോട്ടണി വിഭാഗം മേധാവിയുടെയും, അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും സമ്പൂർണ പിന്തുണ ഉണ്ടായിരുന്നത് കൊണ്ടാണ് ഗാർഡൻ പ്രാവർത്തികമാക്കാൻ സാധിച്ചത്'.

viridescent-haven

ഒരു ചെറിയ നീരുറവ, ചവിട്ടി നടക്കാൻ കല്ലുകൾ, പിന്നെ കുറച്ച് സ്പെഷ്യൽ ചെടികളും


ഹീലിംഗ് ഗാർഡനുകൾ പല തരത്തിൽ ഒരുക്കാം. സ്ഥലപരിമിതി ഉള്ളവർ ഇൻഡോർ ഗാർഡനുകൾ ഒരുക്കുന്നതാവും അഭികാമ്യം. റൂമിന്റെ ഒരു മൂലയിലോ മുറ്റത്ത് ഒരു വശത്തായോ ഒക്കെ സൗകര്യാനുസരണം ഒരുക്കാം.


ഭൂമി, ജലം, ചെടികൾ എന്നീ മൂന്ന് ഘടകങ്ങൾ സംയോജിപ്പിച്ചാണ് 'വിരിടെസെന്റ് ഹാവൻ' ഒരുക്കിയിരിക്കുന്നത്. തറയിൽ മണ്ണിന് പകരം ഉരുളൻ കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കല്ലിലും മണ്ണിലും നേരിട്ട് ചവിട്ടി നടക്കുന്നത് നാഡിവ്യൂഹത്തിന് ഗുണം ചെയ്യും. കല്ലിലൂടെ നടക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങളുണ്ട്.

water-bubbling

ചെടികൾ തിരഞ്ഞെടുക്കുമ്പോഴാണ് പ്രത്യേകം ശ്രദ്ധ നൽകേണ്ടത്. എയർ പ്യൂരിഫിക്കേഷൻ ഉള്ള ചെടികളാണ് 'വിരിടെസെന്റ് ഹാവനി'ൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ചെടികളെല്ലാം തന്നെ നമ്മുടെ പ്രദേശത്ത് സുലഭമായി ലഭിക്കുന്നവയുമാണ്.

കണ്ണുകളടച്ച് ശ്രദ്ധിച്ച് ഇരുന്നാൽ ചെറിയ ശബ്‌ദം കേൾക്കാവുന്ന തരത്തിൽ ജലം ഗാർഡനിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു കുഞ്ഞ് നീരുറവയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. മുള കൊണ്ടുള്ള വാതിൽ, ചിത്രപ്പണിയോടെയുള്ള ഗ്ലാസ് ബോട്ടിലുകൾ, പെയിന്റിംഗ്, വിൻഡ് ചെെം എന്നിവയെല്ലാം ഹീലിംഗ് ഗാർഡന്റെ ഭംഗി വർദ്ധിപ്പിച്ചിട്ടുണ്ട്. ഗാർഡൻ പ്ലാസ്റ്റിക് മുക്തമാണെന്ന പ്രത്യേകതയുമുണ്ട്.

plants

ഓരോരുത്തർക്കും സൗകര്യാനുസരണം ഇഷ്ടമുള്ളവ ഗാർഡനിൽ ഉൾപ്പെടുത്താം. ചെറിയ ശബ്ദത്തോടെയുള്ള സംഗീതവും സജ്ജമാക്കാം. ഫിഷ് ടാങ്ക് ഉപയോഗിച്ച് ഭംഗി കൂട്ടാം. ചെടികളും കല്ലുകളും തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. എയർ പ്യുരിഫിക്കേഷൻ ഉള്ള ചെടികളും കാലിന് പരിക്കേൽക്കാത്ത കല്ലുകളും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഇടമാണ് ഹീലിംഗ് ഗാർഡൻ. 'വിരിടെസെന്റ് ഹാവൻ' ഒരു തുടക്കമാവട്ടെ, പ്രകൃതിയുടെ തലോടലും സ്നേഹവും ഒത്തുചേരുന്ന ഹീലിംഗ് ഗാർഡനുകൾ ഇനിയുമുണ്ടാവട്ടെ.

viridescent-haven

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRDESCENT HAVEN, UOK, BOTONY, HEALING GARDEN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.