SignIn
Kerala Kaumudi Online
Friday, 02 October 2026 11.56 AM IST

ഹോട്ടലുകളിൽ ജി.എസ്.ടി റെയ്‌ഡ്: 81കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

gst-raid

ഒാപ്പറേഷൻ മൂൺലൈറ്റ് റെയ്ഡ്

സർക്കാരിന് 4.08കോടി നികുതി നഷ്ടം

തിരുവനന്തപുരം: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ജി.എസ്.ടി നടത്തിയ അപ്രതീക്ഷിത രാത്രി റെയ്ഡിൽ 81.5കോടിരൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ സർക്കാരിന് 4.08കോടി രൂപയുടെ നികുതിയാണ് നഷ്ടമായത്.

ജി.എസ്.ടി.ഇന്റലിജൻസ് നിർദ്ദേശിച്ച 12 ജില്ലകളിലെ 32 ഹോട്ടലുകളിലാണ് ബുധനാഴ്ച രാത്രി 7.30 മുതൽ വ്യാഴാഴ്ച പുലർച്ചെ ആറുവരെ ഒാപ്പറേഷൻ മൂൺലൈറ്റ് എന്ന പരിശോധന നടത്തിയത്.ഹോട്ടലുകളിൽ ബില്ലുകളും മറ്റ് രേഖകളും ഒരു ദിവസത്തിലധികം സൂക്ഷിക്കില്ല. തെളിവുകളും നശിപ്പിക്കും. ഇത് കണക്കിലെടുത്തായിരുന്നു മിന്നൽ റെയ്ഡ്.

ജി.എസ്.ടി.വന്ന ശേഷം ഹോട്ടലുകൾ നികുതിയുടെ പേരിൽ വൻതുക ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നതായി പരാതിയുണ്ട്. ഇതൊന്നും സർക്കാരിലേക്ക് കിട്ടുന്നില്ല. ഇവരുടെ റിട്ടേണുകളിലെ കണക്കും യഥാർത്ഥ കണക്കും കണ്ടെത്താനും വൻകച്ചവടമുള്ള സ്ഥാപനങ്ങൾ ജി.എസ്.ടി.രജിസ്ട്രേഷൻ എടുത്തിട്ടുണ്ടോ, കച്ചവടം എത്രയുണ്ട്, ജി.എസ്.ടി.യായി ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.

ദിവസം 5479രൂപ വിറ്റുവരവുള്ള ഹോട്ടൽ ജി.എസ്.ടി. രജിസ്ട്രേഷൻ എടുക്കണം. വാർഷിക വിറ്റുവരവ് 20ലക്ഷമുള്ള സ്ഥാപനങ്ങളാണ് നികുതി പരിധിയിൽ വരുന്നത്. 5ശതമാനമാണ് ജി.എസ്.ടി.

ഹോട്ടലുകൾക്കെതിരെ ജനങ്ങളുടെ വ്യാപകമായ പരാതിയുണ്ട്. റെയ്ഡിൽ ലഭിച്ച വിവരങ്ങളുടേയും രേഖകളുടേയും സൂഷ്മപരിശോധന കഴിയുമ്പോൾ വെട്ടിപ്പിന്റെ വ്യാപ്തി കൂടും. വരും ദിവസങ്ങളിൽ ഹോട്ടലുകളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ജി.എസ്.ടി. കമ്മിഷണർ അറിയിച്ചു.

ജി.എസ്.ടി. ഐ.ബി.വിഭാഗം ജോയിന്റ് കമ്മിഷണർ സാജു നമ്പാടൻ, ഡെപ്യൂട്ടി കമ്മിഷണർ വിൻസ്റ്റൺ ജോൺസൺ, മധു എൻ.പണിക്കർ, എന്നിവരുടെ നേതൃത്വത്തിൽ ഇൻവെസ്റ്റിഗേഷൻ, ഇന്റലിജൻസ് വിഭാഗങ്ങളിലെ ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് ഒാപറേഷൻ മൂൺലൈറ്റിൽ പങ്കെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA