ബീഫ് പ്രേമികൾക്ക് വേണ്ടിയുള്ള ഒരു അടിപൊളി രുചിയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. ബീഫിന്റെ എല്ല് കൊണ്ടുള്ള ഒരു യമണ്ടൻ ഐറ്റം. വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒന്നാണിത്. എല്ല് മുട്ടിക്കറി എന്നാണ് ഇതറിയപ്പെടുന്നത്. ഇനി ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം...
ചെറിയൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കണം. അതിലേക്ക് ചെറിയ ഉള്ളി, കുരുമുളക്, ഗ്രാംപു, ജീരകം എന്നിവ ചേർക്കണം. ചെറുതായിട്ട് ഒന്ന് വഴറ്റിയ ശേഷം അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് നന്നായി വറുത്തെടുത്ത് മാറ്റി വയ്‌ക്കാം.
ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കണം. അതിലേക്ക് സവാള അരിഞ്ഞു വച്ചത്, പച്ച മുളക്, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ജീരകം, മഞ്ഞൾപ്പൊടി, മുളക് പൊടി, മീറ്റ് മസാല, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ അല്പം വെള്ളം ചേർത്ത് വേവിച്ചെടുക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫിന്റെ എല്ലിൻ കഷ്‌ണങ്ങൾ ചേർത്ത് കൊടുക്കാം. ഇനി മുങ്ങി കിടക്കാൻ പാകത്തിൽ വെള്ളമൊഴിച്ച് അടച്ച് വച്ച് വേവിക്കാം.
ഈ സമയത്ത് നേരത്തെ വറുത്ത് മാറ്റി വച്ചിരുന്ന തേങ്ങയും ഉള്ളിയും ചേർത്ത കൂട്ട് നന്നായി അരച്ചെടുക്കാം. എല്ലിൻ കഷ്‌ണങ്ങൾ പകുതി വേവാകുമ്പോൾ അതിലേക്ക് ഈ അരപ്പ് ചേർത്ത് കൊടുത്ത് വേവിച്ചെടുക്കാം. വൈകുന്നേരങ്ങളിൽ കട്ടൻ ചായയ്‌ക്കൊപ്പം രുചിക്കാവുന്ന അടിപൊളി ഐറ്റമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |