കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് അറിയാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് രണ്ടു ദിവസത്തിനകം സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിലേക്ക് അയയ്ക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കാർഡ് ലഭിച്ച് ഏഴു ദിവസത്തിനകം ലാബ് അധികൃതർ പരിശോധനാ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനും, മുദ്രവച്ച കവറിൽ വിചാരണക്കോടതിക്കും നൽകണം.
പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് സിംഗിൾബെഞ്ച് അനുവദിച്ചത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ഫോറൻസിക് വിദഗ്ദ്ധൻ വിചാരണക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയത്. മെമ്മറി കാർഡ് ഓരോ തവണ കൈകാര്യം ചെയ്യുമ്പോഴും ഹാഷ് വാല്യൂവിൽ മാറ്റം വരും. ഫോറൻസിക് വിദഗ്ദ്ധന്റെ റിപ്പോർട്ടനുസരിച്ചാണെങ്കിൽ ആരോ കാർഡ് അനധികൃതമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണെന്നും ഇക്കാര്യം വിചാരണയിൽ പരിഗണിക്കാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഈയാവശ്യം ഉന്നയിച്ചത്. ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആക്രമണത്തിനിരയായ നടിയും ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിചാരണവേളയിൽ ചോദ്യമുയർന്നാൽ ഉത്തരം നൽകാൻ ഫോറൻസിക് പരിശോധനാഫലം അനിവാര്യമാണെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു.
പീഡനക്കേസുകളിൽ രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ക്രിമിനൽ നടപടിക്രമത്തിൽ പറയുന്നുണ്ട്. ഈ കേസിൽ സമയപരിധി കഴിഞ്ഞു. നിലവിലെ തുടരന്വേഷണം ജൂലായ് 15നകം പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |