SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.15 AM IST

അമ്മയും നവജാത ശിശുവും മരിച്ചതിൽ പിഴവില്ലെന്ന് ആശുപത്രി അധികൃതർ

aiswarya

പാലക്കാട്: പ്രസവത്തിൽ നവജാത ശിശുവും തുടർന്ന് അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് പാലക്കാട് തങ്കം ആശുപത്രി എം.ഡി ആർ. രാജ്‌മോഹൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നു. കുഞ്ഞ് പുറത്തേക്ക് വന്നിട്ടും കരഞ്ഞില്ല. തുടർന്ന് ശിശുരോഗ വിദഗ്‌ദ്ധന്റെ സഹായത്തോടെ എം.ഐ.സി.യുവിൽ ചികിത്സ നൽകി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല.

ബന്ധുക്കളെ അറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്‌തെന്ന ആരോപണവും അധികൃതർ തള്ളി. കുഞ്ഞിന്റെ മൃതദേഹം ഐശ്വര്യയുടെ ബന്ധുവായ രേഷ്മയ്ക്ക്

കൈമാറി. രേഷ്മ ഒപ്പിട്ട രേഖകൾ ആശുപത്രിയിലുണ്ട്. പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ ഐശ്വര്യയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായി. രക്തസ്രാവം കുറയ്ക്കാനുള്ള മരുന്നുകളും ചികിത്സയും നൽകിയെങ്കിലും നിയന്ത്രിക്കാനായില്ല. തുടർന്ന് ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളെ അറിയിച്ചു. ഇതിനുള്ള അനുമതി ബന്ധുക്കളിൽ നിന്ന് വാങ്ങിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ശസ്ത്രക്രിയയിലൂടെ രക്തസ്രാവം നിറുത്താൻ കഴിയാത്തതിനാൽ ജീവൻ രക്ഷിക്കാനാണ് ഗർഭപാത്രം നീക്കിയത്. അതിനുശേഷം തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റി. പിന്നീട് വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരിച്ചെന്നും അധികൃതർ വ്യക്തമാക്കി.

 പിഴവില്ലെന്ന് ഐ.എം.എ

സംഭവത്തിൽ ആശുപത്രിക്ക് പിഴവില്ലെന്നും മതിയായ എല്ലാ ചികിത്സയും ഐശ്വര്യയ്ക്ക് നൽകിയെന്നും ഐ.എം.എ പാലക്കാട് പ്രസിഡന്റ് ഡോ. എൻ.എം. അരുൺ പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. അരുൺ പറഞ്ഞു. അതേസമയം സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്നും ചികിത്സാപ്പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പാലക്കാട് ഡി.എം.ഒ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AISWARYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA