
ആലപ്പുഴ: വോട്ടെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് ചൂടിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും. ഇതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്‌ടർ.
പ്രചാരണത്തിനിടെ കുട്ടികളെ കയ്യിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധനിയമപ്രകാരം നിരോധിക്കപ്പെട്ടതാണ്. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ - ലഘുലേഖ എന്നിവയുടെ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്. തിരഞ്ഞെടുപ്പ് പാട്ടുകൾ, കവിതകൾ, പ്രസംഗം, രാഷ്ട്രീയ പാർട്ടിയുടെയോ ചിഹ്നങ്ങളുടെയോ പ്രദർശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും കളക്‌ടർ നിർദേശിച്ചു.
ഏപ്രിൽ ഒൻപതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. മേയ് നാലിന് വോട്ടെണ്ണൽ. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് കിട്ടുന്നത് 23 ദിവസം മാത്രമാണ്. ഇന്ന് പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിക്കും. നാമനിർദ്ദേശ പത്രിക നൽകിയ 1254 സ്ഥാനാർത്ഥികളിൽ 257 പേരുടെ പത്രിക ചൊവ്വാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. 12 പേർ പത്രിക പിൻവലിച്ചു. നിലവിൽ മത്സരരംഗത്തുള്ളത് 985 പേരാണ്. ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഡമ്മി സ്ഥാനാർത്ഥികൾ ഇന്ന് പത്രിക പിൻവലിക്കും. ഇതോടെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം വ്യക്തമാകും.
ജില്ലകളിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്, 115 പേർ. കുറവ് വയനാട്ടിൽ ആണ്, 22 പേർ. മണ്ഡലങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികൾ കോഴിക്കോട് കൊടുവള്ളിയിൽ -17. കുറവ് സംവരണ മണ്ഡലങ്ങളായ തൃശൂർ നാട്ടികയിലും വയനാട് മാനന്തവാടിയിലും - മൂന്നു പേർ വീതം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്തുള്ളത് 2.72 കോടി വോട്ടർമാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |