SignIn
Kerala Kaumudi Online
Saturday, 12 September 2026 2.30 AM IST

പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

kerala-assembly

എട്ട് മിനിട്ടിനുള്ളിൽ സഭ പിരിഞ്ഞു

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു.എട്ട് മിനിട്ടിനകം നടപടികൾ പൂ‌ത്തിയാക്കി സഭ പിരിഞ്ഞു.

രാവിലെ 9ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി എഴുന്നേറ്റ് മുദ്രാവാക്യം വിളി തുടങ്ങിയെങ്കിലും നടുത്തളത്തിലിറങ്ങിയില്ല. ഭരണപക്ഷം എതിർപ്പുമായി രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി. പിന്നാലെ , ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിനും അപ്രതീക്ഷിതമായി. പ്രതിപക്ഷനേതാവ് സംസാരിക്കാനെഴുന്നേറ്റെങ്കിലും എല്ലാവരും ബഹളത്തിലാണ്, എന്ത് സംസാരിക്കാനെന്ന് ചോദിച്ച് സ്പീക്കർ മൈക്കനുവദിച്ചില്ല. ഇതോടെ പ്രകോപിതരായി പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു. ബഹളത്തിനിടയിൽ പൊതുമരാമത്ത്, തുറമുഖം, വിനോദസഞ്ചാരം വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ വേഗത്തിൽ പാസാക്കി 9.08ന് സഭ പിരിഞ്ഞു. തുടർന്ന് ,സ്പീക്കർക്കും മുഖ്യമന്ത്രിക്കുമെതിരെയടക്കം മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ വിട്ടിറങ്ങി.

ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പും ഡോ.അംബേദ്കറുടെ ചിത്രവുമടക്കം ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം ഇന്നലെ സഭയിലെത്തിയത്. ചോദ്യോത്തരവേളയിൽ ആദ്യ ചോദ്യത്തിനായി പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥിനെ സ്പീക്കർ എം.ബി. രാജേഷ് ക്ഷണിച്ചെങ്കിലും അവരാരും സഹകരിച്ചില്ല. ഭരണഘടനാലംഘനം നടത്തിയ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചോദ്യോത്തരവേള നിറുത്തിവച്ച് അടിയന്തരപ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് പരിഗണിക്കാറെന്ന് സ്പീക്കർ മറുപടി നൽകി.ആദ്യ ചോദ്യത്തിനുള്ള മറുപടിക്കായി ആരോഗ്യമന്ത്രി വീണ ജോർജിനെ സ്പീക്കർ ക്ഷണിച്ചു. അംഗം ചോദ്യമുന്നയിക്കാത്തതിനാൽ മറുപടി നൽകാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

രണ്ടാം ചോദ്യത്തിന് ഉത്തരം നൽകാനായി മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റെങ്കിലും ചോദ്യമുന്നയിക്കാതിരുന്നതിനാൽ അദ്ദേഹം മറുപടി നൽകിയില്ല. മൂന്നാം ചോദ്യം ഭരണകക്ഷിയംഗങ്ങളുടേതായിരുന്നു. മന്ത്രി വീണ ജോർജ് മറുപടി വായിക്കവേ പ്രതിപക്ഷ മുദ്രാവാക്യം വിളി ഉച്ചത്തിലായി. ഇതിനിടയിലാണ് പ്രതിപക്ഷനേതാവ് വീണ്ടും എഴുന്നേറ്റതും മൈക്കനുവദിക്കാതിരുന്നതും.

പ്രതിപക്ഷത്തിനെതിരെ ഇതിനിടയിൽ മുൻനിരയിലേക്ക് ഭരണപക്ഷവുമെത്തിയിരുന്നു. തുടർന്ന്,സഭ

പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. ബഹളം നടക്കുമ്പോൾ മന്ത്രി സജി ചെറിയാൻ ഇരിപ്പിടത്തിൽ നിശ്ശബ്ദനായി ഇരിക്കുന്നുണ്ടായിരുന്നു. അംഗങ്ങൾ നടുത്തളത്തിലിറങ്ങാതെ പ്രതിഷേധിക്കുമ്പോൾ സഭാ നടപടികൾ പെട്ടെന്ന് അവസാനിപ്പിക്കുന്നത് അപൂർവമാണ്.

സ്പീക്കറെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു

സഭ പിരിഞ്ഞശേഷം സ്പീക്കറെ നേരിൽ കണ്ട പ്രതിപക്ഷനേതാക്കൾ ശൂന്യവേള റദ്ദാക്കിയതിലെ പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ച സംഭവം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭരണകക്ഷിയംഗങ്ങൾ സീറ്റിൽ നിന്നിറങ്ങി വന്ന് പ്രകോപനമുണ്ടാക്കി. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം മുഴക്കുന്നത് ആദ്യമായിട്ടല്ല. നടുത്തളത്തിലിറങ്ങാതെ പ്രതിഷേധിച്ചിട്ടും ചോദ്യോത്തരവേളയും ശൂന്യവേളയുമടക്കം സ്പീക്കർ റദ്ദാക്കി. സഭാചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നടപടി. ഭരണപക്ഷത്തെ മാത്രം കാണിച്ച് സഭാ ടിവി വീണ്ടും തെറ്റ് ആവർത്തിച്ചിരിക്കുകയാണ്. ഭരണപക്ഷത്തിനു വേണ്ടി മാത്രമായി സഭാ ടിവി വേണമോയെന്ന് ആലോചിക്കേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA