ജാതിവ്യവസ്ഥയും അന്ധവിശ്വസങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലത്ത്, ആ ഇരുളിനെ മാറ്റി പ്രകാശമായി ഉദിച്ചുയർന്ന വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ജീവിതവും കാലാതിവർത്തിയായ ദർശനവും സമൂഹത്തെ ഏറെ മുന്നിലേക്ക് നടത്തിച്ചു. പിൽക്കാലത്ത് ഗുരുവിന്റെ ജീവിതം നിരവധി രചനകൾക്കും സൃഷ്ടികൾക്കും ആധാരമായിത്തീർന്നിട്ടുണ്ട്. ആ ഗണത്തിൽ ഏറ്റവും പുതിയതെന്ന് വിശേഷിപ്പിക്കാവുന്നതാണ് കൗമുദി ടിവിയുടെ 'മഹാഗുരു" എന്ന പരമ്പര. ഗുരുവിന്റെ ജീവിതത്തിലെ സംഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് പരമ്പരയിലൂടെ പറയുന്നത്. മഹാഗുരുവിൽ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളിലെ ഗുരുവിനെ അവതരിപ്പിക്കാൻ അവസരം ലഭിച്ച രണ്ടുപേരുടെ ഹൃദയം തൊടുന്ന അനുഭവങ്ങളിലൂടെ...
എല്ലാം മഹാഗുരുവിന്റെ അനുഗ്രഹമായാണ് ശ്രീനാരായണഗുരുവിനെ ഇപ്പോൾ അവതരിപ്പിക്കുന്ന ജയൻദാസ് പറയുന്നത്. ആദ്യമായാണ് കാമറയ്ക്ക് മുന്നിലെത്തുന്നത് ഗുരുവിന്റെ വേഷം ചെയ്തുകൊണ്ടായിരുന്നു. അതുവരെ കാമറയ്ക്ക് പിന്നിലായിരുന്നു.
മഹാഗുരുവിന്റെ സംവിധായകൻ ഡോ.മഹേഷ് കിടങ്ങിൽ എന്റെ സുഹൃത്താണ്. ആ പരിചയമാണ് ഗുരുവാകാനുള്ള അവസരത്തിലേക്കെത്തിച്ചത്. സൗഹൃദ സംഭാഷണത്തിനിടയിൽ പലപ്പോഴും മഹേഷ് പറഞ്ഞിട്ടുണ്ട് ഗുരുവുമായി മുഖത്ത് എന്തോ സാമ്യതകളുണ്ടെന്ന്. ഇപ്പോഴത്തെ ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾ മരുത്വാമലയിലെ മഠാധിപതിയായിരിക്കുന്ന സമയത്താണ് ഗുരുദേവന്റെ മരുത്വാമല ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ഡോക്യുഫിക്ഷൻ നിർമ്മിക്കാം എന്ന ആലോചന വരുന്നത്. അന്ന് കണ്ടപ്പോഴാണ് മഹേഷ് ആ വേഷം ചെയ്തു നോക്കാമെന്ന് പറഞ്ഞത്. അങ്ങനെ ആദ്യമായി ഗുരുവിന്റെ വേഷമിട്ടു. ആ ഡോക്യുഫിക്ഷനും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയായിരുന്നു. അങ്ങനെ അന്നാണ് ആദ്യമായി കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. അതു കഴിഞ്ഞ് ഏതാണ്ട് മൂന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് മഹാഗുരുവിലേക്ക് എത്തുന്നത്. ഗുരുവിന്റെ വേഷം ചെയ്യാമോ എന്ന ചോദ്യത്തിന് ഞാൻ ഒരു നിബന്ധനയേ വച്ചുള്ളു. പരമ്പരയുടെ അവസാനം വരെയും അദ്ദേഹം തന്നെയായിരിക്കണം സംവിധായകൻ.""
''വരുന്ന കാലത്ത് ലോകം മുഴുവൻ ഉറ്റുനോക്കുന്ന കാര്യങ്ങളാണ് ഗുരുദർശനങ്ങൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേരളം, ഇന്ത്യ എന്ന ഒരു അതിർത്തിയിൽ ഒതുങ്ങി നിൽക്കുന്നതല്ല ഗുരുവിന്റെ പ്രഭാവം. എന്റെ വീട് വർക്കലയ്ക്ക് സമീപം കല്ലമ്പലമാണ്. പക്ഷേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പോലെ ഞാനുൾപ്പെടെയുള്ള ആളുകൾ ഗുരുവിനെ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. അങ്ങനെയുള്ള എനിക്ക് ഗുരുദേവന്റെ വേഷം അവതരിപ്പിക്കാൻ സാധിച്ചത് ഒരു നിയോഗമായി കാണാനാണിഷ്ടം. അതൊരു അനുഗ്രഹമായും കണക്കാക്കാം. അതിന് നന്ദി പറയേണ്ടത് സംവിധായകനോട് തന്നെയാണ്.
ന
മ്മളിൽ പലരും ഗുരുവിനെ കാണുന്നത് ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിലാണ്. ആ രീതിയിലാണ് നമ്മൾ വളർന്നു വന്ന ചുറ്റുപാടുകൾ നമ്മെ പഠിപ്പിച്ചത്. വിവാഹം കഴിഞ്ഞ് ഭാര്യ ചൊല്ലുമ്പോഴാണ് ആദ്യമായി ഞാൻ ദൈവദശകം പോലും കേൾക്കുന്നത്. ഞാൻ മാത്രമല്ല എന്റെ വീട്ടിലുള്ള മറ്റുള്ളവരും കേൾക്കുന്നത് അപ്പോഴാണ്. അന്നും ഞാൻ പറഞ്ഞത് ഗുരു ഒരു ദൈവമൊന്നുമല്ല. ഒരു സാമൂഹിക പരിഷ്കർത്താവ് മാത്രമാണ് എന്നൊക്കെയാണ്. അതിൽ നിന്നൊക്കെ ഒരുപാട് ഉയരെയാണ് ഗുരുവെന്ന് മനസിലാക്കാൻ മഹാഗുരു സഹായിച്ചു. ഗുരുവിനെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് നമുക്കൊക്കെ അറിയാവുന്നത്. അതിലും എത്രയോ വലുതാണ് ഗുരു.
'മരുത്വമല" ചെയ്യുന്ന സമയത്തു തന്നെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിചാരിച്ച സമയത്തൊന്നും ഷൂട്ടിംഗ് തുടങ്ങാൻ പറ്റിയില്ല. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടുപോയി. താടി വളർത്താൻ പറഞ്ഞിരുന്നു. താടി വളർന്നുകൊണ്ടേയിരുന്നു. പക്ഷേ ഷൂട്ട് പിന്നെയും നീണ്ടുപോയിക്കൊണ്ടിരുന്നു. അതുവരെയും അത്ര ഗൗരവത്തിലല്ല ഞാൻ ഈ കാര്യങ്ങളൊക്കെ കണ്ടത്. പക്ഷേ അതിന് ശേഷം ചെറിയ രീതിയിലുള്ള വ്രതവും മറ്റുമൊക്കെ എടുത്തുനോക്കി. ഏതാണ്ടൊരു പതിനഞ്ച് ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തുടങ്ങി. വളരെപ്പെട്ടെന്ന് പൂർത്തിയാവുകയും ചെയ്തു. അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ അതിലേക്ക് വിശ്വാസത്തിന്റെ ഒരു ഘടകം കൂടി വന്നുചേർന്നു. മഹാഗുരുവിന്റെ സമയത്തും അത്തരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തി. ഭക്ഷണക്രമത്തിലും ജീവിതചര്യയിലുമെല്ലാം ചെറിയ ചിലമാറ്റങ്ങൾ വരുത്തി. ഓരോ ഷോട്ടിനും കട്ട് പറഞ്ഞ ശേഷം പ്ലേബാക്ക് നോക്കുമ്പോൾ സംവിധായകന്റെ മുഖത്ത് കാണുന്ന ചിരിയാണ് ഏറ്റവും വലിയ പ്രചോദനം. ഒരുപാട് പേർ നല്ല അഭിപ്രായം പറയുന്നുണ്ട്. പലരും ഞാനെന്ന വ്യക്തിയെ അല്ല കാണുന്നത്. അത് അവരുടെ പെരുമാറ്റത്തിൽ നിന്നും ഭാവത്തിൽ നിന്നുമൊക്കെ മനസിലാക്കാം. അതിന്റെ ഫുൾ ക്രെഡിറ്റും സംവിധായകന് തന്നെയാണെന്നും ജയൻദാസ് പറയുന്നു.
ഗുരുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ചെറുതുരുത്തി സ്വദേശിയായ വിനീതിനും ഇങ്ങനെ ഏറെ അനുഭവങ്ങളുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് നേരത്തെ തന്നെ വിനീത് സുപരിചിതനാണ്. ഒൻപതാം ക്ലാസ് മുതലാണ് വിനീത് അഭിനയിച്ചു തുടങ്ങുന്നത്.
ആദ്യമായി അഭിനയിക്കുന്നത് 'അയ്യപ്പനും വാവരും" എന്ന പരമ്പരയിലാണ്. അതിൽ അയ്യപ്പനായാണ് വന്നത്. സ്കൂൾ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. അതിനെ തുടർന്ന് ചില ഓഡിഷനുകളിലൊക്കെ പങ്കെടുത്തിരുന്നു. അങ്ങനെയാണ് അയ്യപ്പനും വാവരിലേക്കും എത്തിയത്. പിന്നീട് തുടർച്ചയായി ഏഴെട്ട് പരമ്പരകളുടെ ഭാഗമായി.
മഹാഗുരുവിലേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. ഫോട്ടോ കണ്ട ശേഷമാണ് ഗുരുവിന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ എന്നെ ക്ഷണിക്കുന്നത്. ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒരു പരമ്പരയാണ് മഹാഗുരു. ഗുരുവിനെ കുറിച്ച് ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. ഈ പരമ്പര ചെയ്യുന്നതു വരെ ഗുരുവിനെ കുറിച്ചുള്ള എന്റെ അറിവ് വളരെ പരിമിതമായിരുന്നു. ഗുരുവിന്റെ ജീവചരിത്രവും ജീവിതത്തിലെ സംഭവങ്ങളുമൊക്കെ കൃത്യമായി ഈ പരമ്പരയിൽ പ്രതിപാദിക്കുന്നുണ്ട്. കഥാപാത്രമാകാൻ വേണ്ടി വലിയ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. എന്നിലേക്ക് വന്നു ചേർന്ന വലിയൊരു ഭാഗ്യമായാണ് അതിനെ കാണുന്നത്. മഹാഗുരു കണ്ട ശേഷം ഒരുപാട് പേർ വിളിച്ചു. നല്ല പ്രതികരണമായിരുന്നു എല്ലാവരിൽ നിന്നും കിട്ടിയത്. ഗുരുവിന്റെ ചൈതന്യം നമ്മളിലൂടെ അവർക്ക് കാണാൻ സാധിക്കുന്നു എന്ന് കേൾക്കുന്നത് തന്നെ വലിയ അനുഗ്രഹമാണ്.
ഗുരുവായി ആദ്യം കാമറയ്ക്ക് മുന്നിലെത്തിയപ്പോൾ വലിയ ആശങ്കയായിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെയല്ല. ചരിത്രത്തിന്റെ ഒരു ഭാഗമാണത്. നമ്മൾ ചെയ്യുന്നത് സംവിധായകന്റെ മനസിലുള്ള പോലെ ആകുന്നുണ്ടോയെന്നൊക്കെ സംശയമായിരുന്നു. പക്ഷേ മഹാഗുരു ടീമിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ വളരെ വലുതായിരുന്നു. സംവിധായകൻ എന്താണ് മനസിൽ കാണുന്നതെന്ന് വ്യക്തമായി പറഞ്ഞു തരുമായിരുന്നു. ജീവിതത്തിൽ മറക്കാനാകാത്ത വലിയൊരു അനുഭവമാണ് മഹാഗുരു സമ്മാനിച്ചതെന്നും വിനീത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |