SignIn
Kerala Kaumudi Online
Saturday, 20 April 2024 9.53 AM IST

രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ ലക്ഷണങ്ങൾ കണ്ടാൽ മങ്കി പോക്‌സെന്ന് സംശയിക്കണം; ചികിത്സാ മാർഗരേഖയുമായി ആരോഗ്യ വകുപ്പ്

veena-george

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്‌ഒപി പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണം. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാദ്ധ്യത വളരെയേറെയാണ്. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്.

മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാദ്ധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ (ഡിഎസ്ഒ) ഉടന്‍ അറിയിക്കണം. ഇതോടൊപ്പം എന്‍ഐവി പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബില്‍ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും.

ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം. ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാവൂ. ഡിഎസ്ഒയ്ക്ക് ശരിയായ വിവരം നല്‍കി പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം റഫറല്‍ ചെയ്യേണ്ടത്. മങ്കിപോക്‌സ് സ്ഥിരീകരിച്ച കേസുകള്‍, കേന്ദ്രത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. മങ്കിപോക്‌സ് ബാധിതരുടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, സംസ്ഥാന മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെടേണ്ടതാണ്.

രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഡിഎസ്ഒയുടെ നിര്‍ദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. ഇതോടൊപ്പം ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം.

എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ ഉണ്ട്. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരില്‍ തെര്‍മ്മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ അവരുടെ ദേഹത്ത് ചുവന്ന പാടുകള്‍ ഉണ്ടോയെന്ന് മെഡിക്കല്‍ സംഘം പരിശോധിക്കും. പാടുകളുണ്ടെങ്കില്‍ ഡിഎസ്ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയില്‍ അവരെ മാറ്റും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ജില്ലാ മാനസികാരോഗ്യ സംഘം ദിവസവും ടെലിഫോണിലൂടെ മാനസിക പിന്തുണ നല്‍കും.

പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം വിലയിരുത്തും. ദിവസവും രണ്ട് നേരം ഫോണിലൂടെ ഇവരെ വിളിച്ചാണ് ഇക്കാര്യം ഉറപ്പ് വരുത്തുന്നത്. മാത്രമല്ല അവരുടെ താപനില ദിവസവും രണ്ട് നേരം സ്വയം രേഖപ്പെടുത്തണം. നിരീക്ഷണ ചുമതലയുള്ള ജെഎച്ച്‌ഐ/ജെപിഎച്ച്എന്‍ അല്ലെങ്കില്‍ ആശാവര്‍ക്കര്‍ ഇടയ്ക്കിടെ വീട് സന്ദര്‍ശിക്കണം. അവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പനി ഉണ്ടായാല്‍, അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യുകയും ക്ലിനിക്കല്‍, ലാബ് പരിശോധന നടത്തുകയും വേണം. ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ സാമ്പിളുകള്‍ മങ്കിപോക്‌സ് പരിശോധനയ്ക്ക് അയയ്ക്കണം.

നിരീക്ഷണ കാലയളവില്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കം പാടില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. രോഗലക്ഷണങ്ങളില്ലാത്ത സമ്പര്‍ക്കം ഉള്ളവര്‍ രക്തം, കോശങ്ങള്‍, ടിഷ്യു, അവയവങ്ങള്‍, സെമന്‍ എന്നിവ ദാനം ചെയ്യാന്‍ പാടില്ല. മങ്കിപോക്‌സ് ബാധിച്ചവരുമായോ സംശയിക്കുന്നവരുമായോ സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം നിരീക്ഷിക്കണം. രോഗ ലക്ഷണമില്ലെങ്കില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONKEY POX, ISOLATION, STANDARD OPERATING PROCEDURE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.