ആലുവ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടെ ആലുവ ട്രാഫിക് യൂണിറ്റിലെ ഗ്രേഡ് എസ്.ഐ വിനോദ്ബാബു (52) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 11.15ന് ദേശീയപാതയിൽ ബൈപ്പാസിലെ ട്രാഫിക്ക് സിഗ്നൽ കാബിൻ ഡ്യൂട്ടിക്കിടയിലാണ് കുഴഞ്ഞുവീണത്. ഉച്ചയ്ക്ക് 1.05ഓടെ മരണം സ്ഥിരീകരിച്ചു.
ആലുവ പാലസിൽനിന്ന് മുഖ്യമന്ത്രി 11 മണിയോടെ ബൈപ്പാസുവഴി കാക്കനാട് ഭാഗത്തേക്ക് പോയിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധം നിലനിൽക്കുന്നതിനാൽ വഴിനീളെ പൊലീസുണ്ടായിരുന്നു. നജാത്ത് ആശുപത്രി ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് യൂണിറ്റിലെ സി.പി.ഒ ബിപിൻ ജോയി മുഖ്യമന്ത്രി മടങ്ങിവരുന്നതുവരെയുള്ള സമയം വിശ്രമിക്കാൻ ബൈപ്പാസിലെ ട്രാഫിക് കാബിനിലെത്തി. ഈ സമയം നെഞ്ചിന് ചെറിയ അസ്വസ്ഥതയുണ്ടെന്നും ചായ കുടിച്ചിട്ടുവരാമെന്നും പറഞ്ഞ് വിനോദ്ബാബു താഴേയ്ക്കിറങ്ങി. ഇതിനിടയിൽ കുഴഞ്ഞുവീണു. തുടർന്ന് വിനോദ് ബാബുവിന്റെതന്നെ കാറിൽ ബിപിൻ ,നജാത്ത് ആശുപത്രിയിലെത്തിച്ചു. തുടർന്ന് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരിച്ചിരുന്നു.
പെരുമ്പാവൂർ കീഴിലം ക്ഷേത്രത്തിനുസമീപം അറക്കൽ വീട്ടിൽ വിനോദ്ബാബു രണ്ട് വർഷത്തോളമായി ആലുവ ട്രാഫിക് യൂണിറ്റിലാണ്. ബൈപ്പാസിലെ ട്രാഫിക് കാബിനിൽ നേരത്തെ ജോലിചെയ്ത ആരോമറന്നുവച്ച കണ്ണടയുടെ ഫോട്ടോയെടുത്ത് ഇന്നലെ രാവിലെ പത്തരയ്ക്ക് വിനോദ്ബാബു പൊലീസുകാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ആലുവ ട്രാഫിക് യൂണിറ്റിൽ മണിക്കൂർ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ: സിന്ധു. മകൻ: രോഹിത്ത് (അവസാനവർഷ ബിരുദ വിദ്യാർത്ഥി, ശ്രീശങ്കര വിദ്യാപീഠം, ഐരാപുരം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |