SignIn
Kerala Kaumudi Online
Saturday, 19 September 2026 9.00 AM IST

എം.എൽ.എ പദവിയിലെ റെക്കോർഡ് ഇനി ഉമ്മൻചാണ്ടിക്ക് സ്വന്തം

oommen-chandy

തിരുവനന്തപുരം: നിയമസഭ രൂപീകരിച്ച തീയതി അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ച് ഉമ്മൻചാണ്ടി ഇന്നലെ നിയമസഭാംഗമായി 18728 ദിവസം പൂർത്തിയാക്കി. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഇനി ഉമ്മൻചാണ്ടിക്ക് സ്വന്തം. കെ.എം. മാണിയുടെ റെക്കോർഡാണ് ഉമ്മൻചാണ്ടി ഭേദിച്ചത്. സത്യപ്രതിജ്ഞ ചെയ്ത തീയതി വച്ചുനോക്കിയാൽ സാങ്കേതികമായി റെക്കോർഡ് ഭേദിക്കുന്നത് ഈ മാസം 11നാണ്.

1970ലാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി ആദ്യമായി നിയമസഭാംഗമാകുന്നത്. 1970 സെപ്തംബർ 17നാണ് നാലാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. തൊട്ടടുത്ത ദിവസമായിരുന്നു വോട്ടെണ്ണൽ. അതുവരെ ഇടതുപക്ഷത്തിനൊപ്പമായിരുന്ന പുതുപ്പള്ളി മണ്ഡലം കോൺഗ്രസിലേക്ക് മറിയുന്നത് അത്തവണയാണ്. പിന്നീട് ഇന്നേവരെ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞാണ് ഉമ്മൻ ചാണ്ടി. നാലാം കേരള നിയമസഭ നിലവിൽവരുന്നത് 1970 ഒക്ടോബർ നാലിനാണ്. 2021 വരെ തുടർച്ചയായി 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് മാത്രം ജയിച്ച് ഉമ്മൻചാണ്ടി നിയമസഭയിലെത്തുന്നത്. രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷനേതാവും നാലുതവണ മന്ത്രിയുമായിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭ രൂപീകൃതമായത് 2021 മേയ് മൂന്നിനാണ്.

 മന്ത്രിസ്ഥാനത്ത് റെക്കോർഡ് മാണിക്ക്

1965 മുതൽ 2016 വരെയായി തുടർച്ചയായി 13 തവണ പാലാ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച കെ.എം. മാണി പക്ഷേ അംഗമായിരുന്നത് 12 നിയമസഭകളിലാണ്. അദ്ദേഹം ആദ്യം വിജയിച്ചത് 1965ലാണ്. 65 മാർച്ച് 17ന് വോട്ടെണ്ണൽഫലം വന്നെങ്കിലും മന്ത്രിസഭാരൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം ആർക്കും ലഭിക്കാത്തതിനാൽ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ മാർച്ച് 24ന് നിയമസഭ പിരിച്ചുവിടുകയായിരുന്നു. അതിനാൽ കെ.എം. മാണി ആദ്യമായി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് 1967ലാണ്.

ഏറ്റവും കൂടുതൽകാലം മന്ത്രിയായിരുന്ന റെക്കോർഡ് ഇപ്പോഴും മാണിയുടെ പേരിലാണ്. 8759 ദിവസം. എം.എൽ.എ ആയിരിക്കെ 2019 ഏപ്രിൽ ഒമ്പതിനാണ് മാണി അന്തരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA