തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ ഡീസൽ പ്രതിസന്ധിയെത്തുടർന്ന് സർവീസുകളുടെ വെട്ടിക്കുറയ്ക്കൽ ഞായറാഴ്ച കഴിഞ്ഞും തുടരുമെന്ന് സൂചന. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത ബുധനാഴ്ച വരെ ഓർഡിനറി സർവീസുകളെ നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശനി, ഞായർ ദിവസങ്ങളിൽ വ്യാപകമായി ഓർഡിനറി സർവീസുകൾ വെട്ടിനിരത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്‌കൂളുകൾ ഉൾപ്പടെ പ്രവർത്തിക്കുന്ന പ്രവർത്തി ദിവസങ്ങളിൽ ഓർഡിനറി ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാവും ഉണ്ടാവുക.
കഴിഞ്ഞ ദിവസവും അൻപത് ശതമാനം ഓർഡിനറി ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു. നാളെ ഓർഡിനറി ബസുകൾ പൂർണമായും ഉണ്ടായേക്കില്ലെന്നാണ് വിവരം. എന്നാൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തും. ജീവനക്കാർക്ക് ശമ്പളം നൽകിയതിനാൽ ഡീസൽ അടിക്കുന്നതിന് പണമില്ലെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെ വിശദീകരണം. അതേസമയം, കെ എസ് ആർ ടി സിയിലേത് കൃത്രിമ ഡീസൽ ക്ഷാമമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആക്ഷേപം. ജീവനക്കാരെ മുൻനിർത്തി വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഇളക്കി സർക്കാരിനോട് വിലപേശാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും കെ എസ് ആർ ടി ഇ എ വിമർശിച്ചു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാ മാസവും പത്തിനകം ശമ്പളം നൽകണമെന്ന് കോടതിയടക്കം നിർദ്ദേശിച്ചതിനാലാണ് ഡീസൽ അടിക്കേണ്ട പണം വകമാറ്റിയത്. അതേസമയം സ്വിഫ്റ്റ് ബസുകൾ മുടക്കമില്ലാതെ സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |