തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ താൽക്കാലിക ജീവനക്കാരേയും നിയോഗിച്ചു. ഇന്നലെ ആകെ 4026 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് 272 ഷെഡ്യൂളുകളുടെ കുറവ് . തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ എല്ലാ സർവീസുകളും പതിവുഹപോലെ നടന്നുവെന്ന് മാനേജ്മെന്റ് അറിയിച്ചു. സമരം ഏറ്റവും കൂടുതൽ ബാധിച്ചത് പെരുമ്പാവൂരിലായിരുന്നു ഇവിടെ ആകെ 42 സർവീസുകളിൽ 13 സർവീസാണ് നടന്നത്.
പണിമുടക്കിൽ 70% സ്ഥിരം ജീവനക്കാരും പങ്കെടുത്തുവെന്നാണ് ടി.ഡി.എഫിന്റെ അവകാശവാദം. തമ്പാനൂരിലും നെടുമങ്ങാടും പാലോടും ഉൾപ്പെടെ ബസ് സർവീസ് തടഞ്ഞ ടി.ഡി.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കൊട്ടാരക്കരയിൽ എട്ട് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി കണ്ടെത്തി. ദീർഘദൂര ബസുകളുടെ വയറിംഗാണ് നശിപ്പിച്ചത്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡി.എ കുടിശിക അനുവദിക്കുക, റൂട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ടി.ഡി.എഫ് പണിമുടക്കിയത്.
പണിമുടക്ക് പൊളിഞ്ഞെന്ന് വരുത്താൻ ശ്രമമെന്ന്
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് പൊളിഞ്ഞതായി വരുത്തി തീർക്കാൻ യാത്രക്കാരില്ലാതെ മൂന്നും നാലും പേരെ വച്ച് ബസ് സർവീസുകൾ നടത്തിയതായി ടി.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. യാത്രക്കാരില്ലാതെ കോൺവോയ് ആയി സർവ്വീസ് നടത്താൻ ശ്രമിച്ച രണ്ട് ബസുകൾ ആവശ്യത്തിന് യാത്രക്കാരെ കയറ്റിയിട്ട് സർവീസ് നടത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടാണ് തമ്പാനൂർ ഡിപ്പോയിൽ വച്ച് പ്രവർത്തകർ തടഞ്ഞത്.
70% സ്ഥിരം ജീവനക്കാരും പങ്കെടുത്ത് സമരം വിജയിപ്പിച്ചു. പിരിച്ചു വിട്ടവർ ഉൾപ്പെടെയുള്ള ബദലി/ താൽക്കാലിക ജീവനക്കാരെ ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തിയാണ് സർവ്വീസ് അയച്ചത്. 85%സർവ്വീസുകളും ഓപ്പറേറ്റ് ചെയ്തത് ബദലി ജീവനക്കാരെ ഉപയോഗിച്ചാണെന്നും ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു.
സമരം ജനം തള്ളി: മന്ത്രി ഗണേശ്
ടി.ഡി.എഫ് നടത്തിയ കെ.എസ്.ആർ.ടി.സി സമരം ജീവനക്കാരും ജനങ്ങളും തള്ളിക്കളഞ്ഞെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ പറഞ്ഞു. . ജോലിക്ക് ഹാജരായ മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. 97 ശതമാനം സർവീസും ഇന്നലെ നടത്തി. സമരത്തിന്റെ മറവിൽ കെ.എസ്.ആർ.ടി.സി ബസ് കേടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കും. കൊട്ടാരക്കരയിൽ എട്ട് ബസുകൾക്ക് കേടു വരുത്തി. സമരക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |