SignIn
Kerala Kaumudi Online
Saturday, 19 September 2026 9.26 PM IST

റിട്ട. ഉദ്യോഗസ്ഥയുടെ കൊല: അസാം സ്വദേശി ചെന്നൈയിൽ പിടിയിൽ,​ കവർന്നത് ഏഴ് പവൻ

kk

തിരുവനന്തപുരം: കേശവദാസപുരത്ത് കൊളീജിയറ്റ് എഡ്യുക്കേഷൻ റിട്ട. ഉദ്യോഗസ്ഥ രക്ഷാപുരി റോഡ് മീനംകുന്നിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) കൊലപ്പെടുത്തി സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കെട്ടിത്താഴ്ത്തിയ പ്രതിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർ.പി.എഫ് സംഘം പിടികൂടി. അസാം സ്വദേശി ആദം അലിയാണ് പിടിയിലായത്. മെഡിക്കൽ കോളേജ് സി.ഐയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.

സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളാണ് കൊലപാതകിയെന്ന് ഉറപ്പിച്ച സിറ്റി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന്റെയും അലർട്ട് മെസേജുകളുടെയും അടിസ്ഥാനത്തിലാണ് പിടിയിലായത്. കൊലയ്ക്കുശേഷം ട്രെയിൻമാർഗമാണ് ഇയാൾ ചെന്നൈയിലെത്തിയത്.

മനോരമയുടെ മാലയും വളകളും കമ്മലും ഉൾപ്പെടെ ഏഴ് പവനോളം സ്വർണാഭരണങ്ങൾ പ്രതി കവർച്ച ചെയ്തുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ദിനരാജ് ബാങ്കിൽ നിന്ന് പിൻവലിച്ച അറുപതിനായിരം രൂപയും കവർന്നുവെന്ന് കരുതിയിരുന്നെങ്കിലും വീട്ടിൽ നടത്തിയ തെരച്ചിലിൽ അലമാരയിൽ നിന്ന് കണ്ടെത്തി. ഹാംഗറിൽ തൂക്കിയിരുന്ന ദിനരാജിന്റെ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം മനോരമയാകാം അലമാരയിലേക്ക് മാറ്റിയത്.

ഞായറാഴ്ച വൈകിട്ട് മൂന്നോടെ മനോരമയെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. കൊളീജിയറ്റ് എഡ്യുക്കേഷൻ റിട്ട. ഉദ്യോഗസ്ഥനായ ദിനരാജ് ഞായറാഴ്ച വർ‌ക്കലയിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു. മനോരമ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകൾ വിവാഹശേഷം പരവൂരിലാണ്.

സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ജോലിക്കായി രണ്ടാഴ്ച മുമ്പാണ് ഇയാൾ എത്തിയത്. ഒപ്പമുണ്ടായിരുന്ന നാല് അന്യസംസ്ഥാനത്തൊഴിലാളികളെ പൊലീസ് കസ്റ്രഡിയിലെടുത്തിരുന്നു. അടഞ്ഞുകിടന്ന വീട്ടിലെ സിസി ടിവിയിൽ നിന്ന് ഇയാൾ മൃതദേഹവും ചുമന്ന് പോകുന്ന ദൃശ്യങ്ങൾ പൊലീസ് കിട്ടി. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA