വാടാനപ്പിള്ളി: ചുമർചിത്രങ്ങളുടെ ചാരുതയിൽ ശങ്കരമംഗലം ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരുകൾ. രണ്ട് മാസമായി ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ചിത്രങ്ങളുടെ രചന കഴിഞ്ഞ ദിവസം പൂർത്തിയായി. 17ന് (ചിങ്ങം ഒന്നിന്) രാവിലെ ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് ചിത്രത്തിന്റെ മിഴിതുറക്കൽ ചടങ്ങ് നിർവഹിക്കും. ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠനകേന്ദ്രം ചീഫ് ഇൻസ്ട്രക്ടർ എം.നളിൻ ബാബുവിന്റെ നേതൃത്വത്തിലാണ് ചുമർചിത്ര രചന നടന്നത്.
ശ്രീകോവിലിന് ചുറ്റുമായി ചതുർബാഹുവായ മഹാവിഷ്ണു, മോദകവുമായി ഇരിക്കുന്ന ഗണപതി, വെണ്ണയുമായി താമരയിൽ ഇരിക്കുന്ന ഉണ്ണിക്കൃഷ്ണന്റെ ചതുരക്ഷരീ ഗോപാലം, വീണമീട്ടുന്ന സരസ്വതി, കൃഷ്ണന്റെ ഗോവർദ്ധനം, കൃഷ്ണനും ഗോപികമാരും ഉൾപ്പെടെയുള്ള ചിത്രങ്ങളാണുള്ളത്. പഞ്ചവർണ്ണങ്ങളിലാണ് ചിത്രരചന നിർവഹിച്ചത്. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിൽ നിന്നും അഞ്ച് വർഷത്തെ കലാപഠനം കഴിഞ്ഞിറങ്ങിയ മോനിഷ് ടി.എം, ശ്രീജിത്ത്, അനന്തകൃഷ്ണൻ, അക്ഷയ്കുമാർ, സൂരജ് പുഴക്കൽ എന്നിവരും ജയൻ അക്കിക്കാവും ചിത്ര രചന നിർവഹിച്ചു. ഭക്തനായ നടുവിലേടത്ത് അരവിന്ദ്കുമാറിന്റെ വഴിപാടായാണ് ചിത്രങ്ങൾ വരച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, അന്തിക്കാട് ദേവി കാർത്ത്യായനി ക്ഷേത്രം, കുതിരാൻമല ധർമ്മശാസ്താക്ഷേത്രം, മമ്മിയൂർ ക്ഷേത്രം, തൃത്താമരശ്ശേരി ക്ഷേത്രം, ഇടക്കുന്നി അരുകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും നളിൻബാബു ചിത്രങ്ങൾ രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |