SignIn
Kerala Kaumudi Online
Thursday, 10 September 2026 12.39 PM IST

16-ാം നിലയിലെ ഫ്ളാറ്റിൽ യുവാവിനെ കൊന്ന് പൈപ്പ് ഡക്ടിൽ തള്ളി, സുഹൃത്തിനായി തെരച്ചിൽ

murder

തൃക്കാക്കര: കാക്കനാട് ഇടച്ചിറ ഘണ്ടാകർണ ക്ഷേത്രത്തിന് സമീപത്തെ ഓക്സ്ഓനിയ ഫ്ളാറ്റിലെ 16-ാം നിലയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തി കോൺക്രീറ്റ് ദ്വാരത്തിനുള്ളിൽ (പൈപ്പ് ഡക്ട്)​ തള്ളിയ നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ.സജീവ് കൃഷ്ണൻ (23) ആണ് മരിച്ചത്. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സുഹൃത്ത് കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കൈകാലുകൾ പ്ളാസ്റ്റിക് കവറുകൾകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. നെഞ്ചിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ഫ്ലാറ്റുകളിൽ വാട്ടർ, വേസ്റ്റ് പൈപ്പുകൾ താഴേക്ക് എത്തിക്കുന്ന, ചുമരിനോട് ചേർന്നുള്ള കോൺക്രീറ്റ് ദ്വാരത്തിലാണ് അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു.

മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് സജീവ് ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്. മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴി‌ഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലർച്ചെ ടൂർ പോയവർ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. കിടപ്പുമുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോൺക്രീറ്റ് ദ്വാരത്തിലെ ഇരുമ്പുവാതിൽ തുറന്ന് മൃതദേഹം തള്ളിയശേഷം അതുപോലെ അടച്ച നിലയിലായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.

ഫ്ളാറ്റിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. സജീവിനൊപ്പം താമസിച്ചിരുന്നവരേയും തൊട്ടുമുകളിലെ നിലയിലെ ഫ്ളാറ്റിൽ താമസിക്കുന്ന സുഹൃത്തുക്കളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൃതദേഹം ഇന്ന് പോസ്‌റ്റ്മോർട്ടം ചെയ്യും. ഇൻഫോപാർക്കിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജീവ്. ഒരു ജൂവലറിയിലെ ജീവനക്കാരനായിരുന്ന അർഷാദിനെ അവിടെ നിന്ന് പുറത്താക്കിയിരുന്നതായി പറയപ്പെടുന്നു. ഇയാളെ പിടികൂടിയാലേ കൊലപാതകകാരണം അറിയാനാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA