കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റിൽ. ചാലപ്പുറം സ്വദേശി പി.പി.ഷബീറാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി വയനാട് പൊഴുതന കുറിച്യാർമല റോഡ് ജംഗ്ഷനിൽ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് ക്രൈംബ്രാഞ്ച് എസ്.ഐ പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഷബീറിന്റെ ഉടമസ്ഥതയിലെന്ന് സംശയിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു. ഷമീർ എന്ന പേരിലാണ് ഇവിടെ അറിയപ്പെട്ടിരുന്നത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. ഷബീറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യദ്രോഹ ഇടപാടുകൾ അടക്കം സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ സംശയിക്കപ്പെടുന്നുണ്ട്. പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. അതിനാൽ കേസ് ഇ.ഡിക്ക് വിടണമെന്ന ശുപാർശ ക്രൈം ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ, മലപ്പുറം, കൊരട്ടി, കൊച്ചി , ഡൽഹി, നോയിഡ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും സമാന്തര എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2015 മുതലാണ് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനം വിപുലമാക്കിയത്. കേസിലെ പ്രതികളായ ഷബീറിന്റെ സഹോദരനെയും സഹോദര പുത്രനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |