SignIn
Kerala Kaumudi Online
Friday, 19 April 2024 6.51 AM IST

ഇന്ത്യയിൽ 4.7 കോടി കേസുകൾ വിചാരണയിലെ പോംവഴികൾ

photo

ദിവസങ്ങൾക്ക് മുൻപ് വിരമിച്ച ചീഫ് ജസ്റ്റിസ് സൂചിപ്പിച്ച ഒരു കാര്യം ഇന്ത്യയിലെ ജയിലുകളിലുള്ള ഏകദേശം 76 ശതമാനം ആളുകളും വിചാരണ കാത്തുകിടക്കുന്നവരാണെന്നാണ്. ഇന്ത്യയിൽ പല കോടതികളിലായി 4.7 കോടി കേസുകളിലാണ് വിചാരണ നടക്കുന്നത്. അവർക്കുള്ള ശിക്ഷ ചെറുതായാലും വലുതായാലും വിചാരണ നടക്കാത്തതുകൊണ്ട് ആറുമാസ കാലാവധിയുള്ള ശിക്ഷാവിധിയാണ് കിട്ടാൻ സാദ്ധ്യതയുള്ളതെങ്കിലും അതിലും കൂടുതൽ സമയം ജയിലിൽ കിടക്കേണ്ടിവരുന്നു. ഇത് വളരെ ശോചനീയമായ അവസ്ഥയാണ്.

ജനരോഷമുണ്ടായ കേസുകളിൽപ്പെട്ട പ്രതികളുടെ കാര്യം നോക്കൂ,​ അവരെ എത്രയും കൂടുതൽ കാലം ജയിലിൽ കിടത്താൻ പറ്റുമോ അത്രയും കാലം കിടക്കട്ടെയെന്ന് ആളുകൾ ആഗ്രഹിക്കും. എന്നാൽ ഒരു കുറ്റവാളിയെ ജയിലിൽ കിടത്തുന്നതിന് കടമ്പകളും പ്രക്രിയകളും ഏറെയാണ്.

സാധാരണ ജനങ്ങൾ നിയമ വ്യവസ്ഥിതിക്ക് നേരെ ശബ്ദമുയർത്താതിരിക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമങ്ങളാണ് ഇപ്പോൾ നമുക്കുള്ളതിൽ ഭൂരിഭാഗവും. Evidence Act ന്റെ പശ്ചാത്തലത്തിൽ മിക്ക കേസുകളിലും പൊലീസുകാർക്ക് മുമ്പിൽ കുറ്റം സമ്മതിച്ചെങ്കിലും അതിന് ഒരു വിലയുമില്ല: ആ നിലപാട് മാറ്റാനുള്ള സമയം കഴിഞ്ഞു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും ഒട്ടുമിക്ക രാജ്യങ്ങളിലും പൊലീസിന്റെ മുന്നിൽ കൊടുക്കുന്ന മൊഴിക്ക് പ്രസക്തിയുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ കാരണങ്ങൾ കൊണ്ട് അന്വേഷണത്തിൽ കാലതാമസമുണ്ടാവുന്നു. കാരണം പൊലീസിനു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അധിക സമയം ചെലവാക്കുന്നു.

അമേരിക്ക, യൂറോപ്പ് പോലെ രാജ്യങ്ങളിൽ കുറ്റവാളി കുറ്റം ചെയ്തിട്ടില്ലെങ്കിൽ അത് അയാൾ തെളിയിക്കണം. ഇന്ത്യയിൽ ഇത് തെളിയിക്കുന്നത് പൊലീസാണ്. അതുകൊണ്ടാണ് കേസ് തീർക്കാൻ അധികം സമയം വേണ്ടിവരുന്നത്. burden of proof കുറ്റവാളിക്ക് തലയിൽ വയ്ക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.

കുറ്റകൃത്യം നടക്കുന്നതിന് പല സാഹചര്യങ്ങളും കുറ്റവാളികളുടെ മുന്നിലുണ്ട്. മോഷണത്തിനിടയിൽ സംഭവിക്കുന്നതോ ലഹരിവസ്തുക്കൾ കടത്തുന്നതിനിടയിൽ സംഭവിക്കുന്നതോ ആയ കുറ്റകൃത്യങ്ങൾ ഒരുപക്ഷേ പട്ടിണികൊണ്ടോ തൊഴിലില്ലായ്മ കൊണ്ടോ ചെയ്യുന്നതാവും. ഇങ്ങനെയുള്ള ആളുകൾ ഇതേ കൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ തൊഴിലില്ലായ്മയും കുറ്റകൃത്യം നടക്കുന്നതിന് ഒരു കാരണമാകുന്നു.

കോടതികളിൽ രണ്ട് ഭാഗത്തെയും വക്കീലന്മാർ ഹാജരാകുന്നതിനും മറ്റു തെളിവുകൾ ലഭിക്കുന്നതിനും ധാരാളം സമയം നഷ്ടപ്പെടുന്നുണ്ട്. ഇപ്പോൾ നമ്മുടെ കോടതികളിൽ വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഏകദേശം ഏഴുവർഷം വരെ ശിക്ഷ ലഭിക്കാൻ സാദ്ധ്യതയുള്ള കേസുകളിൽ വീഡിയോ കോൺഫറൻസ് മുഖേന വിചാരണ നടത്തി പ്രതിക്ക് ശിക്ഷ നൽകുന്ന സാഹചര്യം നിലവിലുണ്ട്. വീഡിയോ കോൺഫറൻസിൽ സർക്കാരിന്റെ വക്കീലും അദ്ദേഹത്തിന്റെ സാക്ഷികളും കോടതി മുറികളിലും, പ്രതിയുടെ വക്കീലിനും അവരുടെ സാക്ഷികൾക്കും ജയിലിൽ വച്ചും വീഡിയോ കോൺഫറൻസ് വഴി തന്നെ വിചാരണ പ്രക്രിയകളിൽ പങ്കെടുക്കാൻ സാധിക്കും.

സി.ആർ.പി.സി പ്രകാരം ജയിലിൽ കിടക്കുന്ന ഒരാൾക്ക് 2/3 വ്യവസ്ഥിതിയിൽ വിചാരണ നടക്കുന്നില്ലെങ്കിൽ സ്വയമേ ജയിൽ മോചിതനായി പുറത്ത് പോകാൻ അവകാശമുണ്ട്. അതിനെ സംബന്ധിച്ച് ജില്ലാ ജഡ്‌ജിക്കോ, ജയിൽ മേധാവിക്കോ പൊലീസ് സൂപ്രണ്ടിനോ ചർച്ചചെയ്ത് തീരുമാനമെടുക്കാം.

കൊവിഡ് കാലഘട്ടത്തിൽ തടസം സംഭവിച്ച് ഇപ്പോഴും കെട്ടിക്കിടക്കുന്ന അനവധി കേസുകൾക്ക് ഇപ്രകാരം പെട്ടെന്നുതന്നെ പരിഹാരം കാണാം.

ഇന്ത്യയിലെ കോടതികളിൽ അപ്പീൽ പോകാനുള്ള സൗകര്യം ആവശ്യത്തിലും കൂടുതലാണ്. നിലവിൽ ഇന്ത്യയിലാകെ 38 ലക്ഷത്തിലധികം കേസുകൾ 10 വർഷത്തിലധികമായി പെൻഡിങ് ആണ്. അപ്പീൽ സിസ്റ്റം അമേരിക്കയിലേതുപോലെ ആക്കാനുള്ള സമയം കഴിഞ്ഞു. അമേരിക്കയിൽ അപ്പീൽ വളരെ അപൂർവമായി മാത്രമേ നൽകാറുള്ളൂ, ആയതിന് വൻതുകയും ചെലവാകും.

Plea bargaining സംവിധാനം മറ്റു രാജ്യങ്ങളിൽ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. ഒരേ തരത്തിലുള്ള കുറെ കുറ്റങ്ങൾ ചുമത്തിയ ഒരു പ്രതിക്ക്, അവയിലേതെങ്കിലും ഒരെണ്ണം ചെയ്തതായി സമ്മതിച്ചുകഴിഞ്ഞാൽ plea bargaining ഉപയോഗിച്ച് മറ്റ് കേസുകളിൽ നിന്ന് അയാളെ ഒഴിവാക്കാൻ സാധിക്കും. ശിക്ഷ കിട്ടുകയും ചെയ്യും. ഇത്തരത്തിലും കുറച്ച് കേസുകളിൽ നമുക്ക് പെട്ടെന്ന് തീർപ്പ് കല്പിക്കാൻ കഴിയും.

പല കോടതികളിലുമായി 50 മുതൽ 60 ശതമാനം ജഡ്ജിമാരുടെ ഒഴിവുകളാണ് കിടക്കുന്നത്. അവയിൽ ആവശ്യത്തിന് ജഡ്ജിമാരെ നിയമിച്ചാലും കുറെ കേസുകളിൽ ഒരുപരിധി വരെ പെട്ടെന്ന് തീർപ്പുകൾ കല്പിക്കാൻ കഴിയും.

അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന്റെ വിചാരണ പൂർത്തിയാക്കിയത് വെറും 10 മാസം കൊണ്ടാണ്. എന്നാൽ ഇന്ത്യയിൽ 10 മാസം കൊണ്ട് ഒരു പോക്കറ്റടി കേസ് പോലും തീർപ്പ് കല്പിക്കപ്പെടില്ല. ഒരു സർവേ പറയുന്നത് ഇന്ത്യയിലെ കോടതികളിൽ നിലവിലുള്ള 4.7 കോടി കേസുകൾ തീർപ്പുകല്പിക്കപ്പെടാൻ ഏകദേശം 327 വർഷം എടുക്കും എന്നാണ്. ഈ രീതിയിലാണ് നാം മുന്നോട്ട് പോകുന്നതെങ്കിൽ ചെറിയ കുറ്റങ്ങളിൽ പെട്ട് ജയിലിൽ കഴിയുന്നവർക്ക് നീതി ലഭിക്കാൻ ഒരുപാട് കാലമെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENDING CASES IN INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.