ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കണമെന്ന ഉത്തരവ് തത്കാലത്തേക്ക് നീട്ടി സുപ്രീംകോടതി ഉത്തരവ്. ആറ് ആഴ്ചത്തേക്ക് തത്‌സ്ഥിതി തുടരാനാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്.
ഒരു മാസത്തിനുള്ളിൽ പൊളിച്ച് നീക്കണമെന്ന മേയ് എട്ടിലെ സുപ്രീംകോടതി ഉത്തരവിനെതിരെ ഒരുകൂട്ടം താമസക്കാർ നൽകിയ ഹർജിയിലാണ് നടപടി. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട ജസ്റ്റിസുമാരായ അരുൺമിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചിലേക്ക് ഹർജി മാറ്റി. ജൂലായ് ആദ്യവാരം ഹർജി പരിഗണിക്കണമെന്നും തീരദേശ പരിപാലന അതോറിട്ടി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നിവ ഒരു മാസത്തിനുള്ളിൽ പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് മേയ് എട്ടിന് സുപ്രീംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കാനുള്ള കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് താമസക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ രണ്ടിലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം തള്ളിയായിരുന്നു വിധി. ഉത്തരവ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് മേയ് 22ന് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |