തിരുവനന്തപുരം : അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട തീവ്രന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടു. 'വായു' എന്നാണ് ചുഴലികൊടുങ്കാറ്റിന് പേര് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിനൊപ്പം ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുജറാത്ത് തീരത്തെ ലക്ഷ്യമിട്ടാണ് വായൂ നീങ്ങുന്നത്.
കേരളത്തിലെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ട്. ഉരുൾപൊട്ടലുണ്ടാവുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് രാത്രിയാത്രകൾ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭമുണ്ടായി. നിരവധി വീടുകൾ അപകടാവസ്ഥയിലാണ്. കൊല്ലം എറണാകുളം ജില്ലയിലും തീരപ്രദേശത്ത് ഉയർന്ന തിര കരയിലേക്ക് കയറുന്നുണ്ട്. ശക്തമായ കാറ്റിൽ കടൽ പ്രക്ഷുബ്ദമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ എഴുപത് കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിൽ കഴിഞ്ഞ നാൽപ്പത്തിയെട്ട് മണിക്കൂറായി കനത്ത മഴയാണ് ലഭിച്ചത്. സംഭരണശേഷിയിലും അധികമായി ജലം നിറഞ്ഞതിനെ തുടർന്ന് അരുവിക്കര ഡാമിലെ ഷട്ടർ തുറന്നിരുന്നു. കരമനയാറിന് ഇരുവശങ്ങളിലായി താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |