
ഒരു കാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്ന മേഖലകളിലെല്ലാം ഇന്ന് സ്ത്രീകളും എത്തപ്പെട്ടുകഴിഞ്ഞു. അത്തരത്തിൽ സ്ത്രീകൾ അധികം ചെന്നെത്താത്ത, അധികമാർക്കും സുപരിചിതമല്ലാത്ത മേഖലയായ ബീറ്റ് ബോക്സിംഗിൽ കഴിവ് തെളിയിച്ചൊരു കൊല്ലംകാരിയുണ്ട്, ആർദ്ര സാജൻ. കേരളത്തിലെ ആദ്യത്തെ വനിതാ ബീറ്റ് ബോക്‌സർ കൂടിയാണ് കക്ഷി. ഈ മേഖലയെക്കുറിച്ചും തന്റെ വിശേഷങ്ങളും ആർദ്ര കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
ആദ്യം മിമിക്രി
കൊല്ലം ആയൂർ സ്വദേശിനിയാണ് ഞാൻ. ഇപ്പോൾ തിരുവനന്തപുരം ആക്കുളത്താണ് താമസിക്കുന്നത്. പത്താം ക്ലാസ് വരെ യുഎഇയിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം നാട്ടിലെത്തി. കേരളത്തിലെത്തിയ ശേഷമാണ് കലാജീവിതം തുടങ്ങിയത്. യാതൊരുവിധ സംഗീത പശ്ചാത്തലവുമില്ലാത്തയാളാണ് ഞാൻ. ഗ്രേസ് മാർക്ക് കിട്ടാനും ആളുകളുടെ കൈയടിക്കുംവേണ്ടിയാണ് മിമിക്രി പഠിച്ചുതുടങ്ങിയത്.

സുഹൃത്തുക്കളുടെ പ്രോത്സാഹനം കിട്ടിയതോടെ കൂടുതൽ പഠിക്കാൻ ആവേശമായി. കലോത്സവത്തിൽ സംസ്ഥാന തലത്തിലെത്തി. പക്ഷേ സി ഗ്രേഡായിരുന്നു. പരിശീലിപ്പിക്കാൻ ആരുമില്ലാത്തതിനാൽ നിലവാരം കുറവായിരുന്നു. മിമിക്രി ചെയ്യുന്ന സമയത്ത് തന്നെ പല ചാനലുകളിലും ഓഡീഷന് പോയിരുന്നു. എന്നാൽ സെലക്ഷൻ കിട്ടിയില്ല. അതിനുശേഷമാണ് ബീറ്റ് ബോക്സിംഗിലേക്ക് കടന്നത്. യൂട്യൂബിലൂടെയായിരുന്നു പഠനം. ആ സമയത്ത് ബീറ്റ് ബോക്സിംഗ് ആധികമാർക്കും പരിചിതമല്ലാത്ത വാക്കായിരുന്നു. വിദേശികളാണ് കൂടുതൽ ബീറ്റ് ബോക്സിംഗ് ചെയ്യുന്നത് കണ്ടത്.
ആദ്യമൊക്കെ ബീറ്റ് ബോക്‌സിംഗ് ചെയ്തപ്പോൾ സാധിച്ചിരുന്നില്ല. അത്രയും പരിശീലനം ഉണ്ടെങ്കിലേ ഇത് സാധിക്കുകയുള്ളൂവെന്ന് മനസിലായി. എഴുതി പഠിക്കാൻ തുടങ്ങി. നിരന്തരം ട്രൈ ചെയ്തു. ഇത് പഠിക്കുന്ന കാര്യം വീട്ടുകാർക്കൊന്നുമറിയില്ലായിരുന്നു. വാതിലടച്ചായിരുന്നു പ്രാക്‌ടീസ്. ഓഡീഷനൊക്കെ വീഡിയോ അയച്ചുകൊടുത്തിരുന്നു. അങ്ങനെ ഓഡീഷന് വിളിച്ചു. പപ്പയാണ് കൊണ്ടുപോയത്. അവിടെ ചെന്ന് പെർഫോം ചെയ്തപ്പോഴാണ് വീട്ടുകാർ പോലും ഇവളിതെങ്ങനെ പഠിച്ചെന്ന് ചിന്തിച്ചത്.
ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടിയിലാണ് ആദ്യം പെർഫോം ചെയ്തത്. വലിയ റീച്ചുണ്ടായി. പിന്നീട് കേരളത്തിനകത്തും പുറത്തും പരിപാടി അവതരിപ്പിച്ചു. അതിനുശേഷം സ്‌കൂൾ കലോത്സവത്തിലും യൂണിവേഴ്സിറ്റി കലോത്സവത്തിലെല്ലാം സമ്മാനങ്ങൾ കിട്ടി. നിനക്ക് പറ്റിയ പരിപാടിയല്ലെന്ന് പറഞ്ഞ് കുറേപ്പേർ കളിയാക്കിയിട്ടുണ്ട്. പക്ഷേ അതൊന്നും വകവയ്ക്കാതെ ലക്ഷ്യബോധത്തോടെ പഠിച്ചെടുത്തു.
തേടിയെത്തിയ ഗിന്നസ്
ടിക് ടോക്ക് ഹിറ്റ് ആയ സമയത്തായിരുന്നു ബീറ്റ് ബോക്‌സിംഗ് വീഡിയോകൾ പോസ്റ്റ് ചെയ്തു തുടങ്ങിയത്. നല്ല സ്വീകരണം കിട്ടി. ഒരു പെൺകുട്ടിയിൽ നിന്ന് ഇങ്ങനെയൊരു ശബ്ദം എങ്ങനെ വരുന്നെന്ന് പറഞ്ഞ് കുറേപ്പേർ അത്ഭുതപ്പെട്ടു. ടിക് ടോക്കിൽ അന്ന് ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി വെരിഫൈ ആയ അഞ്ച് ക്രീയേറ്റർമാരിൽ ഒരാളായി ഞാൻ മാറി. മിസ് കേരള ഡിജിറ്റൽ സ്റ്റാർ അവാർഡ് കിട്ടി.പതിനെട്ടാം വയസിൽ ഹോണററി ഡോക്ടർ ഓഫ് മ്യൂസിക് കിട്ടി. അതിനുശേഷം ഗിന്നസ് വേൾഡ് റെക്കാർഡും തേടിയെത്തി.

എ ആർ റഹ്മാന്റെ അഭിനന്ദനം
സോഷ്യൽ മീഡിയയിലും തെലുങ്ക്, കന്നഡ ചാനലുകളിലും എന്റെ വീഡിയോ വൈറലായി. എ ആർ റഹ്മാൻ സാർ വരെ അഭിനന്ദിച്ചു. പൊന്നിൻ സെൽവം എന്ന ചിത്രത്തിലെ മ്യൂസിക് ഒരു ചാനലിൽ അവതരിപ്പിച്ചിരുന്നു. ആ വീഡിയോ പത്ത് മില്യണിലധികം പേർ കണ്ടിരുന്നു. അത് ഞാൻ എ ആർ റഹ്മാൻ സാറിന് അയച്ചുകൊടുത്തിരുന്നു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്ന്. പല മേഖലകളിലുമുള്ള പ്രമുഖർ പ്രോത്സാഹിപ്പിച്ചു.
സ്ത്രീകളില്ലാത്ത മേഖല
ഞാൻ വന്ന സമയത്ത് സ്ത്രീകൾ ഒട്ടുമില്ലാത്ത മേഖലയായിരുന്നു ബീറ്റ് ബോക്സിംഗ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ ഫ്ളൂട്ട് ബോക്സർ എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഫ്ളൂട്ടും ബീറ്റ് ബോക്സിംഗും ഒരേ സമയത്ത് വായിക്കുന്നയാൾ എന്ന രീതിയിലാണ് അങ്ങനെ അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ബീറ്റ് ബോക്സറും ഞാനാണ്. വ്യത്യസ്തമായ കാര്യങ്ങൾ പഠിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ പെർഫോമൻസ് പല പെൺകുട്ടികൾക്കും പ്രചോദനമാണെന്ന് അറിഞ്ഞു. ഇതൊക്കെ ഒരുപാട് സന്തോഷം തരുന്ന കാര്യങ്ങളാണ്.
സിനിമയിലും എത്തി
രണ്ട് സിനിമകൾ ചെയ്തു. ഷെയ്ൻ നിഗത്തിന്റെ വെയിൽ എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം നൽകി. അതിനുശേഷം ഇന്ദ്രജിത്തിന്റെ ഒരു സിനിമയിലും പ്രവർത്തിച്ചു. അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. യൂട്യൂബ് ചാനലിൽ റിലീസായ പ്രീമിയർ പത്മിനി എന്ന വെബ്സീരിസിലാണ് അഭിനയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |