തിരുവനന്തപുരം: വ്യവസായ ശാലകളിൽ നിന്നുള്ള അപകടകരമായ രാസപദാർത്ഥങ്ങൾ സൃഷ്‌ടിച്ചേക്കാവുന്ന ദുരന്തങ്ങൾ നേരിടാൻ 'റോസേഴ്‌സ്" പദ്ധതിയുമായി സംസ്‌ഥാന സർക്കാർ. ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ, ആണവോർജ വകുപ്പ്, ഇന്ദിരഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എന്നിവയുടെ സഹകരണത്തോടെ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പാണ് 'റിമോട്ട് സെൻസിംഗ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്‌റ്റം (റോസേഴ്‌സ്)" തയ്യാറാക്കിയത്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ മന്ത്രി ടി.പി. രാമകൃഷ്‌ണന്റെ സാന്നിദ്ധ്യത്തിൽ ഇന്ദിരഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എച്ച്.എസ്.ഇ ഡയറക്ടർ ബി.വെങ്കട്ടരാമൻ, നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വിനോദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്‌ടരർ പി. പ്രമോദ് എന്നിവർ ഒപ്പുവച്ചു. ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാനത്ത് സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു.
ഫാക്‌ടറികളിലെ അപകടസാദ്ധ്യത നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും റോസേഴ്‌സ് സഹായിക്കും. കാക്കനാടാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
കാരണം, കേരളത്തിൽ അതീവ അപകട സാദ്ധ്യതകളുള്ള ഫാക്‌ടറികൾ കൂടുതലും എറണാകുളത്താണ്. മൂന്നുവർഷത്തിനകം പദ്ധതി സംസ്‌ഥാന വ്യാപകമാക്കും. ഓൺലൈനിലൂടെ സേവനങ്ങൾ നൽകുന്ന ഫാക്‌ടറീസ് വകുപ്പിന്റെ ഇ-ഗവേണൻസ് പദ്ധതിയുടെ തുടർച്ചയായി ഫാക്‌ടറി പരിശോധന കാര്യക്ഷമമാക്കുന്ന വെബ് അധിഷ്‌ഠിത സംവിധാനവും ഏർപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, റോസേഴ്‌സ് നോഡൽ ഓഫീസർ എം.ടി. റജി, ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പ്രസാദ് കെ. പണിക്കർ, ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്‌ടർ കെ. ജയചന്ദ്രൻ, റിച്ചാർഡ് ബുക്കോക്ക് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |