SignIn
Kerala Kaumudi Online
Thursday, 19 February 2026 1.42 AM IST

സദ്യ വിഭവങ്ങൾ മാലിന്യത്തിൽ വലിച്ചെറിഞ്ഞ സംഭവം; പിരിച്ചുവിട്ട കോർപറേഷൻ ജീവനക്കാരെ തിരിച്ചെടുത്തു, ഏഴുപേരുടെ സസ്‌പെൻഷനും പിൻവലിച്ചു

Increase Font Size Decrease Font Size Print Page
sadya

തിരുവനന്തപുരം: ഓണാഘോഷം അനുവദിക്കാത്തതിന്റെ പേരിൽ സദ്യ വിഭവങ്ങൾ മാലിന്യത്തിൽ വലിച്ചെറിഞ്ഞ നഗരസഭാ ജീവനക്കാർക്കെതിരായ അച്ചടക്കനടപടിയിൽ നിന്നും പിന്നോട്ട് പോയി നഗരസഭ. നാല് തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിൻവലിച്ചു. ഏഴ് ജീവനക്കാരുടെ സസ്‌പെൻഷനും പിൻവലിച്ചിട്ടുണ്ട്. നഗരസഭ ചാല സർക്കിളിലെ ജീവനക്കാരാണ് മാലിന്യകുപ്പയിലേക്ക് ഓണത്തിന് തയ്യാറാക്കിയ സദ്യ കളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ വലിയ വിവാദമായതോടെ നഗരസഭ അച്ചടക്ക നടപടിയെടുത്തിരുന്നു.

അതേസമയം തൊഴിലാളികളെ സസ്‌പെൻഡ് ചെയ്ത നടപടി പണിഷ്‌മെന്റ് ആയിരുന്നില്ലെന്നും, കൂടുതൽ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ്ക്കുള്ളതെന്നുമാണ് മേയർ നിലപാട് വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ വിശദീകരണം ചോദിച്ചിരുന്നു. അതിൽ വ്യക്തത കുറവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. പണിഷ്‌മെന്റ് എന്ന നിലയിലല്ല സസ്‌പെൻഡ് ചെയ്തതെന്നും, കൂടുതൽ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ്ക്കുള്ളതെന്ന് നടപടിയെ ന്യായീകരിച്ച് മേയർ വ്യക്തമാക്കി.

പണിഷ്‌മെന്റ് കൊടുക്കേണ്ടവരാണ് തൊഴിലാളികൾ എന്ന ധാരണ നഗരസഭയ്ക്കില്ലെന്നും മേയർ പറഞ്ഞു. ശുചീകരണ തൊഴിലാളികൾ ഓണസദ്യ കളഞ്ഞ് പ്രതിഷേധിച്ച സംഭവം ഒതുക്കി തീർക്കാൻ സി.പി.എം നേതൃത്വം ഇടപെട്ടിരുന്നുവെന്ന് മുൻപ് വിവരം പുറത്തുവന്നിരുന്നു.

പ്രശ്നം വഷളായി പാർട്ടിയിൽ ഭിന്നസ്വരം ഉയർന്ന സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ പാർട്ടി തന്നെ മുൻകൈയെടുത്തത്. എന്നാൽ തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ പിൻവലിച്ചുള്ള പ്രശ്നപരിഹാരം മാത്രമേ സാദ്ധ്യമാകുകയുള്ളൂവെന്ന നിലപാടിലാണ് ഭരണപക്ഷ തൊഴിലാളി യൂണിയനെടുത്തത്. ഇക്കാര്യം പാർട്ടി ജില്ലാ സെക്രട്ടറിയെയും മുതിർന്ന നേതൃത്വത്തെയും യൂണിയൻ അറിയിച്ചിട്ടുണ്ട്. പിരിച്ചുവിട്ട തൊഴിലാളികൾ പലരും ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് ഈ ജോലിയായിരുന്നു അത്താണിയെന്നും ഓണക്കാലത്ത് പിരിച്ചുവിട്ട നടപടി അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്.

TAGS: ONAM SADYA, CLEANING STAFF, CORPORATION STAFF, CITU MEMBERS, MAYOR CPM, THIRUVANANTHAPURAM CORP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY