SignIn
Kerala Kaumudi Online
Saturday, 25 March 2023 4.01 AM IST

സി. കേശവന്റെ 'ഭഗവാൻ കാറൽ മാർക്സ്"

c-kesavan

സി. കേശവന്റെ വിഖ്യാതമായ 'ഭഗവാൻ കാറൽ മാർക്സ്" പ്രസംഗത്തിന് ഇന്ന് 75 വയസ്. സ്വാതന്ത്ര്യസമരത്തിന്റെ മൂർദ്ധന്യത്തിൽ, 1947 സെപ്തംബർ 14ന് വക്കത്ത് വച്ചാണ് ചരിത്രം സൃഷ്ടിച്ച പ്രസംഗം സി. കേശവൻ നടത്തിയത്. സി. കേശവന്റെ ആ വാഗ്ദ്ധോരണി എന്തെല്ലാം പ്രകമ്പനങ്ങളാണ് കേരളത്തിൽ സൃഷ്ടിച്ചത്. 'ഭഗവാൻ കാറൽ മാർക്സ്" സി. കേശവൻ ഒരു സ്ഫോടനമാക്കിയത് പൊടുന്നനെയായിരുന്നു. കോഴഞ്ചേരിയിലും കിടങ്ങാംപറമ്പിലും ചെയ്ത പ്രസംഗങ്ങൾക്കുശേഷം വക്കത്തും അദ്ദേഹം ഒരു സിംഹത്തെപ്പോലെ സടകുടഞ്ഞെണീറ്റു. സി. കേശവൻ ഗർജ്ജിച്ചു: ഈ പരിതസ്ഥിതിയിൽ ഭഗവാൻ കാറൽ മാർക്സിന്റെ സന്ദേശം മാത്രമേ തൊഴിലാളികൾക്ക് ആശയുടെ നേരിയ ഒരു കരുത്തു നൽകിയുള്ളൂ. ''തൊഴിലാളികളെ സംഘടിക്കുവിൻ! നഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ കാൽച്ചങ്ങല മാത്രമേ നഷ്ടപ്പെടാനുള്ളൂ! ജയിച്ചാൽ ലോകം മുഴുവൻ!" ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കാറൽ മാർക്സിനെ ദൈവമായി സങ്കല്പിച്ച ആ സിംഹളസിംഹം!

ആരാണ് സി. കേശവൻ? ബഹുമുഖപ്രതിഭയായിരുന്ന സി. കേശവൻ മദ്യവർജ്ജന പ്രസ്ഥാനത്തിലൂടെയാണ് പൊതുജീവിതത്തിൽ ഇടപെടുന്നത്. ആ കാലഘട്ടം ചലനാത്മകമായിരുന്നു. സി. കേശവന്റെ തന്റേടവും ധിക്കാരവും ആദ്യം തിരിച്ചറിഞ്ഞത് പത്രലോകത്തെ കുലപതിയായ സി.വി. കുഞ്ഞുരാമനാണ്. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ എഴുതി: ''അച്ഛന്റെ വിശ്വാസപ്രമാണങ്ങളുടെ ആകെത്തുക രണ്ട് വാക്കിൽ ചുരുക്കിയാൽ സത്യവും സ്നേഹവുമാണ്." കേരളത്തിന് സ്വന്തമായ മലയാളത്തനിമ വേണമെന്ന് ആഗ്രഹിച്ചതും വാർത്തെടുത്തതും സി. കേശവനാണ്.

നിവർത്തനപ്രസ്ഥാനത്തിന്റെ നായകനായി സി. കേശവൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം ആധുനിക ചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. ആ പ്രസംഗത്തെത്തുടർന്ന് അറസ്റ്റുചെയ്ത സി. കേശവനെ ഒരു കൊല്ലത്തേക്ക് ശിക്ഷിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചത്. വിചാരണ സമയത്ത് സി. കേശവൻ ധിക്കാരത്തോടെ പറഞ്ഞു: '' ഇത്രയേയുള്ളോ ശിക്ഷ! ഞാൻ വിചാരിച്ചു എന്നെ തൂക്കിക്കൊല്ലുമെന്ന്!!." അങ്ങനെ തടവ് രണ്ട് വർഷത്തേക്കായി. നാഗർകോവിലിനു പുറത്തുള്ള ഒരു ജയിലിലേക്കാണ് നേരെ കൊണ്ടുപോയത്. പിന്നീട് പൂജപ്പുര ജയിലിലേക്കും. ഏകാന്തതടവുകാരനായി സി.കേശവൻ എഴുതിയ 'ഡോൺ ജൂവൻ" എന്ന അവിസ്മരണീയ ലേഖനം ജയിലിനുള്ളിലെ ചിന്തകളാണ്. മോചിതനായ സി. കേശവന് ആലപ്പുഴ നൽകിയ സ്വീകരണത്തിൽ ചെയ്ത കിടങ്ങാംപറമ്പ് പ്രസംഗം ഒരു ചരിത്രമായി നിലകൊള്ളുന്നു. കേരളത്തിൽ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിക്കുന്നത് ഈ കാലയളവിലാണ്. സി. കേശവൻ പലപ്പോഴും പൂജപ്പുര ജയിലിലെ ഒരു സ്ഥിരം സന്ദർശകനായി!

തിരു - കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ ധിഷണയിലുദിച്ച കാർഷികബന്ധ ബില്ലിന് മാത്യു തരകനുമായി ചേർന്ന് കരട് തയ്യാറാക്കിയെങ്കിലും നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയാതെ പോയി.

സി. കേശവൻ നല്ല ഒരു പാട്ടുകാരനായിരുന്നു. ടാഗോറിനു വേണ്ടി പാടിയ ആശാന്റെ 'ദിവ്യകോകിലം" ഏറെ പ്രസിദ്ധമാണ്. എന്നാൽ ചില നേരമ്പോക്കു പാട്ടുകളും ഫലിതപ്രിയനായ സി. കേശവന്റെ വകയായിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെ:

ഇഡ്ഡലി !

ഇഡ്ഡലി ചട്ടിണിയും

ബോളി ജിലേബി ദോശ

കാരാവട... കാരാബൂന്തി

ഉൗപ്പ് ഉൗപ്പ്‌മാ!!

ചോപ്സും കട്ട്‌ലറ്റ്‌സും

നല്ല സ്റ്റൂവതും

കോഫി!

കോഫി കോൾഡ് ആൻഡ്

ടീക്കൊടിയും

കാഡ്‌ബെറി കൊക്കോയുമെല്ലാം

അമൃതസമം പ്രിപ്പേർ ചെയ്യാൻ

ഐ നോ സർ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: C KESAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.