കൊച്ചി: അക്രമണകാരികളായ തെരുവു നായ്ക്കളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും അവയെ കണ്ടെത്തി പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റാനും സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി. തെരുവുനായ്‌ക്കളുടെ ശല്യം പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിൽ, അവയെ ഉപദ്രവിച്ച് നിയമം കൈയിലെടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖേന പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഉത്തരവിട്ടു.
കേരളത്തിൽ തെരുവുനായ്‌ക്കളുടെ ആക്രമണം പെരുകിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. പ്രശ്നപരിഹാരത്തിന് ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും വിശദ റിപ്പോർട്ട് 16ന് സമർപ്പിക്കാമെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി. എ.ജി അശോക് എം.ചെറിയാൻ അറിയിച്ചു. ഹർജി 16ലേക്ക് മാറ്റി.
തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന തെരുവുനായയെ അടിച്ചുകൊന്ന് കടലിലെറിഞ്ഞ സംഭവത്തെത്തുടർന്ന് ഹൈക്കോടതി കഴിഞ്ഞവർഷം സ്വമേധയാ എടുത്ത ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജിയിൽ 2021 ആഗസ്റ്റ് രണ്ടിനും ഒക്ടോബർ 29നും 2022 ജൂലായ് എട്ടിനും നൽകിയ ഇടക്കാല ഉത്തരവുകളിൽ സ്വീകരിച്ച നടപടികളും സർക്കാർ വിശദീകരിക്കണമെന്നും നിർദ്ദേശിച്ചു.
സർക്കാർ അറിയിക്കേണ്ടത്
തെരുവുനായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാനും അവയ്ക്ക് വാക്സിൻ നൽകാനുള്ള നടപടികൾ നിരീക്ഷിക്കുന്നതുമുൾപ്പെടെ ഇടക്കാല ഉത്തരവിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം
തദ്ദേശ സ്ഥാപന മേഖലകളിൽ വന്ധ്യംകരണ സൗകര്യങ്ങൾ സംസ്ഥാന മൃഗക്ഷേമ ബോർഡ് വിലയിരുത്തണം.
24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രിയിൽ അടിയന്തര സേവനം നൽകുന്ന വെറ്ററിനറി ക്ളിനിക്കുകളുടെ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയവ ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
തൃക്കാക്കരയിൽ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ കഴിയുന്ന മേഖലകൾ നഗരസഭ കണ്ടെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |