തിരുവനന്തപുരം: കാട്ടാക്കട കെഎസ്‌ആർടിസി ഡിപ്പോയിൽ കൺസഷനെ ചൊല്ലി തർക്കത്തിനിടെ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച ജീവനക്കാരെ കെഎസ്‌ആർടിസി സസ്‌പെൻഡ് ചെയ്‌തു. കെഎസ്‌ആർടിസി വിജിലൻസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
സ്‌റ്റേഷൻ മാസ്‌റ്റർ മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ സുരേഷ്, കണ്ടക്‌ടർ എൻ. അനിൽകുമാർ, അസിസ്‌റ്റന്റ് സിപി മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ പങ്കുളള കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ കേസെടുത്തതായും കർശന നടപടി കൈക്കൊളളുമെന്നും പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനൻ(53) ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ആശുപത്രിയിലെത്തി പ്രേമനന്റെ മൊഴി രേഖപ്പെടുത്തി.
ജീവനക്കാർ കൈയൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാലില്ലെന്നും മുഖംനോക്കാതെ നടപടിയെടുക്കാനും മുൻപ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. പതിനഞ്ച് മിനിട്ടോളമാണ് മകൾ രേഷ്‌മയുടെ മുന്നിൽ വച്ച് പ്രേമനനെ കെഎസ്‌ആർടിസി ജീവനക്കാർ മർദ്ദിച്ചത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മകളുടെ കൺസഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയതായിരുന്നു പ്രേമനും മകളും. മകളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൺസഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ മൂന്ന് മാസമായി താൻ ഇതിനായി നടക്കുകയാണെന്നും കൺസഷൻ നൽകണമെന്നും പ്രേമൻ ആവശ്യപ്പെട്ടു. പക്ഷെ കൺസഷൻ നൽകാൻ ജീവനക്കാർ തയാറായില്ല. തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |