മലപ്പുറം: പുറത്തൂരിൽ മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്‌നേക്ക് മാസ്റ്റർക്ക് കടിയേറ്റു. സ്‌നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മുസ്തഫയുടെ കെെവിരലിന് സമീപത്താണ് കടിയേറ്റത്. നാട്ടുകാർ പാമ്പിനെ പിടികൂടി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നു. ഈ കൂട്ടിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിനിടെയാണ് കടിയേറ്റത്. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കൂട്ടിലുള്ള പാമ്പിന്റെ വാലിൽ പിടിച്ച് പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിനിടെ മലമ്പാമ്പ് മുസ്തഫയ്ക്ക് നേരെ പലതവണ ചീറിയടുത്തു. ഇതിനിടെയാണ് കടിയേറ്റത്. കടിയേറ്റെങ്കിലും പാമ്പിനെ പിടികൂടിയശേഷമാണ് ചികിത്സ തേടിയത്. മലമ്പാമ്പ് ആയതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും മുസ്തഫയ്ക്കില്ല. പുറത്തൂർ സ്വദേശി ബാബുവിന്റെ വീട്ടിലായിരുന്നു മലമ്പാമ്പ് എത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് വിറകുപുരക്ക് സമീപം മലമ്പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ പിടികൂടി ചാക്കിലാക്കി കോഴിക്കൂട്ടിൽ അടച്ചു. എന്നാൽ ഈ ചാക്കിൽ നിന്ന് പാമ്പ് പുറത്തുവന്നു. പിന്നാലെ ഇന്നലെ രാവിലെ മുസ്തഫയും സംഘവും വീട്ടിലെത്തി കൂട്ടിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. മലമ്പാമ്പിനെ വനംവകുപ്പ് കെെമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |