ഡെറാഡൂൺ: ഇന്ത്യയിൽ ആദ്യമായി വലിയ തോതിൽ മയക്കുമരുന്ന് ചെടി കൃഷി ചെയ്യാനുള്ള അനുമതി നൽകുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. വ്യാവസായിക, ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന, കുറഞ്ഞ ലഹരി ശേഷിയുള്ള സാറ്റിവ എന്ന കഞ്ചാവ് (കന്നാബിസ് സാറ്റിവ) ചെടി കൃഷിചെയ്യാനുള്ള അനുമതിയാണ് സംസ്ഥാനം നൽകുന്നത്. സാറ്റിവ ഇനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഹെംപ് അഥവാ വ്യാവസായിക ഹെംപിന്റെ പ്രോട്ടൊടൈപ്പ് (മാതൃക) ആദ്യമായി നിർമിക്കുന്നതിലും സംസ്ഥാനം വിജയിച്ചിരിക്കുകയാണ്. മരിജ്വാനയോട് സാമ്യമുള്ള ഒരു ഉപജാതിയാണ് ഹെംപ്.
രാജ്യാന്തര നിയമങ്ങളും സംസ്ഥാന മാനദണ്ഡങ്ങളും അനുവദിക്കുന്ന പരിധിയായ 0.3 ശതമാനം ടെട്രാഹൈഡ്രോകന്നബിനോൾ അടങ്ങുന്ന ഹെംപ് ആറുമാസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് രൂപപ്പെടുത്തിയെടുത്തതെന്ന് ഉത്തരാഖണ്ഡ് ബാഗേശ്വർ ജില്ലാ മജിസ്ട്രേറ്റ് റീന ജോഷി പറഞ്ഞു. അര ഏക്കറിൽ കഞ്ചാവ് കൃഷി ചെയ്യാൻ നാല് കർഷകർക്കാണ് സർക്കാർ അനുമതി നൽകിയത്. ബാഗേശ്വർ ജില്ലാ ഭരണകൂടം ഇതിന് ആവശ്യമായ ധനസഹായം നൽകി. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കൃഷിചെയ്യലിൽ വളർന്നുവന്ന ചെടികളിൽ 0.3 ശതമാനം ടെട്രാഹൈഡ്രോകന്നബിനോൾ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അനുമതി നൽകിയതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദമായ നിർമാണ സാമഗ്രഹിയായി ഉപയോഗിക്കാവുന്നവയാണ് ഹെംപ്. ഇതുപയോഗിച്ച് നിർമിക്കുന്ന ഹെംപ്‌ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നവയാണ്. കൂടാതെ, വസ്ത്രങ്ങൾ, ബാഗുകൾ എന്നിവ നിർമ്മിക്കാൻ ഹെംപ് ഫൈബർ ഉപയോഗിക്കാം.
ഉറക്കമില്ലായ്മ, എക്സിമ, തലവേദന, ന്യൂറോളജിക്കൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിലും ഹെംപ് ഉപയോഗിക്കാറുണ്ട്. ഇതിൽ നിന്നുള്ള മരുന്നുകൾക്ക് പാശ്ചാത്യ രാജ്യങ്ങളിൽ ആവശ്യക്കാരേറെയുണ്ടെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |